Saturday, December 7, 2024
Homeഅമേരിക്കഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ....... ✍അഫ്സൽ ബഷീർ തൃക്കോമല

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ……. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ഐക്യ രാഷ്ട്ര സഭ 1987 ജൂണ്‍ 26 മുതൽ എല്ലാ വർഷവും ഇതേ ദിവസം ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു . “ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ഇടപെടുക , ആരോഗ്യമുള്ള മനുഷ്യ രാശിയുടെ നിലനിൽപ്പ് ഉറപ്പു വരുത്തുക” തുടങ്ങിയ കാര്യങ്ങളാണ് ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഉദ്ദേശ ലക്ഷ്യം. ലഹരിയുടെ ഉപയോഗം വലിയ ശതമാനം അബാലവൃദ്ധം ജനങ്ങളിലും വിവിധ തരത്തിൽ പടർന്നു പിടിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .

ലോക വ്യാപകമായി ലഹരിവിരുദ്ധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം ആനുപാതികമായി വളരുവെന്നത് ആശങ്കയുണർത്തുന്നു .

ഭൂമിയിലെ ഹ്രസ്വമായ ജീവിതം സ്വയം നശിപ്പിക്കുവാനും മാനസിക ശാരീരിക സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തി വിഷാദങ്ങൾക്കു അടിമപ്പെട്ടു അക്രമ വാസനയിലേക്കോ , ആത്മഹത്യയിലേക്കോ ,സാംക്രമിക രോഗങ്ങളിലേക്കോ ,എത്തിക്കുവാൻ മാത്രമേ ലഹരികൊണ്ടു സാധിക്കു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രാചീന കാലം മുതൽ ഔഷധങ്ങള്‍ക്കോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ,വേരുകൾ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.6000 – 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും ഉൾപ്പടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്.
ലഹരി വസ്തുകളിൽ ചിലതെങ്കിലും ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട് .
ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളെ” ഡ്രഗ്സ് “എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആയി മാറുന്നു . മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം വളരെ വലുതാണ് .

പുകയില, നിക്കോട്ടിന്‍ ഉപയോഗിച്ചുള്ള പുകവലി ഉൽപ്പന്നങ്ങൾ ,പാൻ മസാലകൾ, അൽകഹോൾ തുടങ്ങിയവ നിയമത്തിന്റെ സംരക്ഷണയിൽ തന്നെ ജനങ്ങൾ ഉപയോഗിക്കുന്നു കൂടാതെ മയക്കു മരുന്നുകളും സുലഭമാണ് .ഒന്നും ലഭിക്കാതെ വന്നാൽ അൽകഹോൾ അടങ്ങിയ സാനിറ്റിസറുകൾ ,ശൗചാലയങ്ങൾ വൃത്തിയാക്കാനുപയോഗിക്കുന്ന കീട നാശിനികൾ ,അരിഷ്ടങ്ങൾ ,ഒക്കെ മദ്യത്തിന് പകരമായി ഉപയോഗിച്ച കാഴ്ച വർത്തമാന കാലത്തു നാം കണ്ടു കഴിഞ്ഞു .

കൃത്യമായ ഉപദേശങ്ങളും നിർദേശങ്ങളും ചെറുപ്പകാലം മുതൽ സ്വന്തം മക്കൾക്ക് നൽകുകയും ,മത പഠന ക്ലാസ്സുകളിലും വിദ്യാലയങ്ങളിലും ലഹരിക്കെതിരെ ഗൗരവമായ പഠനവും സർക്കാർതലത്തിൽ ലഹരിവിരുദ്ധ സമീപനങ്ങൾക്കു ആക്കം കൂട്ടുകയും ചെയ്‌താൽ ഒരു പരിധി വരെയെങ്കിലും തടയാൻ കഴിയും .നിർഭാഗ്യവശാൽ ലോകത്തിലെ പല രാജ്യങ്ങളുടെയും വരുമാന സ്രോദസ്സുകളിൽ മുഖ്യ പങ്ക് മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ നികുതിയാണെന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു .ആഗോള തലത്തിൽ ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ആവശ്യമാണ് …

ഏവർക്കും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാശംസകൾ ….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments