പാലക്കാട്:- വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിയിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോധം നഷ്ടപ്പെടാനും സാധ്യതയുണ്ട്.