പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. സതീശന് ലഭിക്കുന്ന പിന്തുണ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി. ജന വികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും എക്സിറ്റ് പോൾ ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫ് വിജയമാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു – സാദിഖലി തങ്ങൾ പറഞ്ഞു.
മുൻ കാലങ്ങളിൽ മുസ്ലിം ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുസ്ലിം ലീഗ് നേതൃയോഗത്തിൽ വി ഡി സതീശനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണമെന്നും കെട്ടിയിറക്കുന്ന രീതി ശെരിയല്ലെന്നുമാണ് മുസ്ലീം ലീഗ് നേതൃയോഗത്തിലെ തീരുമാനം. യുഡിഎഫ് വിജയിച്ചാൽ അത് തിരഞ്ഞെടുപ്പ് നയിച്ചവരുടെ വിജയമാണ്. ജനങ്ങളെ വിശ്വാസമുള്ളതിനാലാണ് സതീശൻ വനവാസം പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ സോഷ്യൽമീഡിയയിൽ അടക്കം മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരുന്നു. നിരവധി നേതാക്കളും ഇതുസംബന്ധിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പിന്നാലെ സതീശനെ പിന്തുണച്ചും എതിർത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അഭ്യർത്ഥിച്ചിരുന്നു.



