Thursday, July 18, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 18 | ചൊവ്വ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 18 | ചൊവ്വ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

🔹റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് . അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്. അറുപത് പേര്‍ക്ക് പരിക്കേറ്റു.

🔹പുതുക്കിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി ബാബരി മസ്ജിദിന്റെ പേര് മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മ്മിതി എന്ന് മാറ്റിച്ചേര്‍ത്തതിനെ ചരിത്രവസ്തുതകളെ മറച്ചു പിടിക്കാനുള്ള നീക്കമെന്നും പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ ദേശീയ കമ്മറ്റി. പഴയ പുസ്തകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ് വ്യക്തമാക്കി.

🔹മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കെ. അനിഴന്‍, ഷാജി, കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മണല്‍ മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങള്‍ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.

🔹വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടില്‍ നിന്നും ഒളിവില്‍ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോര്‍ട്ടില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി.

🔹കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

🔹തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.

🔹മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.

🔹ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ അര്‍മേനിയയില്‍ ബന്ദിയാക്കി. മോചനദ്രവ്യമായി വീട്ടുകാര്‍ ഒന്നരലക്ഷം നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് മുന്‍പ് 2.5 ലക്ഷം നല്‍കിയില്ലെങ്കില്‍ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിട്ടുണ്ട്.

🔹ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സിബിന്‍ ലൂക്കോസ് (21), എബിന്‍ ടോം ജോസഫ് (18), ജസ്റ്റിന്‍ ജേക്കബ് (21) എന്നിവര്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. ഒന്നര വര്‍ഷമായി യുവാക്കള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.

🔹ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സുഹൃത്തും സതീഷും മാത്രമേ ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റ് കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി ബാംഗ്ലൂരിലേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് സതീഷിനെ മരിച്ചുകിടക്കുന്ന നിലയിൽ കിടക്കുന്നത് കണ്ടത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

🔹ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടിയത്. റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.

🔹നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി. ഇറാനിലുള്ള മധുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.കേസിലെ മുഖ്യ പ്രതിയായ മധു കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇറാനിലാണ്. അവിടെയിരുന്നുകൊണ്ടാണ് ഇയാള്‍ അവയവക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഇയാളുടെ സംഘത്തിലെ മുഖ്യ കണ്ണികളായ 3 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി അവയവദാതാക്കളെ കണ്ടെത്തിയിരുന്ന ഹൈദരാബാദ് സംഘത്തിന്‍റെ മുഖ്യചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ഇവരുടെ സംഘത്തിലെ കണ്ണിയും ദാതാക്കളെ ഇറാനിലെത്തിക്കുകയും ചെയ്തിരുന്ന സാബിത്ത് നാസര്‍, കൂട്ടാളിയായ സജിത്ത് ശ്യം എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

🔹കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ (42) സാദിഖിനെ കുത്തുകയായിരുന്നു. തുടർന്ന് സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സാദിഖ് മരിച്ചത്. സംഭവത്തിൽ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു.

🔹അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

🔹കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലധികം പേർക്ക് ഛർദിയും വയറിളക്കവും. ഡിഎൽഎഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് ഫ്ലാറ്റിൽ പ്രശ്‌നം തുടങ്ങിയത്. രോഗബാധയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുട്ടികൾക്ക് ഛർദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ കിണറുൾപ്പെടെയുള്ള ജലസ്രോതസുകളുണ്ട്. അതിനാൽ തന്നെ രോഗബാധയുടെ കാരണം വ്യക്തമാകാൻ ആരോഗ്യ വകുപ്പ് സാമ്പിളായി ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ പരിശോധന ഫലം വരണം.

🔹ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്.മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ ആയിരുന്നു. ചടങ്ങിൽ ഭക്ഷണം തയ്യാറാക്കിയത് അയൽവീട്ടിലെ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ചന്ദ്രൻ ഇവിടെയെത്തിയ ചന്ദ്രൻ ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്ന തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹൻ കുഴഞ്ഞു വീണത്.ഉടൻ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു മോഹൻ. ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കൾ: ശ്യാം, ശ്യാമിലി.

🔹കോട്ടയം: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം ഇന്നലെ വൈകീട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.

🔹മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പോക്സോ കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയില്‍ അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താന്‍ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

🔹ജമ്മു കശ്മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎ ക്ക് കൈമാറി. ഈ മാസം ഒന്‍പതിന് നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് തീര്‍ത്ഥാടകര്‍ക്കാണ് ജീവന്‍ നഷ്ടമായത് റിയാസിയിലെ ശിവ കോരി ക്ഷേത്രത്തില്‍ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ ഇടങ്ങളിലെ തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

🔹എയര്‍ ഇന്ത്യ ബെംഗളൂരു-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്. വിമാനത്തില്‍ യാത്ര ചെയ്ത മാതുറസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ യാത്രക്കാരന്‍ പങ്കുവെക്കുകയും ചെയ്തു. ഉടന്‍ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ മാപ്പ് പറയുകയും മറ്റൊരു വിഭവം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു. കേറ്ററിംഗ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്‌സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്‌റ അറിയിച്ചു.

🔹കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുന്‍ എംഎല്‍സി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

🔹ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീം മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം.

🔹യൂറോ കപ്പ് ഫുട്ബോളില്‍ യുക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റൊമാനിയ. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരേ ആധികാരിക വിജയമാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കി. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ് ഈ വിജയം. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

🔹ഹണി റോസ് പ്രധാന കഥാപാത്രമാകുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. പോസ്റ്ററുകളില്‍ സൂചിപ്പിച്ചപോലെ വയലന്‍സ് നിറഞ്ഞ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ബോള്‍ഡ് ലുക്കിലാണ് ഹണി റോസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ എബ്രിന്‍ ഷൈനും രാഹുല്‍ മണപ്പാട്ടും ആണ് ഒരുക്കുന്നത്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിതവ മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. ഇഷാന്‍ ഛബ്രയാണ് സംഗീതം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments