മൊബൈൽ ഫോൺ ഇക്കാലത്ത് ഒരു ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ കൊച്ചു സാമഗ്രി കൈയിലുണ്ടെങ്കിൽ എന്തിനുമേതിനും ധൈര്യമാണ്. എല്ലാം നേടിയെടുക്കാമെന്നുള്ള തോന്നലാണ്. ലോകത്തിലെ മിക്കവാറും എല്ലാ കാര്യത്തെക്കുറിച്ചും വിരൽത്തുമ്പിൽ വിവരം ലഭിക്കുന്നത് നല്ലതുതന്നെയാണ്. വിജ്ഞാനസമ്പാദനം മോശം കാര്യവുമല്ല. എന്നാൽ മൊബൈൽ ഭ്രാന്തമായി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകാവുന്ന വിപത്തുകൾ നാം തിരിച്ചറിയണം. പലരും യന്ത്രമനുഷ്യരെപ്പോലെയായി മാറുകയാണ്. കൈയിൽ മൊബൈൽ ഫോണും അതിനൊപ്പം ചുറ്റിവരിയുന്ന കുറെ വയറുകളുംകൊണ്ട് നിർമ്മിച്ച ജീവിയാണ് മനുഷ്യൻ എന്നുവരെ തോന്നിപ്പോകും കണ്ടാൽ
ഹെഡ് ഫോൺ ചെവിയിൽ തിരുകിക്കയറ്റിയാൽ അവർ വേറൊരു ലോകത്താണ്. ചുറ്റിലും നടക്കുന്നത് കാണുകയോ കേൾക്കുകയോ അവരുടെ പണിയല്ല എന്നാണ് വിചാരം. പുത്തൻ സാങ്കേതിക രാജ്യത്തെ വൻ പുരോഗതിയിലേക്കു നയിക്കുന്നുണ്ടെന്ന് ഭരണകൂടം പോലും അവകാശപ്പെടുന്നുണ്ടെങ്കിലും മുവശത്ത് ഇതിനോടുള്ള ആസക്തി കൂടി അപകടങ്ങൾ പെരുകയാണ്. മരണമുൾപ്പെടെ ഒട്ടനവധി വിപത്തുകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ചെന്നൈയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് ഒരു മലയാളി വിദ്യാർത്ഥി മരിച്ച സംഭവം എല്ലാവർക്കും ഞെട്ടലുണ്ടാക്കി. താംബരം എം.സി.സി കോളേജിൽ പഠിച്ച കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ.സിബിയെയാണ് ഒരു നിമിഷം കൊണ്ട് മരണം തട്ടിയെടുത്തത്.അവർ ഹെഡ്ഫോൺ വെച്ച് വീട്ടുകാരോട് മൊബൈലിൽ സംസാരിച്ച് പാളം കടക്കുകയായിരുന്നു.
മൊബൈലിൽ സംസാരിച്ചു നടക്കുന്നതിനിടെ തീവണ്ടി തട്ടി മരിക്കുന്നത് നിത്യസംഭവായി മാറിയിരിക്കുന്നു. മൊബൈലിനോടുള്ള അമിതാസക്തിയാണ് ഇത്തരം അപകടങ്ങൾക്കു പ്രധാന കാരണം. റോഡിലൂടെ നടക്കുമ്പോഴും മൊബൈലിൽ സംസാരിക്കുന്നത് പതിവ് കാഴ്ചയാണ്. ചുറ്റുപാടും ശ്രയിക്കാതെയാണ് മുന്നോട്ട് നീങ്ങുന്നത്. ഹോണടിച്ചാൽപോലും കേൾക്കില്ല. ഒന്നു ആലോചിച്ചു നോക്കിയാൻ വാഹനം ഓടിക്കുന്നവർ നടക്കുന്നവരെ ഭയക്കേണ്ട അവസ്ഥ! ലഭിച്ച കണക്കു പ്രകാരം ചെന്നൈയിൽ ഒരു വർഷത്തിനിടയിൽ 755 പേർ ഇത്തരത്തിൻ നടന്ന് തീവണ്ടി തട്ടി മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന കണക്ക്.
നമുക്ക് എല്ലാം അറിയാമെന്ന അഹംഭാവമാണ് ഇന്ന് പുതു തലമുറയിലെ ചെറുപ്പക്കാർക്ക്. അതാണ് ആദ്യമായി മാറ്റിയെടുക്കേണ്ടത്. ചിലർക്ക് ഉപദേശിക്കുന്നവരെ കണ്ടുകൂടാ.എന്നാൽ കുരുക്കിൽപ്പെട്ടാൽ അദ്യം ഓർക്കുന്നത് ഉപദേശിച്ചവരെയായിരിക്കും. മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് മാതാപിതാക്കൾ ഉപദേശിച്ചാൽ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല. തുടർന്ന് പല കുട്ടികളും അക്രമാസക്തരാകുന്നതും കണ്ടിട്ടുണ്ട്. മാത്രവുമല്ല ഉപദേശം ധിക്കരിച്ച് മൊബൈലിനോട് കൂടുതൽ അടുപ്പംകൂട്ടി അവർ പകവീട്ടും. ഒന്നു മനസ്സിലാക്കുക! സാങ്കേതികതകൾ ഒരിക്കലും മോശമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അവ മിതമായി ഉപയോഗിക്കാൻ പഠിപ്പിക്കണം. ആസക്തി വർദ്ധിക്കുമ്പോഴാണ് അപായമുണ്ടാകുന്നത്. ഇന്നത്തെ കുട്ടികൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ കാര്യങ്ങൾ ഇതിൻ്റെ പതിൻമടങ്ങായിരിക്കും. അതു കൊണ്ട് ചെറുപ്പംമുതൽ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകുന്നതിൽ നിർഷകർഷത അനിവാര്യമാണ്.
പഠനത്തിൻ്റെ ഭാഗമായി മൊബൈൽ മാറിയിരിക്കുന്നുവെന്നത് സത്യമാണ്. എന്നാൽ അതു മുഴുവനായി കുട്ടികൾക്ക് വിട്ടുകൊടുക്കരുത്. അധികസമയവും ഫോണുമായി ജീവിക്കുന്നവരാണ് ഇതിനോടുള്ള ആസക്തി മൂത്ത് അപകടങ്ങളിൽ ചെന്നുചാടുന്നത്. ഗേയിമുകൾ, ഓൺലൈൻ ചൂതാട്ടം, അശ്ശീല വെബ്സൈറ്റുകൾ തുടങ്ങി പലതും ആസക്തിയിലേക്കു നയിക്കുന്നു. ഒടുവിൽ ജീവനൊടുക്കേണ്ട അവസ്ഥവരെയുണ്ടാകുന്നു. മൊബൈൻ മാനിയ എന്നത് ഒരു മഹാരോഗമാണെന്ന് മാനസിക വിദഗ്ധർ പറയുന്നുണ്ട്. മൊബൈൽ ഇല്ലാതെ വരുമ്പോൾ അസ്വസ്ഥത കാട്ടുന്ന പല കുട്ടികളേയും കാണാറുണ്ട്. ഉപയോഗിക്കരുതെന്ന് വിചാരിച്ചാൽ പോലും അവരറിയാതെ കൈകൾ മൊബൈലിലെത്തും. മെസേജ് ഒന്നും വന്നില്ലെങ്കിലും വാട്ട്സാപ്പിൽ വെറുതെ കുത്തിമറിയുന്നവരെയും കാണാം.
ഉറക്കത്തിൽ പെട്ടെന്നുണർന്ന് മൊബൈൽ പരതി നോക്കുന്നവരും വൈഫൈയോ ഡാറ്റയോ തീർന്നാൽ വെപ്രാളപ്പെടുന്നവരും ഫോൺ കേടായാൽ ഭ്രാന്തരെപ്പോലെ പെരുമാറുന്നവരും ധാരാളമുണ്ട്. ആസക്തികളെ പിടിച്ചു നിർത്താൻ നമ്മുടെ മനസ്സിന് സാധിക്കണം.
ഇതിനെല്ലാറ്റിനും പുറമെ മൊബൈലിൻ്റെ ഉപയോഗം കൂടിയതോടെ പുസ്തകം വായിക്കുന്നവർ പോലും അതിൽ നിന്ന് പിൻതിരിഞ്ഞതായി കാണുന്നു.അതുകൊണ്ട് നാം തന്നെയാണ് ഇതിനു ഒരു പരിഹാരം കാണേണ്ടത്.



