Saturday, September 21, 2024
Homeകേരളംകേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിന് അവസാനമാകുന്നു

കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിന് അവസാനമാകുന്നു

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിന് അവസാനമാകുന്നു. താനും ഭാര്യയുമായുള്ള പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തുവെന്നും രാഹുൽ പി. ഗോപാലൻ ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയായ ഭാര്യയുടെ സത്യവാങ്മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നുമാണ് രാ​ഹുലിന്റെ ആവശ്യം. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് വിഷയത്തെ ​ഗൗരവമായി കണ്ടില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി മൊഴി മാറ്റിയത്. രാഹുൽ മർദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്.

ഭാര്യയുടെ സത്യവാങ്മൂലം അനുവദിച്ച് തനിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകളാണെന്നും ഇതെല്ലാം മാറിയെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലവും ഹൈക്കോടതിയിൽ ഹാജരാക്കി.

പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുൽ മർദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പരാതിക്കാരിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഡൽഹിയിലായിരുന്ന യുവതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്നാണ് അന്ന് യുവതി മജിസ്‌ട്രേറ്റിനെ അറിയിച്ചത്. തുടർന്ന് കേസ് അവസാനിപ്പിച്ച് പൊലീസ് യുവതിയെ തിരികെ വിമാനത്താവളത്തിൽ കൊണ്ടു വിടുകയും ചെയ്‌തു.

➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments