Thursday, April 24, 2025
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (73) 'ശിവ എന്ന ശബ്ദത്തിൻ്റെ ധ്വനിയും അർത്ഥവും' ✍ പി. എം.എൻ....

അറിവിൻ്റെ മുത്തുകൾ – (73) ‘ശിവ എന്ന ശബ്ദത്തിൻ്റെ ധ്വനിയും അർത്ഥവും’ ✍ പി. എം.എൻ. നമ്പൂതിരി

പി. എം.എൻ. നമ്പൂതിരി

ശിവ എന്ന ശബ്ദത്തിൻ്റെ ധ്വനിയും അർത്ഥവും

‘അതെന്തോ അതില്ലാത്തത്’ അതാണ് ശിവ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം. അതിനെ യുക്തിപരമായി പ്രതിപാദിക്കണമെങ്കില്‍, എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇല്ലായ്മയിലാണ് എന്നാക്കണം. ഇവിടെ ഉള്ളതെല്ലാം ഉയര്‍ന്നു വന്നത് ഒന്നുമില്ലായ്മയില്‍ നിന്നാണ്. വീണ്ടും എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകും. ജീവിതത്തിന്റെ സത്യം ഇതാണ്. ആ ശൂന്യതയാണ് ശിവന്‍, നാം ശൂന്യതയെന്നു വിളിക്കുന്നതും ശിവനെയാണ്. അതിനെ ഏതുനാമത്തിലോ രൂപത്തിലോ പരാമര്‍ശിക്കാം. അവബോധമുള്ളവര്‍ക്ക് അതിനെ പ്രത്യേകിച്ചു രൂപമില്ലാത്ത ചൈതന്യമായി കാണാം. അതായത്, സര്‍വ്വവും ഉള്‍ക്കൊണ്ടുള്ള ശൂന്യതയാണ് ശിവന്‍. ഈ ചൈതന്യം നിങ്ങളെ ഏറ്റവും പരമമായ സത്തയില്‍ എത്തിക്കുന്നതിനുള്ളതാണ്. ഇത് കൊച്ചുകൊച്ചാവശ്യങ്ങള്‍ നേടാനോ ആഗ്രഹങ്ങള്‍ സാധൂകരിക്കാനോ ഉള്ളതല്ല. അവബോധത്തിന്റെ ഔന്നത്യത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിമാത്രമുള്ളതാണ്.

അര്‍ത്ഥത്തിനുപരി ശബ്ദത്തിന്റെ ശക്തി, ധ്വനി, അത് ഒരു സുപ്രധാനമായ വിഷയമാണ്. ‘ശി’ എന്ന ധ്വനി നിരാകാരം, രൂപരഹിതം, ഇല്ലാത്തത് എന്ന അനുഭൂതി നല്‍കുന്നു. ശബ്ദത്തിനു ശക്തിയേകാന്‍ ‘വ’ ചേര്‍ത്തിരിക്കുന്നു. ‘ശി’ എന്ന ശബ്ദം ശരിയായ രീതിയില്‍ ഉച്ചരിക്കുകയാണെങ്കില്‍, ഉച്ചരിക്കുന്നയാളിന്റെ ഉള്ളില്‍ ഒരു വിസ്‌ഫോടനം തന്നെയുണ്ടാവാന്‍ അതു മതി. ഈ വിസ്‌ഫോടനത്തിന്റെ വീര്യം കുറയ്ക്കുവാനാണ് ‘വ’ ചേര്‍ക്കുന്നത്. ‘ശി’ ശബ്ദത്തിന്റെ ശക്തി അസ്തിത്വത്തിന്റെ പ്രതീകമാണ്.

ശിവന്‍ എന്നു നാം വിളിക്കുന്ന ആ ശൂന്യതയ്ക്ക്, ആ ഊര്‍ജ്ജത്തിന്, നാം ഒരു രൂപം നല്‍കിയിട്ടുണ്ട്. ആ രൂപവും, അദ്ദേഹത്തെക്കുറിച്ച് ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്തവിധമാണ് നമ്മുടെ പാരമ്പര്യത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തെ നല്ലവനായിട്ടല്ല സാക്ഷീകരിച്ചിരിക്കുന്നത്. ഒട്ടും ഇഷ്ടപ്പെടാത്തവിധം കഴുത്തില്‍ ഒരു പാമ്പിനെ ചുറ്റിയിട്ടുണ്ട്. ഏറ്റവും അപരിഷ്‌കൃത രീതിയില്‍, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍, തലയോട്ടികൊണ്ടുള്ള ഒരു ഹാരം അണിഞ്ഞിരിക്കുന്നു. അതേസമയം അദ്ദേഹത്തില്‍ നിന്നും അകലാന്‍ മനസ്സുവരാത്തവിധം ശക്തമായ ഒരു തേജസ്സ് അദ്ദേഹത്തിനുണ്ട്. നമ്മെ നിസ്സഹായരാക്കുന്ന വിധത്തില്‍ ഒരു ആകര്‍ഷണവും ശക്തമായ വികര്‍ഷണവും അദ്ദേഹത്തിനുണ്ട്.

യോഗസംസ്‌കാരത്തില്‍ ശിവന്‍ ഒരു ദൈവമായിട്ടല്ല അറിയപ്പെടുന്നത്. ആദ്യത്തെ ഗുരു അഥവാ ആദിഗുരുവാണ് അദ്ദേഹം, അതുപോലെ തന്നെ ആദ്യത്തെ യോഗി അഥവാ ആദിയോഗിയും

സാക്ഷാത്കാരം സിദ്ധിച്ച അദ്ദേഹം ഹര്‍ഷോന്മത്തനായി പര്‍വ്വതത്തിലുടനീളം നൃത്തം ചെയ്തു നടക്കുകയോ നിശ്ചലനായി തനിയേ ഒരിടത്തിരിക്കുകയോ ചെയ്തു.

അദ്ദേഹം എപ്പോഴും നിശ്ചലനായിരിക്കുകയോ, അല്ലെങ്കില്‍ അനുസ്യൂതം ഭ്രാന്തമായി നൃത്തം വയ്ക്കുകയോ ചെയ്യുമായിരുന്നു.

അദ്ദേഹത്തെ ദര്‍ശിച്ച ദേവന്മാരെല്ലാം അദ്ദേഹത്തിന് എന്തോ സംഭവിക്കുന്നതായി മനസ്സിലാക്കി.. പക്ഷേ അത് എന്തെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. പെട്ടെന്ന് സ്വര്‍ഗ്ഗം വളരെ മോശപ്പെട്ട സ്ഥലമായി അവര്‍ക്കു തോന്നി, കാരണം ഇയാള്‍ അത്ര സന്തോഷവാനായിരുന്നു! എന്തോ ഒന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി. ഒടുവില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെ അദ്ദേഹത്തിന്റെ മുന്നിലിരുന്നവര്‍ക്ക് അവരുടെ പാകതയ്ക്കനുസരിച്ച് വിവിധതരം യോഗാമാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വെളിവാക്കി.

ആദ്യമായി ശിവന്‍ ഉപദേശം കൊടുത്തത് പത്‌നി പാര്‍വ്വതിക്കായിരുന്നു. ഒരു പ്രത്യേക ആത്മൈക്യത്തോടെയാണ് അത് ഉപദേശിക്കപ്പെട്ടത്. വളരെ വിശദമായും സൗമ്യമായും ശിവന്‍ യോഗാമാര്‍ഗ്ഗങ്ങള്‍ ദേവിക്കു വെളിപ്പെടുത്തി. എന്താണോ നല്‍കപ്പെട്ടത് അതു സ്വീകരിക്കാന്‍ യാതൊരു എതിര്‍പ്പുമില്ലാതെ ദേവി പൂര്‍ണ്ണമായും സന്നദ്ധയായിരുന്നു. രണ്ടാമത് ഉപദേശങ്ങള്‍ നല്‍കിയത് സപ്തഋഷിമാര്‍ക്കായിരുന്നു. സൃഷ്ടിയുടെ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ചായിരുന്നു അത്, ‘നിങ്ങള്‍ എന്ന ഈ സൃഷ്ടി ഖണ്ഡത്തെ, അതിന്റെ പരമമായ സാധ്യതയിലേക്ക് എങ്ങനെ നയിക്കാം’ എന്നതിനെക്കുറിച്ചായിരുന്നു.. സപ്തഋഷിമാരില്‍ അഗസ്ത്യമുനിയാണ് യോഗ ദക്ഷിണഭാരതത്തിനു സമര്‍പ്പിച്ചത്.

ഇതൊരു നിഗൂഢവിദ്യയായിട്ടല്ല, എങ്ങിനെ നില്‍ക്കണം, നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം എന്ന രീതിയിലുള്ള ഒരു ദിനചര്യയായിട്ടാണ് ഈ സാധന മനുഷ്യരാശിക്കു കൈമാറിയിരിക്കുന്നത്.

✍ പി. എം.എൻ. നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ