വില്യം ഗോൾഡിങ്ങിൻ്റെ വിശ്വപ്രസിദ്ധമായ “”ലോഡ് ഓഫ് ദ ഫ്ലൈസ് ” എന്ന നോവൽ നമ്മളിൽ പലരും വായിച്ചിട്ടുണ്ടായിരിക്കാം. നോവലിനെ കുറിച്ച് ചുരുക്കം പറയുകയാണെങ്കിൽ: ഏതോ ലേക യുദ്ധപശ്ചാത്തലത്തിൽ അറുപതോളം കുട്ടികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് വിമാനത്തിൽ മാറ്റുന്നതാണ് കഥയുടെ കാതൽ. നിർഭാഗ്യവശാൽ വിമാനം തകരുകയും പൈലറ്റ് മരണപ്പെടുകയും ചെയ്യുന്നു. തുടർന്ന് അതിലുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെടുകയും ഒരു വിജനമായ ദ്വീപിൽ ഒറ്റപ്പെടുന്നു. ദ്വീപുസമൂഹം സുഖസുന്ദരമാണെങ്കിലും കളിച്ചു രസിക്കുകയല്ല ആ കുട്ടികൾ ചെയ്തത്. പകരം അവർ ചേരിതിരിഞ്ഞ് പോരാടുകയായിരുന്നു. പോരാട്ടത്തിൻ പലർക്കും പരിക്കേൽക്കുന്നു. മാത്രമല്ല അതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു. ഇരുണ്ട മനുഷ്യപ്രകൃതത്തെ വെളിപ്പെടുത്തുന്ന ഈ നോവൽ, സാംസ്ക്കാരികാനുശീലമില്ലെങ്കിൽ ദൈവപ്രതിരൂപങ്ങൾ പോലും ചെകുത്താൻ കുഞ്ഞുങ്ങളായി പരിണമിക്കുമെന്നാണ് ഈ കഥയിൻ ധ്വനിപ്പിക്കുന്നത്.
അങ്ങനെയൊരു പരിണാമം അഗോള തലത്തിൽതന്നെ നടക്കുന്നുണ്ട്. അമേരിക്കയിലും മറ്റും 16 വയസ്സുകാരൻ തോക്കെടുത്ത് 18 സഹപാഠികളെ വെടിവെച്ചുകൊന്നു എന്ന് പലരും പത്രങ്ങളിൽ വായിച്ചിട്ടുണ്ടാകാം. മാതാപിതാക്കളെ തല്ലുന്ന മക്കളിലൂടെയും സഹപാഠിയെ അഴുകിയ വെള്ളം കുടിപ്പിക്കുന്ന കൗമാരക്കാരിലൂടെയും പ്രിൻസിപ്പാലിനെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുന്ന കുട്ടിയിലൂടെയും നമ്മളും അമേരിക്കൻ നിലവാരത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.ഈ അവസ്ഥാവിശേഷത്തിൽ പാരൻ്റിങ്ങിൽ മാതാപിതാക്കളും ടീച്ചിങ്ങിൽ അദ്ധ്യാപകരും അവരുടെ സമീപനം അടിമുടി മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ വില്യം ഗോൾഡിങ്ങിൻ്റെ നോവൽസ്ഥിതി നമ്മുടെ കൊച്ചു കേരളത്തിലും സംഭവിച്ചുകൂടായ്കയില്ല.
ഇന്ന് കേരളത്തിൽ പൊതുവേ പാരൻ്റിങ്ങ് എന്നു പറഞ്ഞാൽ കടം മേടിച്ചിട്ടാണെങ്കിലും മോഹിച്ചതെല്ലാം മക്കൾക്ക് നിവർത്തിച്ചു കൊടുക്കലാണ്. അവരുടെ തോന്ന്യാസങ്ങൾക്ക് ചൂട്ടുപിടിക്കലാണ്, കഴുത്തറപ്പൻ മത്സരത്തിന് പിള്ളേരെ പ്രേരിപ്പിക്കലാണ്, വിജയം മാത്രമാണ് ജീവിതമെന്ന് പഠിപ്പിക്കലാണ്. വിദ്യാലയത്തിൽ പ്രശ്‌നങ്ങളുണ്ടായാൽ സത്യം മനസ്സിലാക്കാതെ മക്കളെ പിൻതുണച്ച് അധ്യാപകരുടെ മേക്കട്ട് കയറലുമാണ്. അല്ലെങ്കിൽ നേരേ തിരിച്ച് മക്കളിലേയ്ക്ക് തിരിഞ്ഞു നോക്കാതെ രക്ഷിതാക്കൾ സുഖം തേടി പോകലാകാം.
ഇന്നത്തെ ടീച്ചിങ്ങാകട്ടെ, ചുമ്മാ ഫെസിലിറ്റേറ്റർ,അതായത് വിദ്യാർത്ഥിക്കും വിജ്ഞാനത്തിനും ഇടയിലെ ഒത്താശക്കാർ മാത്രമായി അദ്ധ്യാപകർ ചുരുങ്ങിപ്പോകലാണ്. ടീച്ചിങ്ങ് രംഗത്ത് അദ്ധ്യാപകർ പാലിക്കേണ്ട സുവർണ്ണ തത്ത്വം വാല്യുബേയ്സ്ഡ് എജ്യുക്കേഷൻ്റേതാണ്. സിലബസ് പാഠങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം കാരുണ്യവും സഹതാപവും പരക്ലേശ വിവേകവും വിദ്യാർത്ഥികളിൽ അങ്കുരിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. നന്മ നിറഞ്ഞ വ്യക്തിത്വത്തിൻ്റെ മാതൃകകളാകാൻ അദ്ധ്യാപകർ പരമാവധി പരിശ്രമിക്കുകയും വേണം. അതിനായി രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത്, വിദ്യാർത്ഥികൾക്കു മുന്നിൽ അദ്ധ്യാപകരെ ഒരിക്കലും തളളി പറയാതിരിക്കുകയാണ്. മതിപ്പും ആദരവും ലഭിക്കാത്ത അദ്ധ്യാപകർ പകരുന്ന വിദ്യ വിദ്യാർത്ഥികൾക്ക് ഒരിക്കലും ഉപകരിക്കുകയില്ലെന്ന് മനസ്സിലാക്കുക.
ലോഡ് ഓഫ് ദ ഫ്ലൈസിലെ വിധി നമ്മുടെ കുട്ടികൾക്ക് വരാതിരിക്കാനായി പാരൻ്റിങ്ങ് രംഗത്ത് മാതാപിതാക്കളും ടീച്ചിങ് രംഗത്ത് അദ്ധ്യാപകരും പിൻതുടരേണ്ട മാർഗ്ഗങ്ങൾ പരിശോധിക്കാം.
സ്നേഹം, കാരുണ്യം, അപരപരിഗണന, ദയ തുടങ്ങിയ മനുഷ്യഗുണങ്ങളുള്ള വ്യക്തികളായി മക്കളെ വളർത്തലാണ് യഥാർത്ഥ പാരൻ്റിങ്ങെന്ന് മാതാപിതാക്കൾ തിരിച്ചറിയലാണ് ഒന്നാമത്തെ കാര്യം.
അമിത സംരക്ഷണവും അമിത ലാളനയു ഒഴിവാക്കുക: എല്ലാ കാര്യത്തിനും താങ്ങി കൊടുക്കുന്നത് കുട്ടികളെ പരാശ്രയ ജീവികളായി മാറ്റും. ലോകം മുഴുവൻ തങ്ങളെ സേവിക്കാനുള്ളതാണെന്ന തെറ്റിദ്ധാരണയും അവരിൽ വളർത്തും ഇങ്ങനെയുള്ള കുട്ടികളാണ് തൊട്ടാവാടികളും സ്വാർത്ഥികളും വെല്ലുവിളികൾ നേരിടാൻ പ്രാപ്തിയില്ലാത്തവരുമായി ആത്മഹത്യ ചെയ്യുന്നത്.
ശരിയും തെറ്റും നിർണ്ണയിച്ചു കൊടുത്ത് കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരാക്കുക: സ്വന്തം മക്കൾ ചെയ്യുന്നതെല്ലാം ശരിയെന്ന നിലപാട് ഒരിക്കലും സ്വീകരിക്കരുത്.കുടുംബവും സഹജീവികളും സമൂഹവും കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എപ്പോഴും അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം.
സ്നേഹം എന്ന വാക്കിൻ്റെ പര്യായം കാപട്യമെന്നല്ല. ഉത്തരവാദിത്വമെന്നാണെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കുക. ഇമോഷണൽ ഇൻ്റലിജൻസ് വളർത്തുക. സഹജീവികളെ അഭിനന്ദിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കുവാനും പഠിപ്പിക്കുക. കൈക്കോട്ടിൻ്റെ പ്രവർത്തി പോലെ പ്രവർത്തിക്കാൻ കുട്ടികളെ സമ്മതിക്കരുത്.ഗൃഹസന്ദർശനത്തിനെത്തുന്ന ബന്ധുക്കളെയും സ്വന്തക്കാരെയും മൈൻഡ് ചെയ്യാതെ മൊബൈലിൽ മുഖം പൂഴ്ത്തിപ്പോകുന്ന കുട്ടികൾ ഭാവിയിൽ റോഡിലെ ഹിറ്റ് ആൻഡ് റൺ കുറ്റവാളികളായി മാറാൻ സാധ്യതയുണ്ട്.
സ്വയം മാതൃകകളാകുക: ഇത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ വിഷമം പിടിച്ച കാര്യമായിരിക്കാം. എന്നാലും മക്കൾ കൊള്ളരുതാത്തവരും ക്രൂരരും കൊലപാതകികളുമാകാതിരിക്കാൻ അവർക്കു മുന്നിൽ നമുക്ക് മാതൃകകൾ കാഴ്ചവെയ്ക്കാം.




Thanks
ചിന്തനീയം 🙏
സന്തോഷം