വളർന്നു കൊണ്ടേയിരിക്കുന്നു വയലാറും വയലാറിൻ്റെ വരികളും.
……………………………
വയലാർ ഒരു സ്ഥലനാമമാണ് .
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൻ്റെ നാമം .എന്നാൽ ആ ഗ്രാമനാമം നമ്മിൽ ഉണർത്തുന്ന പല വികാരങ്ങളുണ്ട് വിചാരങ്ങളുണ്ട്. അതിലൊന്ന് ഉശിരുവറ്റാത്ത പോരാട്ട വീര്യത്തിൻ്റെതാണ്. ആ വീര്യമാകട്ടെ ചോരയിലെഴുതിയ ചരിത്രവുമാണ്. മറ്റൊന്ന് മനസ്സിനെ ഭാവ സാന്ദ്രമാക്കുന്ന അതോടൊപ്പം ആവേശം ജനിപ്പിക്കുന്ന ഊർജ്ജം പകരുന്ന അതി മധുരമുള്ളൊരു സ്വപ്നമാണ്. ആ സ്വപ്നത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. എഴുതുന്നത്.
വയലാർ എന്നാൽ വയലാർ രാമവർമ്മ .ഈ കുറിപ്പ് എഴുതാനിരിക്കുമ്പോഴും ഞാൻ നന്നായി തിരിച്ചറിയുന്നുണ്ട്. ഓരോ വ്യക്തികളിലും വരികളാൽ വയലാർ സൃഷ്ടിച്ച സമാനതകളില്ലാത്ത തരംഗത്തെ കുറിച്ച്. എഴുത്തിൽ എത്രയോ പേർ വയലാറിനെ കൊണ്ടുവന്നു? അത്തരം എഴുത്തുകൾ ഹൃദയത്തിൽ തട്ടി വായിക്കാത്ത ഏതെങ്കിലും വായനക്കാരുണ്ടോ? ഇല്ല .എന്നിട്ടും ധാരാളം പേർ വീണ്ടും വയലാറിനെ കുറിച്ച് എഴുതുന്നു. പ്രസംഗിക്കുന്നു. അതിൻ്റെ കാരണമന്വേഷിച്ചു നാം പോകേണ്ടതില്ല. വയലാറിനെ കുറിച്ച് എത്ര എഴുതിയാലും മതിയാകാതെ ഇനിയും അനേകം പേർ എഴുതി കൊണ്ടേയിരിക്കും. അത്രമേൽ മലയാളത്തിൻ്റെ മനസ്സിൽ വയലാറുണ്ട്.വെറും നാൽപ്പത്തിയേഴ് വയസ്സ് വരെ ഈ ഭൂമിയിൽ ജീവിച്ച ഒരു മനുഷ്യനെ, വിട പറഞ്ഞ് അമ്പത് വർഷം കഴിഞ്ഞും നാടാകെ ഓർക്കുന്നു.എല്ലായിടങ്ങളിലും അനുസ്മരണ സമ്മേളനങ്ങൾ നടക്കുന്നു. ഓർമകൾ പങ്കുവെക്കപ്പെടുന്നു. ആ ഗാനങ്ങൾ അദ്ദേഹം മരണപ്പെട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞ് ഈ മണ്ണിൽ പിറന്നവരും മനസ്സിൽ കൊണ്ടു നടക്കുന്നു. വാക്കുകൾ ഒന്നും തെറ്റാതെ വിട്ടു പോകാതെ ആ വരികൾ വീണ്ടും വീണ്ടും മൂളുന്നു.
മലയാള സിനിമാ ഗാനരംഗത്തെ തൻ്റെ വേറിട്ട ഭാവന കൊണ്ട് ത്രസിപ്പിച്ച മലയാളിയെ സ്വപ്നം കാണാൻ പഠിപ്പിച്ച, തീക്ഷ്ണമായ വരികൾ കൊണ്ട് ചിന്തിക്കാൻ ശീലിപ്പിച്ച മഹാപ്രതിഭ. വയലാറിൻ്റെ വരികൾ കേരളത്തിന്റെ ഹൃദയ താളമായ ഒരു കാലം. ആ വരികൾ നാടാകെ ഏറ്റു പാടിയ കാലം .നമ്മുടെ മനസ്സുകളെ ആഴത്തിൽ സ്വാധീനിക്കാൻ പ്രാപ്തിയോടെ വയലാറിൻ്റെ ഓരോ ഗാനങ്ങളും എത്തുന്നത് നാട് കാത്തിരുന്ന കാലം. എത്ര സുന്ദരമായിരുന്നു ആ കാലം. ഇനിയൊരിക്കൽ അതു പോലൊരു വട്ടം ഒരാളുടെ വരികൾക്കായി നാട് മുഴുവൻ കാത്തിരിക്കുമെന്ന് നമുക്ക് വെറുതെയെങ്കിലും കരുതാനാകുമോ? അർത്ഥപൂർണ്ണതയോടെ പിറന്നു വീണ ആ പാട്ടുകളിൽ ഏത് പാട്ടാണ് നമ്മളെ വിസ്മയിപ്പിക്കാത്തത്? ഏതു വരികളാണ് സത്യം എന്ന ഉയർന്ന ചിന്തയോടുകൂടി നാം ചേർത്തുവെക്കാത്തത്. വയലാറിൻ്റെ ഭാവന തൊട്ടുണർത്തിയ എല്ലാ ഗാനങ്ങളും നമുക്ക് പ്രിയമാണ്. ധാരാളം
സമയമെടുത്ത് രചനകൾ നിർവഹിച്ച കവിയായിരുന്നില്ല വയലാർ എന്നും ഒരു സന്ദർഭവും സാഹചര്യവും പറഞ്ഞു കൊടുത്താൽ അതിശക്തമായി ആ വരികൾ വളരെ പെട്ടന്ന് ഒഴുകിവരുമായിരുന്നു എന്നും കേൾക്കുന്ന വികാരങ്ങളോട് ഹൃദയം ചേർത്തുവെക്കാൻ വയലാറിന് ഒരു പ്രയാസവുണ്ടായിരുന്നില്ല എന്നും വായിച്ചിട്ടുണ്ട്. എങ്ങനെ ഇത്ര മനോഹരമായി ജീവിതവും കവിതയും തുളുമ്പുന്ന വരികൾ എഴുതുമെന്ന് അത്ഭുതത്തോടെ നാം ചിന്തിക്കുമ്പോൾ അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു ആ വരികൾ വരുന്ന സാഹചര്യത്തെക്കുറിച്ച്.അങ്ങനെ നാമറിയുന്നു എത്ര നിഷ്പ്രയാസമായാണ് ഈ മനുഷ്യൻ മഹത്തായ വരികൾ സൃഷ്ടിച്ചതെന്ന് .
ജീവിച്ചിരുന്ന കാലഘട്ടത്തെക്കാൾ ശക്തനായി വയലാർ എന്ന കവി ,വയലാർ എന്ന ഗാനരചയിതാവ് നമ്മുടെയുളളിൽ ചിരപ്രതിഷ്ഠയായി നിൽക്കുന്നു . കാലാകാലത്തേക്ക് തിളക്കം വാരി വിതറിയ ആ വരികളെ കുറിച്ച് പറയാൻ തുടങ്ങിയാൽ എഴുതിയ എല്ലാ ഗാനങ്ങളും ഇവിടെ നിരത്തി വെക്കേണ്ടി വരും. ഓരോ വരികളെ കുറിച്ചും ഓരോ ലേഖനം തന്നെ എഴുതേണ്ടി വരും. അത്രമേൽ ആശയ സമ്പൂർണ്ണവും അർത്ഥപൂർണ്ണതയും നിറഞ്ഞ വികാരങ്ങൾ നിറച്ച് പുതിയൊരു ലോകത്തേക്ക് ആനയിക്കാൻ പ്രാപ്തിയുള്ളതാണല്ലോ ആ വരികളെല്ലാം.
1928 മാർച്ച് 25ന് വെള്ളാരപ്പിളളിൽ കേരളവർമ്മയുടേയും രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടിയുടേയും മകനായി ജനനം. 1975 ഒക്ടോബർ 27 ന് മരണം.47 വയസ്സിൽ ഈ ലോകത്തോട് യാത്ര പറയുമ്പോൾ വയലാർ ഒരു മനുഷ്യായുസ്സിൽ ആർജ്ജിക്കാൻ കഴിയുന്ന പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിയിരുന്നു. സർഗ്ഗസംഗീതം, മുളങ്കാട്, പാദ മുദ്രകൾ ആയിഷ, ഒരു യൂദാസ് ജനിക്കുന്നു എന്നിങ്ങനെ മികവുറ്റ കൃതികൾ .256 സിനിമകളിലായി പരന്നു കിടക്കുന്ന 1300 ഗാനങ്ങൾ .1962 ൽ നേടിയ കേരള സാഹിത്യ അക്കാദമി പുരസ്കാരം .പിന്നീട് നാല് തവണ ഗാനരചനയ്ക്ക് സംസ്ഥാന പുരസ്കാരം ഒരു തവണ ദേശീയ പുരസ്കാരം.47 വയസ്സിനുള്ളിൽ ഈ മഹാപ്രതിഭയെ തേടിയെത്തിയതാണീ ബഹുമതികളെല്ലാം.
വയലാറിലെ ശ്രേഷ്ഠനായ കവിയെ ശ്രേഷ്ഠമായ ആ കവിതകളെ പലപ്പോഴും ജനപ്രീതിയിൽ മറികടന്നു പോയിട്ടുണ്ട് അദ്ദഹത്തിലെ സിനിമാഗാന രചയിതാവും ഗാനങ്ങളും എന്നു പറഞ്ഞാൽ അത് തെറ്റാവില്ല .
വയലാറിൻ്റെ കവിതകളെ കുറിച്ചോ ഗാനങ്ങളെ കുറിച്ചോ സമൂഹത്തെ മാറ്റിമറിക്കാൻ കഴിവുള്ള ആ വിപ്ലവബോധത്തെ കുറിച്ചോ ഒന്നും ഞാൻ കൂടുതൽ എഴുതുന്നില്ല .എഴുതിയാൽ തീരുന്ന വിഷയവുമല്ലല്ലോ അത്. അതിനാൽ ഒരനുഭവം പറഞ്ഞ് ചുരുക്കുന്നു.
ഇക്കഴിഞ്ഞ നവംബർ ഒമ്പതിന് (2025) മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് ഒതുക്കുങ്ങൽ പബ്ലിക് ലൈബ്രറിയിൽ ബാനർ സാംസ്കാരിക സമിതി സംഘടിപ്പിച്ച വയലാർ അനുസ്മരണം ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു .ഉദ്ഘാടന പ്രസംഗത്തിൽ ഞാൻ സംസാരിച്ചു തുടങ്ങിയത് വയലാറിൻ്റെ ഗാനങ്ങളിലെ ലോകത്തേയും കാലത്തേയും മാറ്റി മറിക്കാൻ വിധം കരുത്ത് നിറഞ്ഞ വിപ്ലവ ബോധത്തെ കുറിച്ചു തന്നെയായിരുന്നു .മാനവകുലത്തെയാകെ പുതിയ തലത്തിലേക്ക് നയിക്കാൻ പ്രാപ്തിയുള്ള കാമ്പുള്ള ചിന്തകൾ വിളക്കി ചേർത്ത വരികളെ കുറിച്ചായിരുന്നു. വയലാർ മുന്നോട്ടുവെച്ച ആ മഹത്തായ ദർശനങ്ങളെ കുറിച്ചായിരുന്നു. ഏതുകാലത്തും പ്രസക്തമായ അതിശക്തമായ വരികളിലെ ആശയങ്ങളെ കുറിച്ചായിരുന്നു. അദ്ദേഹത്തിൻ്റെ പ്രകൃതി വർണനയിലെ വിസ്മയത്തെ കുറിച്ചോ വരികളിലെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചോ ഭംഗിയായി ലയിപ്പിക്കുന്ന പ്രണയഭാവങ്ങൾ പകരുന്ന മാസ്മരികതയെ കുറിച്ചോ ,വാക്കർത്ഥങ്ങൾ പകർന്നു നൽകുന്ന നിത്യ ജീവിതത്തിലെ പൂർണതയെ കുറിച്ചോ ഒന്നും പറയാതെ ആ തലങ്ങളിലേക്കൊന്നും കടക്കാതെയാണ് ഞാൻ പറഞ്ഞു തുടങ്ങിയതും തുടർന്നതും. പറഞ്ഞു നിർത്തിയതും അത്തരം ഗാനങ്ങളെ കുറിച്ചു മാത്രമാണ് . “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ” “പ്രവാചകൻമാരേ പറയൂ ” തുടങ്ങി വയലാറിന്റെ എക്കാലത്തും പ്രസക്തവും ശക്തവുമായ വരികളെടുത്ത് സംസാരിച്ച് എന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് വിഷയാവതരണം നടത്തി സംസാരിച്ച
ശ്രീ. പാർത്ഥസാരഥി വർമ്മ വയലാറിൻ്റെ ശ്രദ്ധേയമായ കാവ്യബിംബങ്ങളിലൂടെ ഭംഗിയായി കടന്നുപോയി.ശേഷം മുഖ്യപ്രഭാഷണത്തിന് എഴുന്നേറ്റ ശ്രീമതി. സുജാത വർമ്മ ഏതു വിഷയം കൈകാര്യം ചെയ്ത് സംസാരിക്കുമെന്ന് ഞാൻ കൗതുകത്തോടെ കാതോർത്തു. അവർ പറഞ്ഞത് വയലാറിൻ്റെ മറ്റൊരു മുഖത്തെക്കുറിച്ചായിരുന്നു. വയലാറും അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച്. കുട്ടൻ എന്ന് വിളിപ്പേരുള്ള വയലാറിൻ്റെ ചില സ്വഭാവ വിശേഷങ്ങളിൽ ഏറെ പ്രയാസപ്പെട്ടിരുന്ന മനസ്സു വേദനിച്ചിരുന്ന അമ്മയെ കുറിച്ച്. മകൻ എവിടെ എന്ന് ചോദിച്ചു വരുന്നവരോട് വേദനയോടെ “നിശ്ചല്യ” എന്ന് മറുപടി പറയേണ്ടി വന്ന അമ്മയുടെ അവസ്ഥകളെ കുറിച്ച്. ആ അമ്മയ്ക്ക് ആ അണ മുറിയാതെയൊഴുകിയ സ്നേഹത്തിന്, അതിരുകളില്ലാത്ത വാത്സല്യത്തിന് നിർവചിക്കാനാകാത്ത സഹനത്തിന് മറുപടിയായി സമർപ്പണമായി വയലാർ എഴുതിയ വരികളെ കുറിച്ച്. “അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് ” എന്ന വരികളെക്കുറിച്ച്. അതിമനോഹരമായി ആ അമ്മയുടെയും മകൻ്റേയും ആത്മ ബന്ധം ഹൃദ്യമായ വാക്കുകളിൽ ആവിഷ്കരിച്ചുകൊണ്ട് ശ്രീമതി.സുജാതവർമ്മയുടെ ഗംഭീരമായ പ്രഭാഷണം കടന്നുപോയി. ഒരു കാര്യം എനിക്ക് ബോധ്യമായി നമുക്കാർക്കും വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന ഒരു വ്യക്തിയല്ല വയലാർ എന്നും നമ്മുടെ യാരുടേയും വാക്കുകളിലൂടെ പൂർണമായി അവതരിപ്പിക്കാൻ കഴിയുന്നതല്ല വയലാറിൻ്റെ വ്യക്തിത്വമെന്നും .എത്ര പറഞ്ഞാലും എത്ര എഴുതിയാലും വയലാർ വീണ്ടും വീണ്ടും നമുക്ക് എഴുതാനും പറയാനുമുള്ള വലിയൊരു ശക്തിയായി മുന്നിൽ തെളിഞ്ഞു നിൽക്കും.വളർന്നു നിൽക്കും. വയലാർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ” “എനിക്ക് മരണമില്ല ” എന്ന് .സത്യം. വലിയ സത്യം.




ഹൃദ്യം 🙏