വയനാട്ടിൽ ബത്തേരിയിൽ അർബൻ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്.
മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹ മാധ്യമം വഴിയാണെന്നും ഓൺലൈൻ വഴി വാങ്ങി മുപ്പത് രൂപ തോതിൽ വിൽപ്പന നടത്തിയെന്നുമാണ് കണ്ടെത്തൽ. വിദ്യാർത്ഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. വിദ്യാർത്ഥിക്കെതിരെ എൻ. ഡി. പി. എസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
അതേസമയം ഇടുക്കി അടിമാലിയിൽ 2 കിലോ കഞ്ചാവുമായി 19 കാരൻ പിടിയിലായി. 2.050കിലോ ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്സൈസിൻ്റെ പിടിയിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മനൂപ് വിപി യുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എക്സൈസ് എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ എത്തിച്ചു നൽകുന്ന കഞ്ചാവ് വാങ്ങി രാജാക്കാട് ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ ഇരുമ്പ് പാലത്തിന് സമീപം വെച്ചാണ് പ്രതി അറസ്റ്റിലായത്.