Sunday, September 15, 2024
Homeലോകവാർത്തയുഎസ് യൂണിവേഴ്സിറ്റികളിലെ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭകർക്ക് ഖുര്‍ആനുമായി പരിചയത്തിലാകാന്‍ കത്തെഴുതി നൽകി, ഇറാന്‍ പരമോന്നത നേതാവ്...

യുഎസ് യൂണിവേഴ്സിറ്റികളിലെ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭകർക്ക് ഖുര്‍ആനുമായി പരിചയത്തിലാകാന്‍ കത്തെഴുതി നൽകി, ഇറാന്‍ പരമോന്നത നേതാവ് ഖമേനി

യുഎസിലെ സര്‍വകലാശാലയില്‍ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കത്തെഴുതി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. ഹമാസിനെതിരേ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തി വരുന്ന ആക്രമണത്തിനെതിരേയാണ് യുഎസിലെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. ഖുര്‍ആനുമായി പരിചയത്തിലാകാന്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കയച്ച കത്തില്‍ ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളോട് “സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും” പ്രകടിപ്പിച്ച കത്തില്‍ വിദ്യാര്‍ഥികളെ പ്രതിരോധ സേനയുടെ (Resistance Front) മറ്റൊരു ശാഖയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ദൈവത്തിന്റെ അനുവാദത്തോടെ” വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായുള്ളതിന് വേണ്ടി നിലകൊള്ളുകയെന്നതാണ് മുസ്ലിങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ഖുര്‍ആന്‍ നല്‍കുന്ന പാഠം: നിങ്ങളോട് കല്‍പ്പിച്ചതില്‍ ഉറച്ചു നില്‍ക്കുക(11:112) എന്നതാണെന്ന് അദ്ദേഹം കത്തില്‍ വിവരിച്ചു. മനുഷ്യബന്ധങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന പാഠം ഇതാണ്: അടിച്ചമര്‍ത്തരുത്, അടിച്ചമര്‍ത്തപ്പെടരുത് (2:279). റെസിസ്റ്റന്‍സ് ഫ്രണ്ട് ഒരു സമഗ്രമായ ധാരണയിലൂടെ ഇത്തരത്തിലുള്ള നൂറ് കണക്കിന് കല്‍പ്പനകളിലൂടെയാണ് മുന്നേറുന്നത്. ദൈവത്തിന്റെ അനുമതിയോടെ വിജയം കൈവരിക്കും. നിങ്ങള്‍ക്കുള്ള എന്റെ ഉപദേശം ഖുര്‍ആനുമായി പരിചയത്തിലാകുകയെന്നതാണ്.പശ്ചിമ ഏഷ്യയിലെ പ്രധാന മേഖലയില്‍ വ്യത്യസ്തമായ വിധിയാണ് ഉള്ളതെന്ന് ഖമേനി കത്തില്‍ സൂചിപ്പിച്ചു. ചരിത്രം ഒരു പേജ് മറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ മാറുകയാണെന്ന് അദ്ദേഹം കത്തില്‍ അടവരയിട്ട് പറഞ്ഞു.

റഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഖമേനിയുടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. സാമൂഹികമാധ്യമത്തില്‍ ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്ന പ്രചാരണം വലിയ തോതില്‍ വൈറലായിരുന്നു. ‘‘ദയാലുവും കരുണാമയനുമായ’’ ദൈവത്തിന്റെ നാമത്തിലാണ് താന്‍ ഈ കത്ത് എഴുതുന്നതെന്ന് ഖമേനി പറഞ്ഞു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും അക്കാദമിക് വിദഗ്ധരും പൊതുജനങ്ങളും നടത്തുന്ന ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങളെ ‘പ്രക്ഷോഭം’ എന്ന് വിശേഷിപ്പിച്ച ഖമേനി യുഎസിലെ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെക്കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരും പൊതുജനങ്ങളും പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണെന്നും പറഞ്ഞു.

ഇടയ്ക്ക് അല്‍പം ശക്തികുറഞ്ഞ പ്രതിഷേധ പ്രകടനങ്ങള്‍ റഫയിലെ ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ക്യാംപുകളില്‍ അഭയം തേടിയ സാധാരണക്കാര്‍ക്കുനേരെയും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഒരു ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തി വരുന്ന ആക്രമണങ്ങളില്‍ അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ പോലും വിമര്‍ശിച്ചിരുന്നു. മേഖലയിലെ സൈനിക നടപടികള്‍ ഉടന്‍നിറുത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

കൊളംബിയ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഇസ്രയേലിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിന് ശേഷം ഏപ്രിലോടെയാണ് പ്രതിഷേധം കടുത്തത്. ഫാക്കല്‍റ്റി അംഗങ്ങളും പ്രൊഫസര്‍മാരും ഉള്‍പ്പടെ 2950 പേരെ ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധങ്ങള്‍ യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലേക്കും വ്യാപിച്ചു.

ഈ പ്രതിഷേധങ്ങളില്‍ പലതും യഹൂദവിരുദ്ധമാണെന്നും ‘കുടിയേറ്റ സ്വാധീനത്തിന്റെ’ ഫലമാണെന്നും വിമര്‍ശിക്കപ്പെടുന്നു. കാമ്പസുകളില്‍ ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ എന്ന് ജൂത വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. യഹൂദ ചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ തങ്ങളെ ലക്ഷ്യം വെച്ചതായും ‘സയണിസ്റ്റുകള്‍’ എന്ന് ആരോപിച്ചതായും അവര്‍ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments