കൊച്ചി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി രാജേഷിനെ(36)യാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലി വിഐപി റോഡിന് സമീപത്താണ് സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. അമ്മ ജോലിക്കായി പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയും അമ്മയും അനുജനും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.



