പശ്ചിമേഷ്യയിൽ നിന്നും ഉയർന്നുവരുന്ന ശുഭസൂചനകളിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഓഹരിവിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ ഉടൻ യാഥാർഥ്യമാകുമെന്ന വാർത്തകൾക്കിടയിൽ സെൻസെക്‌സ് 941 പോയിന്റ് ഉയർന്ന് 77,958.52 പോയിന്റിലും നിഫ്റ്റി 298 പോയിന്റ് നേട്ടത്തോടെ 24,330.95 പോയിന്റിലും ക്ലോസ്ചെയ്തു.
വിപണിയിലെ വൻമരങ്ങളായ ഭാരതി എയർടെലും, മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ആണ് നേട്ടത്തിലേക്ക് വിപണിയെ നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.നിഫ്റ്റി മിഡ്ക്യാപ് സൂചിക ആയിരത്തിലേറെ പോയിന്റുകളും നിഫ്റ്റി ബാങ്ക് സൂചിക ആയിരത്തി അഞ്ഞൂറോളം പോയിന്റുകളും ഉയർന്നാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
വ്യക്തിഗത ഓഹരികളിൽ, ശക്തമായ നാലാം പാദ ഫലങ്ങൾക്ക് പിന്നാലെ കോഫോർജ് ഓഹരികൾ പത്ത് ശതമാനത്തോളം ഉയർന്നു. വോക്കാർഡ് ലിമിറ്റഡ്, ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷൻസ് ലിമിറ്റഡ്, അരവിന്ദ് ഫാഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളും പത്തു ശതമാനത്തിലേറെ നേട്ടം ഇന്ന് ഉണ്ടാക്കി. അതേസമയം ലാർസൻ & ട്യൂബ്രോ കമ്പനിയുടെ ഓഹരികൾ, ക്വാർട്ടർ ഫലങ്ങൾ പ്രതീക്ഷയ്ക്ക് താഴെയായതിനെ തുടർന്ന് 1%ത്തിലധികം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 102 ഡോളറിന് താഴെയായതോടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേട്ടം കൈവരിച്ചു, എന്നാൽ അപ്സ്ട്രീം കമ്പനികൾക്ക് നഷ്ടമുണ്ടായി.



