Sunday, October 13, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 34) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 34) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയയുള്ള കുഞ്ഞുങ്ങളേ ,

എല്ലാവർക്കും സുഖമെന്ന് കരുതുകയാണ്. ജൂലൈ മാസത്തിലേക്ക്,
കാലവർഷത്തിൻ്റെ കലിതുള്ളലിലേക്കാണ് നാം എത്തിയിരിക്കുന്നത്. മഴയും കാറ്റും കുളിരും നിറഞ്ഞൊഴുകുന്ന പുഴയും വെള്ളക്കെട്ടുകളുമൊക്കെയായി പരിസരമാകെ ജലമയമാണ്. പുതച്ചുമൂടിക്കിടന്നുറങ്ങാൻ നല്ല രസമായിരിക്കും. പക്ഷേ അതു പോരല്ലോ. പഠിക്കേണ്ട സമയത്തു പഠിക്കണം. നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകട്ടെ ഓരോ പഠനദിനങ്ങളും.

ഈ ആഴ്ചയിൽ നിങ്ങൾ പരിചയപ്പെടുന്ന ശൈലികളിൽ ഒന്നാമത്തേത്:

അയവിറക്കുക
വീണ്ടും വീണ്ടും ഓർമ്മിക്കുക എന്നർത്ഥം. പശു, ആട് തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങൾ അയവിറക്കുന്നതിൽ നിന്നുണ്ടായ ശൈലിയാണിത്. പക്വാശയത്തിലെത്തിയ ആഹാരം അല്പാല്പമായി വായിലെത്തിച്ച് അവ ചവച്ചരയ്ക്കുന്നതുപോലെ കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവരുന്നതിനെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്.

ഉദാ: യൗവ്വനകാലത്തെ വീരസ്യങ്ങൾ അയവിറക്കുവാൻ മുത്തശ്ശന് എന്നും വലിയ താല്പര്യമാണ്.

കിളിപറയും പോലെ
ഈ ശൈലിക്ക് അനുകരിക്കുക, ആവർത്തിക്കുക, സത്യം പറയുക എന്നിങ്ങനെ വിവിധ അർത്ഥതലങ്ങളുണ്ട്,
ഉദാ:പോലീസിൻ്റെ കൈയിൽ നിന്നും രണ്ടെണ്ണം കിട്ടിയപ്പോൾ കാര്യമെല്ലാം അവൻ കിളിപറയുമ്പോലെ പറഞ്ഞു.

പഠിച്ച പാoങ്ങളെല്ലാം മോൻ കുട്ടി കിളിപറയുംപോലെ പറഞ്ഞു കേൾപ്പിച്ചു.

അച്ഛൻ പറഞ്ഞത് കിളിപറയുംപോലെ അവൻ ആവർത്തിച്ചു.

ഈ ഉദാഹരണങ്ങളിൽ ആദ്യത്തേത് സത്യം പറയുക, രണ്ടാമത്തേതിൽ ആവർത്തിക്കുക, മൂന്നാമത്തേത് അനുകരിക്കുക എന്നിങ്ങനെ ശൈലിയുടെ അർത്ഥവ്യതിയാനം മനസ്സിലാവും.

അടുക്കളപ്പുറത്തു കിടക്കുക –
അന്യരെ ആശ്രയിച്ചു ജീവിക്കുക.

പണ്ടു പട്ടിണിയും പരിവട്ടവും നടമാടിയിരുന്നപ്പോൾ ജന്മിമാരുടെ അടുക്കള ഭാഗത്ത് കാത്തു നിന്ന് അവിടെ നിന്നു കിട്ടുന്നവ വാങ്ങി തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പുമാറ്റിയിരുന്നവരുണ്ടായിരുന്നു. അതാണ് ഈ ശെെലിയുടെ ഉദ്ഭവകാരണം..

ഉദാ: വല്ലവൻ്റെയും അടുക്കളപ്പുറത്തു കിടന്ന അവൻ്റെ അന്തസ്സിൻ്റെ കാര്യമൊന്നും എന്നോടു പറയേണ്ടാ.

ഇനി നമുക്ക് മാഷ് നിങ്ങൾക്കു വേണ്ടി എഴുതിയ ഒരു കവിത പാടിയാലാേ മക്കളേ…!

🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣

ആനയും പൂച്ചയും

ആനയ്ക്കും പൂച്ചയെപ്പോലെ
കൂർത്ത ചെവിയായിരുന്നു
ആനയ്ക്കും പൂച്ചയെപ്പോലെ
ചേലുള്ള വാലായിരുന്നു
ആനയ്ക്കും പൂച്ചയെപ്പോലെ
രോമപ്പുതപ്പായിരുന്നു.
ആനയും പൂച്ചയെപ്പോലെ
അഴകുള്ള കുഞ്ഞായിരുന്നു.

ആനയും പൂച്ചയും കൂടി
ആനമങ്ങാട്ടൊരു വീട്ടിൽ
രാത്രിയടുക്കളേലുറിയിൽ
കട്ടുതിന്നാൻ ചാടിക്കേറി.
ചട്ടി പൊട്ടിത്താഴെ വീണു
പൂച്ചയോ പമ്മിപ്പതുങ്ങി.

തട്ടുമുട്ടും കേട്ടുവന്ന
പട്ടാളംരാഘവൻ ചേട്ടൻ
ആനയെത്തൂക്കിയെടുത്ത്
ചേനതൻ തുമ്പത്തെറിഞ്ഞു.
ആകെച്ചൊറിഞ്ഞും പൊഴിഞ്ഞും
രോമമെല്ലാം താഴെവീണു,
കൂർത്ത ചെവിയും പരന്നു
മീശയും കൊമ്പുപോലായി,
വാലു ചുരുങ്ങി മെലിഞ്ഞു
മൂക്കിനോ നീളവുംവന്നു,
ആന തടിച്ചങ്ങുരുണ്ടു
പൂച്ചയോ കണ്ടുവിരണ്ടു.
വേദന കൊണ്ടാന മാേങ്ങി
ചിന്നം വിളിക്കുന്നപോലെ .!
പട്ടാളംചേട്ടനും പൂച്ചേം
നെട്ടോട്ടം ഓടടാ ഓട്ടം.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

ആനയുടെയും പൂച്ചയുടെയും കഥ എങ്ങനെയുണ്ട്? രസകരമായോ?
ആ കഥാകവിതയ്ക്കു ശേഷം ഒരു യഥാർത്ഥകഥയുമായി കുഞ്ഞുങ്ങളെക്കാണാൻ, കഥചൊല്ലി ആനന്ദിപ്പിക്കാൻ ശ്രീ.ജയനാരായണൻ തൃക്കാക്കര സാർ തയ്യാറായിക്കഴിഞ്ഞു.
കേരള ഗവ: ലേബർഡിപ്പാർട്ട്മെന്റ് സർവീസിൽനിന്നു വിരമിച്ചശേഷം തൃക്കാക്കര ഭാരതമാതകോളേജിൽ ഹ്യുമാനിറ്റീസ്, ലോജിസ്റ്റിക്സ് അതിഥിഅദ്ധ്യാപകനായിരുന്ന അദ്ദേഹം ഇപ്പോൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺയൂണിവേഴ്സിറ്റി സെന്ററിൽ ഹ്യുമാനിറ്റീസ് അദ്ധ്യാപകനായി തുടരുകയാണ്. അൻപതുകൊല്ലങ്ങളായി സാഹിത്യരംഗത്തെ സജീവസാന്നിദ്ധ്യമാണ്. ആനുകാലികങ്ങളിൽ കഥ, കവിത,യാത്രാവിവരണം ഇവയെഴുതുന്നു. ആകാശവാണി കൊച്ചി എഫ്.എം.നിലയത്തിലൂടെ കഥകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

മലയാള മനോരമയുടെ മഷിപ്പച്ച സപ്ലിമെന്റിൽ ‘മാഞ്ചോട്ടിലെ മാഷ്, വായനപ്പുരമാസികയിൽ ‘വായനപ്പുരയിലെ വാദ്ധ്യാർ’ എന്നീ പംക്തികളെഴുതിയിരുന്നു. നാരങ്ങാമിഠായി, കുഞ്ഞാറ്റകളുടെ കൂടാരം,കിളിക്കൂട്ടിലെ കളിക്കൂട്ടുകാർ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഗ്രന്ഥപ്പുര കവിതാരചന അവാർഡ്-, ചെറുപുഷ്പം ബാലനോവൽ അവാർഡ്, തൃക്കാക്കര സാംസ്ക്കാരികകേന്ദ്രം കവിത -മിനിക്കഥ അവാർഡുകൾ,
കേരളബാലസാഹിത്യ അക്കാദമി ബാലനോവൽ അവാർഡ്, കേരളസാഹിത്യസംഗമവേദി ബാലസാഹിത്യ അവാർഡ്, ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി സാംസ്കാരിക അക്കാദമി സ്പെഷ്യൽ ജൂറി Mപുരസ്കാരം എന്നിങ്ങനെ
നിരവധിപുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ജയനാരായണൻ തൃക്കാക്കര യുടെ കഥയാണ് അടുത്ത വിഭവം.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

മുകിലിൻമക്കൾ

മാനത്തും അവധിക്കാലം വന്നെത്തി. മുകിലിൻമക്കൾ മാനത്തെത്തി. അമ്പിളിമാമനെ കാൽപ്പന്താക്കിയും മിന്നൽപ്പിണരുകൾ മണ്ണിലയച്ചും മുകിലിൻമക്കൾ കളിയാടി. പേരക്കുട്ടികളെക്കണ്ട കടൽമുത്തശ്ശനു സന്തോഷമായി.

കടൽമുത്തശ്ശൻ അവരെ മണ്ണിലേക്കു ക്ഷണിച്ചു.

‘വാ മക്കളേ, എത്ര നാളായി മുത്തശ്ശൻ നിങ്ങൾക്കായി കാത്തിരിക്കുന്നു?’

”മാനത്തുമിഴിനട്ടിരുന്നു മുത്തശ്ശൻ മക്കളേ, നിങ്ങളെ കാണുവാനായി. മാനത്തെ സ്കൂളുകൾ പൂട്ടിയല്ലോ മണ്ണിലേക്കിനി, നിങ്ങൾ പോന്നീടു, മക്കളേ!”

മണ്ണിൽ മഹാമാരിയുണ്ടെന്നു പറഞ്ഞു മുകിലമ്മ വിലക്കിയെങ്കിലും മുത്തശ്ശൻ്റെ നിർബന്ധത്തിനുവഴങ്ങി തണുത്തുറഞ്ഞു മഴയായി മണ്ണിലണഞ്ഞ്, പുഴയായൊഴുകി മുകിലിൻമക്കൾ മുത്തശ്ശനോടുചേർന്നു.

കടൽമുത്തശ്ശൻ അവരെ വാരിപ്പുണർന്നു. പേരക്കുട്ടികളുമായി കളിച്ചുല്ലസിച്ചുരസിച്ച മുത്തശ്ശൻ കാലം കടന്നുപോകുന്നതറിഞ്ഞില്ല.

“മുകിലിൻ മക്കളേ, മുത്തുകളേ മണ്ണിൽ നിന്നിനി, മടങ്ങിടേണ്ട മുത്തശ്ശൻ, നിങ്ങൾക്കു കൂട്ടിനില്ലേ മണ്ണിലെ മക്കളും കൂടെയില്ലേ?”

മാനത്തെ സ്കൂളുകൾ തുറക്കാൻ കഷ്ടി ഒരാഴ്ചമാത്രം. മുകിലമ്മ മക്കളെ തിരിച്ചുവിളിച്ചു. മുത്തശ്ശനു സങ്കടമായി. പക്ഷേ, അവർക്കു തിരിച്ചുപോയേ മതിയാകൂ. മനസ്സില്ലാമനസ്സോടെ മുത്തശ്ശൻ അവരെ മടങ്ങിപ്പോകാൻ അനുവദിച്ചു.

‘മാനത്തു സ്കൂളുകൾ പൂട്ടിടുമ്പോൾ മണ്ണിലേക്കിനിയും വരണേ, മക്കളേ മുത്തശ്ശനോടൊപ്പം ചേരുന്നതിനെ മുകിലമ്മയൊരിക്കലും വിലക്കുകില്ല. ”

സൂര്യൻ അവരെ നീരാവിയാക്കി. കാറ്റിൻ കൈകളിലാടി മുകിലിൻമക്കൾ
മാനത്തേക്കു പറന്നു. മുത്തശ്ശൻ കണ്ണീരോടെ അവർക്ക് യാത്രാ മംഗളമോതി.
താഴെ മനസ്സുനിറയെ ആശങ്കത്തിരകളുമായി മറ്റാെരവധിക്കാലത്തിനായി മുത്തശ്ശൻ കാത്തിരുന്നു.

💦💦💦💦💦💦💦💦💦💦💦💦💦💦

മുകിലിൻ മക്കളുടെ ഉല്ലാസകേളികൾ അരങ്ങേറുന്ന കാലവർഷക്കാലവും ഈ കഥയും ഒന്നിച്ചണഞ്ഞത് സന്തോഷമായി. കഥയെല്ലാവർക്കും പറഞ്ഞു കൊടുക്കണം.

ഇനി നമുക്കൊരു കവിത പാടിയാലോ? കവിതാമാമൻ ആരാണെന്നറിയാൻ ആകാംക്ഷയായോ? കുഞ്ഞു കഥയ്ക്കു ശേഷം കുഞ്ഞിക്കവിത പാടിയെത്തുന്നത് ആലപ്പുഴക്കാരൻ കവിയാണ്.
മധു കുട്ടംപേരൂർ എന്ന പേരിൽ നടത്തുന്ന ശ്രീ.കേശവൻ നമ്പൂതിരി.

അച്ഛൻ കേശവൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ആലപ്പുഴയിൽ കുട്ടംപേരൂരിലാണ് ജനിച്ചത്. ഇപ്പോൾ കുടുംബസമേതം ഇടപ്പള്ളിയിൽ താമസിക്കുന്നു.

കുട്ടമ്പേരൂർ യുപി സ്കൂൾ , SKV ഹൈസ്ക്കൂൾ,പരുമല ദേവസ്വംബോർഡ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ബിരുദാനന്തര ബിരുദത്തിന്നുശേഷം 17 വർഷം കേന്ദ്രസർക്കാർ സ്ഥാപനമായ സ്പൈസസ് ബോർഡിൽ ജോലി ചെയ്തു. ഇപ്പോൾ കേരള സർക്കാരിന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പിൽ ജോലി.

ഇരുപത്തിയഞ്ചു വർഷമായി കവിതകൾ, ലേഖനങ്ങൾ, ബാലസാഹിത്യം തുടങ്ങിയവ രചിക്കുന്നു, പ്രസിദ്ധീകരിക്കുന്നു. അക്ഷരശ്ലോക സദസ്സുകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി. വെൺമണി സ്മാരകസമിതി,മാവേലിക്കര എ.ആർ. സ്മാരകസമിതി തുടങ്ങിയവ സംസ്ഥാനതലത്തിൽ നടത്തിയ കാവ്യരചന, ശ്ലോകരചന മത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്. മലയാളവാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി എറണാകുളം ജില്ലാതലത്തിൽ നടത്തിയ ലേഖന, കാവ്യരചനാ മത്സരങ്ങളിൽ പല വർഷങ്ങളിലും സമ്മാനിതനായിട്ടുണ്ട്. കേരളസാഹിത്യമണ്ഡലം സംഘടിപ്പിച്ച ചൊൽക്കാഴ്ച മത്സരത്തിൽ
“എന്റെ മുറ്റം’ എന്ന കവിത സമ്മാനാർഹമായി.
യോഗക്ഷേമസഭ എറണാകുളം ജില്ലാ അടിസ്ഥാനത്തിൽ നല്കുന്ന സാഹിത്യ പുരസ്കാരം (2022 ) ലഭിച്ചു..
ബാലഭൂമി, ബാലരമ, മിന്നാമിന്നി, കളിക്കുടുക്ക തുടങ്ങിയ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലും കേസരി, ഭക്തപ്രിയ തുടങ്ങിയ മാസികകളിലും എഴുതാറുണ്ട്.

കൈതപ്രം അവതാരിക എഴുതുകയും, മകൻ കൈലാസ് ഇല്ലസ്ട്രേഷൻ നിർവ്വഹിക്കുകയും ചെയ്ത മധുരച്ചെപ്പ് എന്ന ബാലകവിതാ സമാഹാരം എഴുത്തുപുര പബ്ലിക്കേഷൻസ് പുറത്തിറക്കിയിട്ടുണ്ട്.

മധു കുട്ടംപേരൂരിന്റെ കവിത

✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️

🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️

ആകാശപ്പറവ

ആളുകൾ നിറയെക്കയറുന്നു
ആകാശത്തു പറക്കുന്നു.

ചിറകുവിരിച്ചൊരു പക്ഷി കണക്കെ
നിറവോടങ്ങനെ നീങ്ങുന്നു.

ഉയരാൻ താവളമതുവേണം താഴാൻ
താവളമതു വേണം.

ഉയരാൻ, താഴാനോരോന്നിന്നായ്
ഉയിരേകാനുണ്ടറിയിപ്പ് !

കടലുകടക്കാൻ,മലകൾ കടക്കാൻ
മടിയില്ലിവനെന്നറിയേണം.

നമ്മെ സുരക്ഷിതരായെത്തിക്കും
നന്മ കരുത്താണിവനെന്നും.

🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

ആകാശപ്പറവയെക്കുറിച്ചുള്ള നല്ലൊരു കൊച്ചുകവിത. നിങ്ങളെല്ലാവരും ആകാശപ്പറവയെ കണ്ടിട്ടുണ്ടാവും. പക്ഷേ എല്ലാവരും പറവയൊന്നിച്ച് പറന്നിട്ടുണ്ടാവില്ല. നമുക്കും പറക്കാം ഭാവിയിൽ ഈ ആകാശചാരിയുടെ ചിറയിലേറി. എന്താ വേണ്ടേ?

ഇനിയൊരു കഥയായാലോ ! ഒരു ടീച്ചറമ്മയതാ കഥ പറയാൻ കാത്തു നില്ക്കുകയാണ്. കുട്ടികളെ അത്രയ്ക്കിഷ്ടമാണ്. മലപ്പുറം മഞ്ചേരിക്കടുത്തുള്ള കരുവമ്പ്രത്തുകാരിയായ പി പരിമള എന്ന ടീച്ചറമ്മയ്ക്ക്.

എന്നും കൊച്ചുകുട്ടികളുമായി ഇടപഴകുന്ന ടീച്ചർ കവിതകളാണ് കൂടുതലും എഴുതിയിട്ടുള്ളത്. നിങ്ങൾക്കുവേണ്ടി മാഷിന്റെ നിർബന്ധപ്രകാരമാണ് നല്ല ഒരു കുഞ്ഞിക്കഥ – കുഞ്ചുക്കുരങ്ങനും ചിന്നപ്പനും – എഴുതിത്തന്നത്.
.

പരിമള ടീച്ചർ കുട്ടികൾക്കായി അഞ്ചു പുസ്തകങ്ങൾ (ബാലകവിതകൾ) എഴുതിയിട്ടുണ്ട് “ഒരു പൂമൊട്ടിന്റെ ഓർമ്മയ്ക്ക് “എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കിളിക്കൊഞ്ചൽ എന്ന ബാലസാഹിത്യ കൃതിക്ക് ഉത്തരകേരള കവിതാസാഹിത്യവേദിയുടെ ബാലസാഹിത്യ അവാർഡ്, SSA യുടെ ആദരം, നിർമ്മാല്യം കലാസാഹിത്യ അവാർഡ് എന്നീ അംഗീകാരങ്ങൾ ടീച്ചറെത്തേടി എത്തിയിട്ടുണ്ട്.

🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒

കുഞ്ചുക്കുരങ്ങനും ചിന്നപ്പനും

മഹാവികൃതിയായിരുന്നു കുഞ്ചുക്കുരങ്ങൻ.അവന് മരക്കൊമ്പുകളിലൂടെ അതിവേഗം ഓടാനും ഉയരമുള്ള മരത്തിൽപ്പോലും കയറാനും കഴിയുമായിരുന്നു. അതുകൊണ്ടു തന്നെ അവൻ അഹങ്കാരിയുമാണ്. മറ്റു മൃഗങ്ങളെയെല്ലാം ദ്രോഹിക്കും. അവനെ പിടിക്കാൻ ചെന്നാലോ ഓടിരക്ഷപ്പെടും.. ഒരിക്കൽ, പാവം മുയലുണ്ണി കുഞ്ചുക്കുരങ്ങന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടത് ചിന്നപ്പൻ ഓടിവന്നതു കൊണ്ടാണ്. നല്ല ആനക്കുട്ടനാണ് ചിന്നപ്പൻ.

എല്ലാ മൃഗങ്ങളേയും അവൻ സഹായിക്കും. ചന്നപ്പനേയും കുഞ്ചു വെറുതെവിടില്ല. കായ്കൾ പറിച്ചെറിഞ്ഞും കമ്പുകൊണ്ട് കുത്തിയും ദ്രോഹിക്കും.

ഒരു മഴക്കാലത്ത് പുഴക്കരയിലുള്ള മരത്തിൽ വിശ്രമിക്കുകയായിരുന്നു കുഞ്ചു .പെട്ടെന്നാണത് സംഭവിച്ചത് വീശിയടിച്ച കാറ്റിൽ മരം കടപുഴകി പുഴയിലേക്ക് വീണു. മരത്തോടൊപ്പം കുഞ്ചുക്കുരങ്ങനും ഒഴുക്കിൽപ്പെട്ടു. അവൻ മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരുന്ന് വിളിച്ചുകൂവി.

“രക്ഷിക്കണേ…രക്ഷിക്കണേ.”

ചില മൃഗങ്ങളെല്ലാം അതു കേട്ടു. എന്നാൽ ആരും സഹായിക്കാൻ കൂട്ടാക്കിയില്ല.ഒരുശല്യം ഒഴിവായല്ലൊ എന്നാണവർ കരുതിയത്.

മുളങ്കാടുകൾക്കരികിൽ നിൽക്കുകയായിരുന്നു ചിന്നപ്പൻ. കുഞ്ചുവിന്റെ കരച്ചിൽ അവൻ്റെ കാതിലുമെത്തി. പുഴവെള്ളം മുളങ്കാടിന്നരികിലൂടെ ഒഴുകുകയാണ്. ചിന്നപ്പൻ പുഴയിലേക്കിറങ്ങി ഒഴുകിവരുന്ന മരത്തെ ലക്ഷ്യമാക്കി നീന്തിയടുത്തെത്തി.

“കുഞ്ചൂ വേഗം എന്റെ പുറത്തേക്ക് ചാട്“
ചിന്നപ്പൻ പറയുന്നതു കേട്ടപാടെ കുഞ്ചു സർവ്വശക്തിയുമെടുത്ത് കുതിച്ചുചാടി. ചിന്നപ്പൻ അവനെയും പുറത്തിരുത്തിക്കൊണ്ട് തിരിച്ചുനീന്തി.

കരയിലെത്തിയപ്പോൾ കുഞ്ചുക്കുരങ്ങൻ ചിന്നപ്പന്റെ തുമ്പിക്കൈയ്യിൽപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവൻ സ്വരമിടറിപ്പറഞ്ഞു.
”ഇനി ഞാൻ ആരേയും ദ്രോഹിക്കില്ല. ആരെക്കാളും കേമനാണെന്ന അഹങ്കാരമായിരുന്നു ഇതുവരെ . ചിന്നപ്പൻ വന്നില്ലെങ്കിൽ… ”

ദയ തോന്നിയ ചിന്നപ്പൻ കുഞ്ചുവിനെ സമാധാനിപ്പിച്ചു. അന്നുമുതൽ ആ കാട്ടിൽ സന്തോഷം കളിയാടി.

💥💥💥💥💥💥💥💥💥💥💥💥💥💥

കഥ ഇഷ്ടമായില്ലേ? ആപത്തിൽപ്പെട്ട കുഞ്ചുവിനെ ചിന്നപ്പൻ രക്ഷിച്ചതു കണ്ടില്ലേ. ഇങ്ങനെ പരസ്പരസ്നേഹത്തോടും വിശ്വാസത്തോടുംകൂടെയുള്ളതാണ് യഥാർത്ഥ ചങ്ങാത്തം എന്നാണ് ചിന്നപ്പൻ പഠിപ്പിച്ചത്.

ഇനിയൊരു കുഞ്ഞു കവിത.

കവിതപാടി രസിപ്പിക്കാൻ ഒരു മാമൻ എത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണക്കാരനായ ശ്രീ.ശിവൻ സുധാലയം സാർ. അദ്ദേഹമിപ്പോൾ താമസിക്കുന്നത് കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്ന ചെറുതുരുത്തിക്കടുത്തുള്ള പുതുശ്ശേരിയിലാണ്.

എം കോം, എം ബി എ, എച്ച് ഡി സി, ജേർണലിസത്തിലും പബ്ലിക്‌ റിലേഷൻസിലും പി ജി ഡിപ്ലോമ എന്നീ ബിരുദങ്ങൾ നേടിയ ശിവൻ സുധാലയം പാരലൽ കോളജ് അദ്ധ്യാപകൻ, ബാങ്ക് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്തു. 12018 ലാണ് വിരമിച്ചത്.

ഇപ്പോൾ ബോധി ഒറ്റത്താൾ ഇൻലൻഡ് മാസിക, ഓൺലൈൻ പേജുകൾ എന്നിവയുടെ പത്രാധിപരാണ്. പീഡിത കല്പനകൾ (ലിപി കോഴിക്കോട്) എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവുമാണ്.

🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾🏊🏾

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ശിവൻ സുധാലയം എഴുതിയ കവിത.

അമ്പലക്കുളത്തിൽ

നീന്തിക്കുളിക്കുവാനിപ്പൊഴുമുണ്ടെന്റെ
നാട്ടിലെയമ്പലക്കുളക്കടവ്
രാവിലെ കൂട്ടുകാരൊക്കെയുമെത്തുന്ന
പാടത്തെക്കരതൊട്ട
കളിക്കടവ്. ഉണ്ണിയതിങ്ങനെ
ഓർത്തൊട്ടു നിൽക്കവെ
മുരളിയാംചങ്ങാതികൂട്ടണഞ്ഞു.
പിന്നെ കലപിലയൊച്ചയാൽ കൂട്ടരാ
കടവിന്റെ വക്കത്തു ചെന്നുനിന്നു
മാധവൻ,ശ്രീധരൻ,വാസുവും,രാജനും
പടവുകൾചാടി മറിമറിഞ്ഞു
ഉണ്ണിയും പതിയെത്തൻ
ഊഴമറിഞ്ഞങ്ങു
ഊളിയിട്ടപ്പുറം ചെന്നുപൊങ്ങി!

🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️

കുളത്തിലെക്കുളി ഇപ്പോഴത്തെ കൂട്ടുകാർക്ക് ഓർക്കാനാവില്ല. ബാത്രൂമിൽ വീഴുന്ന കൃത്രിമ മഴയിൽ കുതിർന്നു കുളിക്കാനാണ് നിങ്ങളുടെ വിധി. ചിലർക്ക് അതും പറ്റില്ല. ചൂടുവെള്ളം വേണം. – അങ്ങനെയാണോ ?കുളിക്കാൻ മടിയുള്ളവരുമുണ്ടെന്ന് മാഷിനറിയാം.

ഏതായാലും കുഞ്ഞുകൂട്ടുകാരേ,
ഇത്തവണ നക്ഷത്രക്കൂടാരത്തിൽ ഉൾപ്പെട്ട കഥകളും കവിതകളും കൂട്ടുകാർക്ക് ഇഷ്ടമായിട്ടുണ്ടാവും. ഇല്ലേ ?.

ഇനി പുതുമകളുമായി നമുക്ക് അടുത്ത ആഴ്ച കാണാം. അപ്പോൾ പുതിയ സാഹിത്യപ്രതിഭകളെ പരിചയപ്പെടുകയുമാവാം ചങ്ങാതിമാരേ.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments