Monday, October 14, 2024
Homeകേരളംമുല്ലശേരി കനാലിന്‌ വഴിമുടക്കി റെയിൽവേയുടെ മാലിന്യത്തോട്‌.

മുല്ലശേരി കനാലിന്‌ വഴിമുടക്കി റെയിൽവേയുടെ മാലിന്യത്തോട്‌.

കൊച്ചി; കൊച്ചിയിലും ആമയിഴഞ്ചാൻ ദുരന്തം സൃഷ്ടിക്കാൻ റെയിൽവേ. സ്വന്തം അധീനതയിലുള്ള കൽവർട്ടുകൾ ശുചിയാക്കാൻ റെയിൽവേ തയ്യാറാകാത്തതാണ്‌ നഗരത്തിനും നഗരവാസികൾക്കും ഭീഷണിയാകുന്നത്‌. ചെറുതും വലുതുമായ മുപ്പതിലധികം കൽവർട്ടുകളാണ്‌ കോർപറേഷൻ പരിധിയിൽ റെയിൽവേയുടേതായുള്ളത്‌. വിവിധ തോടുകളുമായി ബന്ധമുള്ളതാണിത്‌.

മാലിന്യം മഴക്കാലത്തിനുമുമ്പേ ശുചിയാക്കേണ്ട ചുമതല റെയിൽവേയ്ക്കാണ്. എന്നാൽ, ഇതിന്‌ തയ്യാറാകുന്നില്ല. കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിനുസമീപം മുല്ലശേരി കനാലിലേതടക്കമുള്ള കൽവർട്ടുകളുടെ സ്ഥിതി ദയനീയമാണ്‌. വൃത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോർപറേഷൻ പലവട്ടം കത്ത്‌ നൽകിയിട്ടും മുഖംതിരിക്കുകയാണ്‌ റെയിൽവേ. കോടതിയോ ഉന്നത അധികാരകേന്ദ്രങ്ങളോ ഇടപെട്ടാലേ അനങ്ങൂവെന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. അടുത്തിടെ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ വിളിച്ച യോഗത്തിലും ഇതുമായി ബന്ധപ്പെട്ട്‌ ചോദ്യമുയർന്നപ്പോൾ ശുചിയാക്കാമെന്ന പതിവുപല്ലവിയായിരുന്നു മറുപടി. എന്നാൽ, ഇതുവരെ ചെയ്‌തത്‌ കലാഭവൻ റോഡ്‌ അവസാനിക്കുന്ന കൽവർട്ടിന്റെമാത്രം പ്രവൃത്തിയാണ്‌.

ഭൂരിഭാഗം കൽവർട്ടിനകത്തും ചെളിയും മണ്ണും മാലിന്യവും കെട്ടിക്കിടക്കുകയാണ്‌. ഇതിനാൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക്‌ സാധ്യമല്ല. ഇത്‌ സമീപസ്ഥലങ്ങളിൽ വെള്ളക്കെട്ടിനും ഇടയാക്കുന്നു. നിർമാണത്തിലെ അശാസ്‌ത്രീയതയും അപാകവും വില്ലനാണ്‌. തോടിന്റെ വീതിയേക്കാൾ വളരെ കുറവാണ്‌ കൽവർട്ടിന്. ഇതും ഒഴുക്കിന് പ്രതിബന്ധമാകുന്നു. ഇതിനുപുറമെ അനിയന്ത്രിതമായി വെള്ളമെത്തുന്നത്‌ കണക്കിലെടുത്ത്‌ ആവശ്യമായ ഇടംകൂടി ഉൾപ്പെടുത്തിയാകണം കൽവർട്ടുകൾ നിർമിക്കേണ്ടത്‌. എന്നാൽ, ഇതൊന്നും പാലിച്ചല്ല റെയിൽവേയുടെ നിർമാണം.

റെയിൽവേ അനാസ്ഥ തുടർന്നപ്പോൾ സഹികെട്ട്‌ കഴിഞ്ഞതവണ കോർപറേഷൻ രംഗത്തിറങ്ങി അവരിൽനിന്ന് നിരാക്ഷേപ പത്രം വാങ്ങി മുഴുവൻ കൽവർട്ടും ശുചിയാക്കി. വർഷങ്ങൾ പഴക്കമുള്ള മാലിന്യമാണ്‌ അന്ന്‌ നീക്കിയത്‌. ഇക്കുറി തങ്ങൾതന്നെ നീക്കുമെന്ന്‌ കലക്ടറെ ഉൾപ്പെടെ റെയിൽവേ അറിയിച്ചു. എന്നാൽ, മഴ ശക്തിയാർജിച്ചിട്ടും നിസ്സംഗത തുടരുകയാണ്‌.

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻതോടൊക്കെ എത്ര ഭേദം. അതിനെയും വെല്ലുന്ന ദുരവസ്ഥയാണ്‌ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത്‌ മുല്ലശേരി കനാലിന്റെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ഭൂമിയിലെ കനാലിന്റേത്‌. കോട്ടയം–-എറണാകുളം റെയിൽപ്പാതയ്‌ക്കടിയിലൂടെ കടന്നുപോകുന്ന കനാൽ ശുചിയാക്കി പുനർനിർമിക്കണമെന്ന ആവശ്യത്തിന്‌ നഗരത്തിലെ വെള്ളക്കെട്ടിനോളം പഴക്കമുണ്ട്‌. ഒടുവിൽ ഒരുവർഷംമുമ്പ്‌ പദ്ധതി തയ്യാറാക്കി ഭരണാനുമതിയായിട്ടും നാളിതുവരെ പണി തുടങ്ങാൻ റെയിൽവേക്കായിട്ടില്ല.

മുല്ലശേരി കനാൽ നവീകരണത്തോടൊപ്പംതന്നെ പൂർത്തിയാകേണ്ടതാണ്‌ റെയിൽവേ കനാലിന്റെ ശുചീകരണവും പുനർനിർമാണവും. ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിലൂടെ മുല്ലശേരി കനാലിന്റെ ശ്രമകരമായ നവീകരണജോലികൾ പകുതിയിലേറെ പൂർത്തിയാക്കി. പണികൾ തുടരുന്നു. എന്നിട്ടും റെയിൽവേ യാർഡിൽനിന്ന്‌ പുറന്തള്ളുന്നത്‌ ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞ്‌ നീരൊഴുക്കില്ലാതെ റെയിൽവേ കനാൽ പഴയപടി തുടരുന്നു. നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹാരത്തിനുള്ള പ്രധാന നടപടി എന്ന നിലയിലാണ്‌ മുല്ലശേരി കനാൽ ആഴവും വീതിയും കൂട്ടി നവീകരിക്കുന്നത്‌. റെയിൽപ്പാതയുടെ ഭാഗത്ത്‌ കനാലിന്റെ നിർമാണവൈകല്യങ്ങൾ ഓപ്പറേഷൻ ബ്രേക്‌ത്രൂ പരിഹരിച്ചു. റെയിൽവേ കനാലിൽ മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ ഏറ്റിറക്കത്തിനനുസരിച്ച്‌ മുല്ലശേരി കനാലിലെ വെള്ളം മറുഭാഗത്തേക്ക്‌ ഒഴുകുന്നില്ല.

റെയിൽപ്പാതയ്‌ക്ക്‌ ഇരുപുറത്തുമുള്ള മുല്ലശേരി കനാലിനെ ബന്ധിപ്പിക്കുന്ന റെയിൽവേ കനാലിന്റെ നിർമാണവും വിചിത്രമാണ്‌. ആറു മീറ്റർ വീതിയിലുള്ള മുല്ലശേരി കനാലിനെ ബന്ധിപ്പിക്കുന്ന റെയിൽവേ കനാലിന്റെ വീതി 1.2 മീറ്റർമാത്രമാണ്‌. നാലുവരി റെയിൽപ്പാളത്തിനടിയിലൂടെ നേർവരയിൽ 41 മീറ്റർ അപ്പുറം മുല്ലശേരി കനാലിനെ ബന്ധിപ്പിക്കാമെന്നിരിക്കെ 81 മീറ്റർ പിന്നിട്ടാണ്‌ കനാൽ മറുഭാഗത്ത്‌ ചേരുന്നത്‌. പാളത്തിനടിയിലൂടെയുള്ള കനാലിൽ റെയിൽവേ യാർഡിൽനിന്നുള്ള കരിഓയിലും മറ്റു മാലിന്യവും വർഷങ്ങളായി ശുചീകരണമില്ലാതെ കെട്ടിക്കിടക്കുന്നു.

സമീപവർഷങ്ങളിൽ നഗരത്തിലുണ്ടാകുന്ന കനത്ത വെള്ളക്കെട്ടിന്‌ പ്രധാന കാരണം മുല്ലശേരി കനാലിലെ തടസ്സമാണ്‌. ഇക്കാര്യം വിദഗ്‌ധപഠനങ്ങളും ചൂണ്ടിക്കാണിച്ചു. തുടർന്നാണ്‌ സംസ്ഥാന സർക്കാർ ഓപ്പറേഷൻ ബ്രേക്‌ത്രൂ ആവിഷ്‌കരിച്ചത്‌. അനുബന്ധമായി റെയിൽവേയും അവരുടെ കീഴിലുള്ള തോട്‌ ശുചീകരിക്കണമെന്ന്‌ കലക്‌ടറും കോർപറേഷനും പലവട്ടം രേഖാമൂലംതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നിട്ടും ആമയിഴഞ്ചാൻതോട്‌ ശുചീകരണത്തിൽ പ്രകടിപ്പിച്ച അതേ നിസ്സംഗത ഇവിടെയും റെയിൽവേ തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments