മോണ്ട്‌ഗോമറി കൗണ്ടി, പി എ: പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം, അത് ആത്മഹത്യയാക്കി വരുത്തിത്തീർക്കാൻ ശ്രമം നടത്തിയ മോണ്ട്‌ഗോമറി കൗണ്ടിയിലെ 23-കാരനായ ജസ്റ്റിൻ ഡെവോൺ വിൽസൺ എന്നയാളെ കൊലപാതക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു
തൻ്റെ പിതാവ് കെവിൻ വിൽസണെ (61) വെടിവെച്ചു കൊന്ന കേസിലാണ് ജസ്റ്റിൻ ഡെവോൺ വിൽസൺ പിടിയിലായത്. 2026 ഫെബ്രുവരി ഒന്നിന് പെൻസിൽവേനിയയിലുള്ള ട്രാപ്പെയിലാണ് (Trappe) കേസിനാസ്പദമായ സംഭവം നടുക്കുന്ന ഈ സംഭവം നടന്നത്.
തൻ്റെ പിതാവ് സ്വയം വെടിവെച്ച് മരിച്ചുവെന്ന് 911 ൽ വിളിച്ച് ജസ്റ്റിൻ തന്നെയാണ് അറിയിച്ചത്. വിവരമറിഞ്ഞു സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ, തലയിൽ വെടിയേറ്റ നിലയിൽ കിടപ്പിലായ പിതാവിനെ കണ്ടെത്തി. മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. മുറിവിൻ്റെ സ്വഭാവവും വെടിയുണ്ടയുടെ ദിശയും പരിശോധിച്ച മെഡിക്കൽ സംഘം, ഇത് സ്വയം ചെയ്തതാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തി.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ജസ്റ്റിൻ തന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. കൂടാതെ, ചോദ്യം ചെയ്യലിൽ ജസ്റ്റിൻ നൽകിയ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന് സംശയമുണ്ടാക്കി. 23 കാരനായ ജസ്റ്റിൻ വിൽസണെതിരെ മെയ് 1 വെള്ളിയാഴ്ച ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തതായി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു . തെളിവ് നശിപ്പിക്കൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.



