Wednesday, September 18, 2024
Homeകേരളംനാലാം നൂറുദിന കർമപരിപാടിക്ക് തുടക്കം ; 13,013 കോടിയുടെ 1070 പദ്ധതി.

നാലാം നൂറുദിന കർമപരിപാടിക്ക് തുടക്കം ; 13,013 കോടിയുടെ 1070 പദ്ധതി.

തിരുവനന്തപുരം; എൽഡിഎഫ്‌ സർക്കാർ തുടർച്ചയായി രണ്ടാമതും അധികാരത്തിൽ വന്നതിനുശേഷമുള്ള നാലാമത്തെ നൂറുദിന കർമപരിപാടികൾക്ക് തുടക്കം. സർക്കാരിന്റെ മൂന്നാംവാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 22വരെ നടപ്പാക്കുന്ന പരിപാടിയിൽ 47 വകുപ്പിൽ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. 1070 പദ്ധതിയാണ്‌ ഉള്ളത്‌. 2,59,384 തൊഴിലവസരം സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകൾ ഉൾപ്പെടുത്തിയാണ് കർമപരിപാടിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഉപജീവനത്തിനും പശ്ചാത്തല വികസനത്തിനുമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 706 പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനംചെയ്യും. 364 പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തും. 761.93 കോടി ചെലവിൽ നിർമിച്ച 63 റോഡ്‌, 28.28 കോടിയുടെ 11 കെട്ടിടം, 90.91 കോടിയുടെ ഒമ്പത്‌ പാലം ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ ഉദ്ഘാടനംചെയ്യും. 437.21 രൂപ വകയിരുത്തിയ 24 റോഡ്‌, 81.74 കോടിയുടെ 17 കെട്ടിടം, 77.94 കോടിയുടെ ഒമ്പത്‌ പാലം എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.30,000 പട്ടയം വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസ്‌ പൂർത്തിയാക്കും. 29 സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തും. 456 റേഷൻകടകൂടി നവീകരിക്കും.

അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായവ ലാഭമെടുക്കാതെ കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി നൽകും.ലൈഫ് മിഷനിൽ 10,000 വീട്‌ കൈമാറും. കോട്ടയത്ത്‌ അക്ഷരടൂറിസം ഹബ്ബ്‌, തിരുവനന്തപുരത്ത്‌ സോളാർ സിറ്റി, പൂജപ്പുരയിൽ വനിതാ പോളിടെക്നിക്, മുഴപ്പിലങ്ങാട് -ധർമടം ബീച്ച്‌ വികസനം, ശ്രീനാരായണ ഗുരു ഡിജിറ്റൽ മ്യൂസിയം, 250 എംപിഐ ഫ്രാഞ്ചൈസി ഔട്ട്‌ലറ്റുകൾ എന്നിവ പൂർത്തിയാക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും. കൂടുതൽ വിവരങ്ങളും പുരോഗതിയും വെബ്സൈറ്റിൽ (https://100days.kerala.gov.in) അറിയാം.

ആഭ്യന്തരവകുപ്പിൽ 359.69 കോടിയുടെ പദ്ധതികൾ.

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ആഭ്യന്തര വകുപ്പിൽ 359.69 കോടിരൂപയുടെ പദ്ധതികൾ. 85 പദ്ധതികളാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. പൊലീസ്‌ സ്റ്റേഷനുകളുടെ നിർമാണം, നവീകരണം, പുതിയ സ്റ്റേഷൻ ക്വാർട്ടേഴ്‌സ്‌, ജയിലുകൾക്ക്‌ അനുബന്ധ സൗകര്യം, വനിതാ ബറ്റാലിയൻ കംപ്യൂട്ടർവൽക്കരണം, ക്യാമ്പ്‌ ഓഫീസ്‌ നിർമാണം, ടെലി കമ്യൂണിക്കേഷൻ കെട്ടിട നിർമാണം, സിവിൽ ഡിഫൻസ്‌ വളന്റിയർ പരിശീലനം, ഫയർ സ്റ്റേഷനിൽ അനുബന്ധ സൗകര്യം, പുതിയ വയർലെസ്‌ സംവിധാനം, റോബോട്ടിക്‌ ഫയർ ഫൈറ്റിങ്‌–- സ്കൂബ ഡൈവിങ്‌ ഉപകരണങ്ങൾ വാങ്ങൽ, സൈബർ ഡിവിഷന്‌ വർക്ക്‌ സ്റ്റേഷൻ ആരംഭിക്കൽ തുടങ്ങി നിരവധി പദ്ധതികൾ നൂറുദിന പദ്ധതിയുടെ ഭാഗമായുണ്ട്‌. സൈബർ കുറ്റകൃത്യം നേരിടാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ 1.31 കോടിരൂപയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. ഹൈക്കോടതിയിൽ സെക്യൂരിറ്റി ക്യാബിനായി 85.43 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്‌.

കലാഭവൻ മണി സ്മാരക മന്ദിരത്തിന്‌ തറക്കല്ലിടും.

സാംസ്കാരിക വകുപ്പിനുകീഴിൽ ഫോക്‌ലോർ അക്കാദമി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കലാഭവൻ മണി സ്മാരക മന്ദിരം നിർമിക്കും. 151.94 കോടിരൂപ ചെലവിൽ 47 പദ്ധതികളാണ്‌ സാംസ്കാരിക വകുപ്പ്‌ നടപ്പാക്കുന്നത്‌.പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരായ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമിച്ച സിനിമ നൂറുദിനത്തിൽ പ്രകാശിപ്പിക്കും.1000 രൂപയ്‌ക്ക്‌ 1555 രൂപയുടെ പുസ്തകം പദ്ധതിക്ക്‌ കേരള സ്റ്റേറ്റ്‌ ബുക്ക്‌ മാർക്ക്‌ തുടക്കമിടും. മലയാളം മിഷൻ 50 രാജ്യങ്ങളിലും 25 സംസ്ഥാനങ്ങളിലുമായി നൂറ്‌ ചാപ്‌റ്ററുകളും ആരംഭിച്ചതിന്റെ പ്രഖ്യാപനം, കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന അബുദാബി ഷോ, ആറന്മുള വാസ്തുവിദ്യ ഗുരുകുലം തയ്യാറാക്കിയ വിവരാത്മക ഗ്രന്ഥം പ്രകാശിപ്പിക്കൽ, ഭാരത്‌ ഭവന്റെ കടൽമിഴി തീരദേശ സർഗയാത്ര, ഫോക്‌ലോർ അക്കാദമിയുടെ കലയും കൃഷിയും പഠനപദ്ധതി എന്നിവയും നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കാസർകോട്‌ സാംസ്കാരിക സമുച്ചയം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌ പോർട്ടൽ, കലാമണ്ഡലത്തിൽ വിനോദ സഞ്ചാരികൾക്കുള്ള വിശ്രമ കേന്ദ്രവും വിമൻ അമിനിറ്റി സെന്ററും, തിരുവനന്തപുരം കൈരളി തിയേറ്ററിൽ ‘ചിത്രാഞ്ജലി’ ഡോർമെറ്ററി എന്നിവയുടെ ഉദ്‌ഘാടവും സാംസ്‌കാരിക വകുപ്പ്‌ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്‌.

നിക്ഷേപകരുടെ സംസ്ഥാന സംഗമം.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി വ്യവസായ വകുപ്പ്‌ നിക്ഷേപകരുടെ സംസ്ഥാനതല സംഗമം സംഘടിപ്പിക്കും. സംരംഭ സഭ, സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ്‌, കെഎംഎംഎല്ലിൽ ആസിഡ് റിക്കവറി പ്ലാന്റിന്റെ നിർമാണം, പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ സംസ്ഥാന ഓഫീസ്‌ എന്നിവയുടെ ഉദ്ഘാടനവും നടക്കും. ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷകൾ സ്വീകരിക്കാനുള്ള പോർട്ടൽ തുറക്കും. ‘ഒരു തദ്ദേശ സ്ഥാപനം ഒരു ഉൽപ്പന്നം’ എന്ന പദ്ധതി ആരംഭിക്കും. ഭാരത് പെട്രോളിയം കോർപ്പറേഷനുമായി ചേർന്ന്‌ ഓട്ടോകാസ്റ്റ് ഇന്ധന പമ്പ്‌ നിർമിക്കും.

ടൂറിസം: ചെമ്പഴന്തിയിൽ ഡിജിറ്റൽ മ്യൂസിയം.

ചെമ്പഴന്തിയിൽ ടൂറിസം വകുപ്പ്‌ നിർമിക്കുന്ന ഡിജിറ്റൽ മ്യൂസിയത്തിനും വികസനപ്രവർത്തനങ്ങൾക്കുമായി നൂറുദിന പരിപാടിയിൽ ഒമ്പത്‌ കോടി ചെലവഴിക്കും. ഗവി ഇക്കോ ടൂറിസത്തിന്‌ 1.9 കോടി, ബേപ്പൂർ സമഗ്ര വികസനം 9.94 കോടി, തിരുവനന്തപുരം പൊന്മുടിയിൽ ഗസ്റ്റ്‌ ഹൗസിന്റെ മൂന്നാംഘട്ട വികസനത്തിന്‌ 2.25 കോടിയും നൽകും.

ആരോഗ്യത്തിന്‌ 816.14 കോടി.

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി 816.14 കോടി രൂപയുടെ 92 പദ്ധതികൾ നടപ്പാക്കാൻ ആരോഗ്യവകുപ്പ്‌. 14 ജില്ലകളിലുമായി വിവിധ മെഡിക്കൽ കോളേജ്‌, ജില്ലാ, താലൂക്ക്‌ ആശുപത്രികൾ മുതൽ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ളിടങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കും.
ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 30 കോടിയുടെ ഒ ആൻഡ്‌ ജി ബ്ലോക്കും രണ്ട്‌ കോടിയുടെ കാന്റീൻ/ഗസ്റ്റ്‌ റൂം കെട്ടിട നിർമാണവും കർമ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. മഞ്ചേരി മെഡി. കോളേജിൽ റസിഡൻഷ്യൽ സൗകര്യം വികസിപ്പിക്കാൻ 103.86 കോടി, മലബാർ ക്യാനസർ സെന്ററിൽ ട്രീറ്റ്‌മെന്റ്‌ ആൻഡ്‌ അക്കാദമിക്‌ കെട്ടിടത്തിന്‌ 81.70 കോടി, റോബോട്ടിക്‌ സർജറി സംവിധാനം സ്ഥാപിക്കാൻ 29.95 കോടിയും പദ്ധതിയുടെ ഭാഗമാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments