കാലം മാറിക്കൊണ്ടിരിക്കും . കഥകളും മാറിക്കൊണ്ടിരിക്കും. പത്ത്കൊല്ലത്തെ ഇടതുഭരണിതിന്ശേഷം വലത് പക്ഷം ഭരണത്തിലേറിയിരിക്കയാണ്. ഭരണം കയ്യിലേൽപ്പിച്ചത് ജനങ്ങളും.
എന്തുകൊണ്ടാണ് ഇത്രയേറെ ഭൂരിപക്ഷത്തോടെ ജനം ഭരണം കയ്യിൽകൊടുത്തതെന്ന് ഭരിക്കുന്നവർക്ക് ഓർമ്മയുണ്ടായാൽ മതി. അധികാരത്തിൻ്റെ അഹന്തയിൽ കാട്ടിക്കൂട്ടിയ ചെയ്തികൾ സഹിക്കാഞ്ഞിട്ട് തന്നെയാണ് ജനങ്ങൾ ഒരുമാറ്റം ആഗ്രഹിച്ചത്. ജീവിതത്തിൻ്റെ സമസ്തമേഖലകളും തകർന്നുകടക്കുന്ന ഒരവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.
ലഹരിയിൽ മുങ്ങി നീരാടി നിൽക്കുന്ന നമ്മുടെ കൊച്ചുകേരളത്തെ പൊക്കിയെടുക്കാൻ ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടിവരും. കുടുംബം എന്ന പുണ്യം ഓർമ്മയിൽ മാത്രം ബാക്കി. ലഹരി മൂത്ത് പരസ്പരം തിരിച്ചറിയാതെ കടിച്ചുകീറുന്ന അവസ്ഥ നമ്മുടെ കുടുംബബന്ധങ്ങളെ പാടെ തകർത്തുകളഞ്ഞു.
സ്വന്തമായി കിടപ്പാടമില്ലാത്തവരുടെ കണക്കെടുത്താൽ ഇന്നേവരെ മാറിമാറി ഭരണം കയ്യിലെടുത്തവർ നാണം കെട്ടുപോവും. ഭരിക്കുന്നവർക്ക് നാണമില്ലെന്ന് വേണം വിശ്വസിക്കാൻ. ഒരു വാർഡ് കൗൺസിലർ മതി ഇതൊക്കെ കണക്കിലെടുക്കാൻ. അവർ മേൽകമ്മിറ്റികളിലേക്ക് കൊടുത്തോളും. ആറുവരിപ്പാതയും പന്ത്രണ്ടുവരിപ്പാതയും കെ റെയിലും ഭൂഗർഭപ്പാതയും ഒക്കെ ആർക്കുവേണ്ടി? അത്യാധുനികതയുടെ മധുരം നുണയുന്ന സമ്പന്നർക്ക് വേണ്ടിയല്ലേ?
ഇതേ സമയം ടാർപ്പാളിൻ വലിച്ചുകെട്ടി അതിനുള്ളിൽ ജീവിക്കുന്ന പാവപ്പെട്ടവരുടെ കണക്ക് സർക്കാരിനറിയാമോ? എന്നാണ് ഈ പാവങ്ങൾക്ക് കിടപ്പാടം ഉണ്ടാവുക? ഏത് സർക്കാർ ഇവർക്ക് തുണയാകും
ബ്ലേയ്ഡ് പലിശക്കാരുടെയും തത്തുല്യമായ ബാങ്കുകളുടെയും ലോൺ ആപ്പുകളുടെയും കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്ത കുടുംബങ്ങളുടെ കണക്ക് സർക്കാരിൻ്റെ കണ്ണിൽ ഒന്നുമല്ല. പഠിച്ച് ജോലിയില്ലാതെ ഇരിക്കുന്ന ചെറുപ്പക്കാർ ഭ്രാന്തെടുത്ത് നടക്കുന്നു. ഇവരാണ് ഏറെയും മറ്റു ദുർവൃത്തികളിലേക്ക് വഴിമാറി പോവുന്നത്. ഇവരെ നമ്മൾ ചേർത്ത് പിടിച്ചേ പറ്റൂ.
ഒരു വീട്ടിൽ ഒരാൾ സർക്കാർ ജോലി ഉള്ളവനായിരിക്കണം. വീട്ടിലെ എല്ലാ അംഗങ്ങൾക്കും സർക്കാർ ജോലിയുള്ളതായും നമുക്കറിയാമല്ലോ. വിദ്യാഭ്യാസമില്ലാത്തവനാണെങ്കിൽ ഒരു പ്യൂണിൻ്റെ ജോലിയെങ്കിലും ആ കുടുംബത്തേക്ക് കൊടുക്കാൻ സർക്കാർ തയാറാവണം.
സ്ഥാനമാനങ്ങളും സർക്കാർ പദവികളും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. വോട്ട് കൊടുക്കാൻ മാത്രം പൊതുജനം. അവരുടെ വോട്ട് നേടി ഭരണം നേടിയിട്ടുണ്ടെങ്കിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും സർക്കാരിനുണ്ട്. ഓർത്ത്കൊണ്ട് നല്ല ഭരണം ജനങ്ങൾക്ക് കാഴ്ച വെക്കുക. ഇത് ജനനന്മക്കാണ്, സർക്കാരിന്റെ നന്മക്കാണ്.



