Wednesday, May 22, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 14 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 14 | ചൊവ്വ

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

 

എല്ലാവരിലും ഒരു ഗുരു ഉണ്ട്
————————————————-

ഒരിക്കൽ ഒരു ചെരുപ്പു കുത്തിയെ ചൂണ്ടിക്കാട്ടി ബുദ്ധൻ തൻ്റെ ശിഷ്യരോടു പറഞ്ഞു: “ഇയാളാണ് ശരിക്കുമൊരു ഗുരുവായി തീരേണ്ടിയിരുന്നത്!” ശിഷ്യരദ്ദേഹത്തോടു ചോദിച്ചു: “ഒരു ചെരിപ്പുകുത്തിക്ക് എങ്ങനെയാ ണ് ഒരു ഗുരുവാകാൻ കഴിയുക?” ബുദ്ധൻ പറഞ്ഞു: “രാജാവിൻ്റെ ഘോഷയാത്ര സമീപത്തു കൂടി കടന്നു പോകുമ്പോഴും, ചെരിപ്പിൻ്റെ വള്ളി തുന്നുന്നതിൽ മാത്രമാണ് അയാളുടെ ശ്രദ്ധേ. തൻ്റെ ജോലിയിൽ ഇത്രയധികം ഏകാഗ്രതയും തീഷ്ണതയുമുളള ആൾ ഗുരുവായില്ലെങ്കിൽപ്പിന്നെ, ആരാണു ഗുരുവാകേണ്ടത്?”

ഒരാൾ എന്താണോ ആയിരിക്കുന്നത്, അതു തന്നെ ആയിരിക്കുവാൻ കഴിയുക എന്നതാകും, ഏറ്റവും വലിയ കർമ്മസുകൃതം. അവരവർ ആയിരിക്കുന്ന അവസ്ഥയേയും, പ്രവർത്തിക്കുന്ന രീതികളെയും, ചോദ്യം ചെയ്യാനും പ്രലോഭിപ്പിക്കാനും ഒരുമ്പെട്ടിറങ്ങുന്ന ആളുകളും സാഹചര്യങ്ങളും എവിടെയും ഉണ്ടാകും. തനതവസ്ഥകളെ നിഷേധിച്ച് താരതമ്യേന മെച്ചമെന്നു തോന്നുന്നതിൻ്റെ പിന്നാലെ പോകുന്നവരാരും ലക്ഷ്യം നേടുകയില്ല. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാനും, അതിൻ്റെ പരിപൂർണതയിൽ എത്താനും പരിശ്രമിക്കുന്ന ആരും പരാജിതരോ, അസംതൃപ്തരോ ആകുകയുമില്ല. ഒറ്റപ്പെടുമ്പോഴും, വിസ്മരിക്കപ്പെടുമ്പോഴും, അവർ തങ്ങളുടെ പ്രവൃത്തികളിൽ വ്യാപൃതരായിരിക്കും. ആൾക്കുട്ടത്തെ ചുറ്റും നിർത്താനോ, ആൾക്കൂട്ടത്തിൻ്റെ പിന്നാലെ പോകാനോ, അവർക്കു താൽപര്യം ഉണ്ടാകുകയില്ല.

ഏകാന്തത എപ്പോഴും എകാഗ്രത സൃഷ്ടിക്കണമെന്നില്ല; കോലാഹലം ഏകാഗ്രതയ്ക്കു തടസം ആകണമെന്നുമില്ല. എകാഗ്രത സംഭവിക്കേണ്ടത് പുറത്തു നിന്നല്ല; അകത്തു നിന്നാണ്. അപസ്വരങ്ങൾക്കിടയിലും, ആത്മനിയന്ത്രണം നഷ്ടപ്പെടാതെ, മനസ്സിനെ എത്തേണ്ടിടത്തു തന്നെ എത്തിക്കാൻ കഴിയുന്നവർ ഗുരക്കന്മാരായാലേ, ഉദ്ദേശ്യശുദ്ധിയുള്ള തലമുറ രൂപപ്പെടുകയുള്ളൂ. ഗുരുവാകാൻ വേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗവുമില്ല. ഗുരുവാകാനുള്ള സാദ്ധ്യത എല്ലാവരിലുമുണ്ട്

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments