കോഴിക്കോട്: ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന സംഘത്തിന്റെ ശരീരത്തിലേക്ക് കാർ പാഞ്ഞുകയറി. ഏഴുപേർക്ക് പരിക്ക്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ ഒരാളുടെ കാൽ ഒടിഞ്ഞ് തൂങ്ങി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ നിർത്താതെ രക്ഷപ്പെട്ട യുവാക്കളെ മറ്റൊരു സംഘം കാറിൽ പിന്തുടർന്ന് പിടികൂടി.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിക്ക് കല്ലായി പാലത്തിന്റെ വടക്കുവശത്ത് റോഡിന്റെ കിഴക്കുഭാഗത്തെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന തമിഴ്നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവരുടെ മേലേക്കാണ് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്.
ഇതിൽ രാമയ്യയ്ക്കാണ് അതീവഗുരുതരമായ പരിക്കുള്ളത്. ഇവരുടെ രണ്ട് കാലിന്റേയും മുട്ടിനു താഴേക്കുള്ള എല്ലുകൾ തകർന്നിട്ടുണ്ട്. അതിനു പുറമെ, ഇവരുടെ തുടയെല്ലും വാരിയെല്ലും താടിയെല്ലും ഒടിഞ്ഞിട്ടുണ്ട്.



