മലപ്പുറം –മലപ്പുറം പൊന്നാനിയിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരികരിച്ചു. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് മലമ്പനി റിപ്പോർട്ട് ചെയ്തത്.
പൊന്നാനി, ഇഴുവത്തിരുത്തി, തവനൂർ ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തർ തുടങ്ങിയവർ സംഘമായി പ്രദേശത്ത് ഗൃഹസന്ദർശനം നടത്തി സർവ്വേ പൂർത്തിയാക്കി. 4 പേർ അടങ്ങുന്ന 10 ടീമുകൾ വീടുകൾ സന്ദർശിച്ച് 1200 രക്തസാമ്പിളുകൾ ശേഖരിച്ചതിൽ വീണ്ടും രണ്ടു പേർക്കുകൂടി മലമ്പനി സ്ഥിരീകരിച്ചു.
നഗരസഭയുടെ 4, 5, 6, 7 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ. പ്രദേശത്ത് കൊതുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തിരമായി പൂർത്തിയാക്കും. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തുവാനും, ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്ത പരിശോധയിൽ പങ്കാളിയാവണമെന്നും ഡി.എം.ഒ അറിയിച്ചു.