Monday, May 4, 2026
Homeകേരളംസ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവത്തിൽ നടപടിയുണ്ടാകും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവത്തിൽ നടപടിയുണ്ടാകും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവത്തിൽ സ്കൂളിലെ പ്രഥമ അധ്യാപകന്റെ വിശദീകരണം ലഭിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത സന്നദ്ധ സംഘടനയാണ് പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചതെന്നും അബദ്ധം പറ്റിയെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണമെന്ന് മന്ത്രി അറിയിച്ചു.

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. അത്തരക്കാരെ സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ പാടില്ല. ഇപ്പോഴത്തെ സംഭവത്തിൽ സ്കൂൾ അധികൃതർ വീഴ്ച പറ്റിയിട്ടുണ്ട്.

സന്നദ്ധ സംഘടന സഹായം നൽകുന്നുവെന്ന് പറഞ്ഞ് ആരെയും കയറ്റി പങ്കെടുപ്പിക്കാൻ പറ്റില്ല. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഇങ്ങനൊരു വ്യക്തിയെ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പോക്സോ കേസിൽ പ്രതിയായ വ്ലോഗർ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവമാണ് വിവാദമായത്. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായർ പങ്കെടുത്തത്.

തിങ്കളാഴ്ച രാവിലെ തന്നെ തൻ്റെ ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ നോട്ടീസ് മുകേഷ് എം നായർ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടിയിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകി.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചുവെന്നും ഉള്ള പരാതിയിലാണ് പോലീസ് നടപടി. കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പെൺകുട്ടിയുടെയും മാതാവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചതിന് മുകേഷിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനായിരുന്നു എക്സൈസിൻ്റെ നടപടി.

ബാറുകൾക്ക് പരസ്യം പാടില്ലെന്ന അബ്കാരം ചട്ടം ലഭിച്ചായിരുന്നു മുകേഷ് വീഡിയോ പരസ്യം നൽകിയത്. ഫേസ്ബുക്കിൽ എട്ടുലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബിൽ മൂന്നു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും മുകേഷ് എം നായർക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com