തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ ഉയർന്ന് 72,640 രൂപയായി. ഇന്നത്തെ വില പ്രകാരം 24 കാരറ്റ് സ്വർണം വാങ്ങുന്നതിന് 90,800 രൂപയാകും. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9906 രൂപയും പവന് 79,248 രൂപയും വേണ്ടി വരും. 18 കാരറ്റിന് ഒരു ഗ്രാമിന് 7430 രൂപയും പവന് 59,440 രൂപയുമാണ് വില.
ഇന്ന് രാജ്യാന്തര സ്വർണവിലയിൽ നേരിയ ഇടിവുണ്ട്. അതിനാൽ നിലവിലെ സ്പോട്ട് സ്വർണ വില ഔൺസിന് 3,361.91 ഡോളറിലേക്ക് വീണു. രാവിലെ രാജ്യാന്തര വില ഇടിഞ്ഞതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടു. ഇതും സ്വർണ വില കുതിക്കാനുള്ള കാരണമായി.
കഴിഞ്ഞ മാസം 71,000 നും 72,000നും ഇടയിൽ സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയായിരുന്നു വിപണിയിൽ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമായിരുന്നു ചാഞ്ചാടിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1120 രൂപ വര്‍ധിച്ച് 72000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമോ എന്ന സംശയമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.



