കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്പന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നിതിൻ മോഹൻദാസ് മോർഫ് ചെയ്തത് അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങൾ. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതികൾ എത്തിയിട്ടുണ്ട്. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വർഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്.
പ്രതി സ്ഥിരമായി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം. പ്രതിയുടെ മെയിലുമായി കണക്ട് ചെയ്ത ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ ലഭിച്ചിരുന്നു. ഗുരുതര ആരോപണങ്ങളും തെളിവുകളും ലഭിച്ചിട്ടും നിതിൻ മോഹൻദാസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. പൊലീസ് പ്രതിയെ സംരക്ഷിക്കുന്നതായി പരാതിക്കാരിയും പറഞ്ഞു. തെളിവുകൾ പോലും പൊലീസ് കളഞ്ഞെന്നാണ് ആരോപണം. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.



