തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ് നിരത്തിലേക്ക്. നേരത്തെ എറണാകുളത്ത് ഉദ്ഘാടനം നിർവഹിച്ച പുതിയ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസിനെത്തുന്നത്
എയർ ഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാകും. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും എറണാകുളത്തേക്ക് തിരിക്കും.
രാവിലെ 5.15ന് തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്തിന് മുമ്പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും
ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം.വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്ക്രീനുകളും നൽകിയിട്ടുണ്ട്.
പൂർണമായും ചായിക്കാവുന്നതും ലെതർ ആവരണം നൽകിയിട്ടുള്ളതുമാണ് സീറ്റുകൾ. മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളത്.എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക. ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും.
യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്തത്.2025 അവസാനത്തോടെയാണ് മന്ത്രി ബിസിനസ് ക്ലാസ് ബസ് പ്രഖ്യാപിച്ചത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.



