Thursday, July 10, 2025
Homeകേരളംവയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു

കൽപ്പറ്റ: വയനാട് ജില്ലയിൽ കനത്ത മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്നു മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ റിപ്പോർട്ട്‌ ചെയ്തു. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്ന് സ്വകാര്യ ഏജൻസിയായ ഹ്യൂം സെൻ്ററിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി. ഹ്യൂം സെൻ്ററിൻ്റെ മഴമാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്.

മൂപ്പൈനാട്, മേപ്പാടി ഗ്രാമ പഞ്ചായത്തുകളിലാണ് കനത്ത മഴ പെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ മഴ മാറിനിന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മഴ വീണ്ടും കനത്തത്. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലകളിൽ മൂന്നു മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തതായാണ് മഴമാപിനിയിൽ രേഖപ്പെടുത്തിയത്.

കോട്ടത്തറ, വൈത്തിരി, തൊണ്ടർനാട്, കോട്ടത്തറ, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കുറമ്പാലക്കോട്ടയിൽ അതിശക്തമായ മഴ തുടരുന്നതായും ഹ്യൂം സെൻ്റർ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്. ഉരുപൊട്ടൽ സാധ്യതയുള്ള മേഖലയാണ് കുറമ്പാലക്കോട്ട. വയനാട് ജില്ലയിൽ ഒറ്റപ്പട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

ജില്ലയിൽ ഇന്നുമുതൽ 16 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ, മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ചൊവ്വാഴ്ച പരിശോധിക്കും. ദുരന്ത പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തും.

ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണു സംഭവിച്ചതെന്നും സംഘം വിലയിരുത്തും.വിദഗ്ധപരിശോധനക്കു ശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും.

2005ലെ ദുരന്തനിവാരണ അതോറിട്ടി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക.സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സിഡബ്ല്യുആർഎം) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടികെ ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ