കൽപ്പറ്റ: എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി എം എ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോബിൻ കുര്യാക്കോസ്, മുട്ടിൽ സ്വദേശി മുഹമ്മദ് അസനുൽ ഷാദുലി, കണിയാമ്പറ്റ സ്വദേശി അബ്ദുൽ മുഹമ്മദ്, ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് സംഭവം. സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്.
അതേസമയം, കോഴിക്കോട് പൊലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിൽ ആയത്. ഇയാളെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.