കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഗിരീഷ് താമസിക്കുന്ന കുണ്ടായിത്തോടുള്ള വീട്ടിലെത്തി മകന്‍ മര്‍ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മര്‍ദനമേറ്റ് കട്ടിലില്‍ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗിരീഷ് ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. താന്‍ ലഹരി ഉപയോഗിക്കുന്നുവെന്നും പ്രചരിപ്പിച്ചതായും തന്റെ വിവാഹം മുടക്കാൻ അച്ഛന്‍ അപവാദ പ്രചാരണം നടത്തിയതായും സനല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഗിരീഷിന്റെ മരണം നടന്നത്.
സനലും അമ്മ പ്രസീതയും ബേപ്പൂരിൽ വാടക വീട്ടിലാണു താമസം. ഗിരീഷും രണ്ടു സഹോദരിമാരും ഇവരുടെ മക്കളുമാണു കുണ്ടായിത്തോട്ടിൽ കഴിയുന്നത്. സനലും പ്രസീതയും ബേപ്പൂരിലേക്കു താമസം മാറിയിട്ട് 2 വർഷത്തോളമായി. കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഗിരീഷിന്റെ മകൾ സോനയെ എടവണ്ണപ്പാറയിലേക്കാണു വിവാഹം കഴിച്ചയച്ചത്. സോനയുടെ ഭർത്താവിനെ 2 മാസത്തോളമായി കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.