ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്.
ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.
അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്.
ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്. ജനങ്ങൾക്കും വാഹന യാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാത്തത്.
എന്നിരുന്നാലും പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നില്ല, ഈ സാഹചര്യത്തിലാണ് എം എൽ എ യോഗം വിളിച്ചിരിക്കുന്നത്.
ആനകൾ അള്ളുങ്കൽ വനമേഖലയിൽ നിന്നും മറുകരയിലേക്ക് ഇറങ്ങി വരുന്ന സാഹചര്യം ഒഴിവാക്കി മനുഷ്യനും കൃഷിക്കും സംരക്ഷണമൊരുക്കുന്നതിനെ പറ്റി യോഗത്തിൽ നടപടിയുണ്ടാകും.