കൊച്ചി: മാമലക്കണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിയായ മായ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ വീട്ടിൽ ആശവർക്കാർമാരെത്തിയപ്പോളാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോയും മൃതദേഹത്തിനരികിൽ ഉണ്ടായിരുന്നു. ഇന്നലേ രാത്രിയാണ് സംഭവം നടന്നത്.
രാത്രി വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
ഭാര്യയെ സംശയാസ്പദമായ നിലയിൽ കണ്ടെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവർക്കൊരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.