തിരുവല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ മാത്രം ലക്ഷ്യമിട്ട് കവർച്ച നടത്തിയിരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശിവഗംഗയിൽ താമസിക്കുന്ന അഭിഷേക് (25) ആണ് അറസ്റ്റിലായത്. ഇയാൾ കോവളം ധർമ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ച് പണം കവർന്ന കേസിലാണ് പിടിയിലായത്.
കഴിഞ്ഞ ഒരു വർഷം മുമ്പ് വാഴമുട്ടം തുപ്പനത്തുകാവിൽ പട്ടാപ്പകൽ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി എടുത്ത് ഇയാൾ രക്ഷപ്പെട്ടിരുന്നു.സംഭവം കണ്ട വഴിയാത്രക്കാരനായ വയോധികൻ പിന്തുടർന്ന് പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വയോധികനെ മർദ്ദിക്കാൻ ശ്രമിച്ചിരുന്ന ഇയാൾ ഇത്തരത്തിൽ നാലിലധികം ക്ഷേത്രങ്ങളിൽ നിന്നും കാണിക്കവഞ്ചി തകർത്ത് പണം കവർന്നിട്ടുണ്ടെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു. എസ്.ഐ. തോമസ് ഹീറ്റസ്, എ.എസ്.ഐ വിനോദ്, സി.പി.ഒ ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.