പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ ഉത്തരവിനെ തുടര്ന്ന് ഇന്ന് വീണ്ടും റീപോളിങ്ങ് നടക്കും .മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ് .ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെത്തുടർന്ന് മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം.
രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണിവരെയാകും വോട്ടെടുപ്പ്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു.



