ഓര്‍മ്മകള്‍ ഇല്ലാതാകുന്നിടത്ത് ഒരു മനുഷ്യൻ മരിക്കുകയാണ്. ആ വിലപ്പെട്ട ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞുനടത്തമാണ് നൂറനാടിന്‍റെ നഷ്ടപ്പെട്ട ഗ്രാമീണജീവിതത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ പ്രസാദ് ശ്രീധറിന്‍റെ ‘ഓര്‍മ്മത്തീവ് ‘ എന്ന പുസ്തകം.
മനുഷ്യമനസ്സുകളുടെ നൊമ്പരങ്ങള്‍ മാത്രം കണ്ടുലയാന്‍ വിധിക്കപ്പെട്ട ഒരു ഔദ്യോഗിക ഭൂമികയില്‍ നിന്ന് , കുടുംബക്കോടതിയുടെ നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞ അനുഭവങ്ങള്‍ അത്ര തന്നെ സ്വഭാവികതയോടെ ‘ഇണകൾ വേർപിരിയും ഇടം’ എന്ന പേരിൽ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ഒരു എഴുത്തുകാരന്‍ എത്രയോ വേഗതയാര്‍ന്ന മറ്റൊരെഴുത്തുവഴിയിലൂടെയാണ് നൂറനാടിന്‍റെ മാഞ്ഞുപോയ നട വരമ്പുകള്‍ തെളിച്ചിടുന്നത്. ആ എഴുത്ത് വഴക്കം അത്ഭുതപ്പെടുത്തുന്നു.
പുതുതലമുറയ്ക്ക് അപരിചിതമായ നാട്ടുവഴികള്‍ ആ എഴുത്തുകളില്‍ അദ്ദേഹം സമര്‍ത്ഥമായി സ്വീകരിച്ചിരിക്കുന്നു. നൂറനാടിന്‍റെ ഒരു കാലഘട്ടത്തെ, സൗഹൃദങ്ങള്‍, നാട്ടുമണങ്ങള്‍, ഓലപ്പുളിമണമുയരുന്ന രാവുകൾ, പുരമേയലുകള്‍, അമ്പലക്കുളങ്ങളില്‍ പൊലിഞ്ഞതും രക്ഷപെട്ടതുമായ ജീവനുകള്‍ തുടങ്ങി എത്രയെത്ര ജീവിതബിംബങ്ങളിലൂടെയാണ് സ്വന്തം അനുഭവങ്ങളെ അദ്ദേഹം പേനത്തുമ്പിലൂടെ കോറിയിടുന്നത്. യതാതഥജീവിതവും അങ്ങനെ തന്നെയാണ്.
നാട്ടുമണമുള്ള ഒരു ആത്മകഥയുടെ സര്‍വ്വസുഗന്ധവും നിറഞ്ഞ എഴുത്തിന് നൂറനാടിന്‍റെ കഥാകാരൻ പ്രസാദ് ശ്രീധര്‍ ഒരു പൊന്‍തൂവല്‍ അര്‍ഹിക്കുന്നു. നന്ദി കഥാകാരാ….