കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വർദ്ധനവ്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6,565 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 52,520 രൂപയിലുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നെങ്കിലും തൊട്ടുമുന്‍ ദിവസം ഗ്രാമിന് ഉണ്ടായ 10 രൂപയുടെ കുറവ് ഇതോടെ നഷ്ടമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ല്, രത്‌നം എന്നിവ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5,425 രൂപയിലെത്തി. വെള്ളിവിലയും ഇന്ന് ഗ്രാമിന് രൂപ വര്‍ധിച്ച് 89 രൂപയായി.
അമേരിക്കന്‍ മാന്ദ്യ ഭീതിക്ക് ആശ്വാസം നല്‍കികൊണ്ട് വിലക്കയറ്റ, തൊഴില്‍ കണക്കുകളും ചില്ലറ വില്‍പ്പന കണക്കുകളും പുറത്തു വന്നത് സ്വര്‍ണത്തില്‍ ചാഞ്ചാട്ടത്തിനിടയാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ താഴ്ന്ന നിന്ന അന്താരാഷ്ട്ര വില ഇന്നലെ 0.32 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,457.39ലെത്തിയിരുന്നു. ഇന്ന് രാവിലെ 0.19 ശതമാനം താഴ്ന്ന് 2,452.62 രൂപയിലാണ് വ്യാപാരം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,520 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം 56,853 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് ചെലവാക്കേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ അഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരും.