Thursday, March 20, 2025
Homeനാട്ടുവാർത്തപ്രമാടം:വിദ്യാര്‍ഥി സൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം

പ്രമാടം:വിദ്യാര്‍ഥി സൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം

പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചു കഴിഞ്ഞു.

പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എ കെ ബാലന്‍ മാഷിന്റെ പരിശീലനമാണ് സംഗീതത്തില്‍. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകള്‍.

കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമര്‍ചിത്രം വരച്ചുനല്‍കിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകള്‍ ചിത്രരചന അഭ്യസിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ് എന്നിവയിലാണ് പരിശീലനം. ജി എല്‍ പി എസ് ളാക്കൂറില്‍ കുട്ടികളാണ് ചുമര്‍ചിത്രം ഒരുക്കിയത്. മാസത്തില്‍ അഞ്ച് ക്ലാസുകള്‍വീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്. പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂര്‍ എന്നിവിടങ്ങളിലെ സ്‌കുളുകളിലാണ് പഠനവേദികള്‍.

കുട്ടിയുടെ താല്പര്യങ്ങള്‍, ജന്മവാസനകള്‍, സ്വഭാവം എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് ഓരോ മേഖലയിലേക്കുമുള്ള തിരഞ്ഞെടുപ്പ്. കലയും സര്‍ഗാത്മകതയും സമൃദ്ധമായ പഠനഅവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്.

സമഗ്ര വ്യക്തിത്വവളര്‍ച്ച പരിപോഷിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു. എല്ലാ തലങ്ങളിലുമുള്ള സിലബസില്‍ കലയും കരകൗശലവും ഉള്‍പ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.ഏകാഗ്രതയോടയുള്ള പഠനം പൂര്‍ണമാക്കുന്നതിനായി മുടങ്ങാതെ പ്രഭാതഭക്ഷണം നല്‍കിവരുന്നു. അഞ്ചു പ്രൈമറിസ്‌കൂളുകളിലുമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ വ്യത്യസ്ത വിഭവങ്ങള്‍ ഉറപ്പാക്കുന്ന മെനുവാണുള്ളത്. പഞ്ചായത്ത് തന്നെയാണ് ഇക്കാര്യത്തിലും കണിശത പുലര്‍ത്തുന്നത്.

ശാസ്ത്രപഠനത്തിനായി ലാബിലേക്കാവശ്യമായ ഉപകരണങ്ങളും എല്ലാ സ്‌കൂളുകള്‍ക്കുമായി ഗ്രാമപഞ്ചായത്ത് നല്‍കി. കായിക പരിശീലനത്തിനായുള്ളവ നല്‍കുന്നതിനുള്ള പദ്ധതിപ്രവര്‍ത്തനം അവസാന ഘട്ടത്തിലുമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments