Sunday, April 26, 2026
Homeഅമേരിക്കപി എൻ വിജയൻറെ പുതിയ നോവൽ " സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ" (അദ്ധ്യായം ഒന്ന്)

പി എൻ വിജയൻറെ പുതിയ നോവൽ ” സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ” (അദ്ധ്യായം ഒന്ന്)

ക്ലൈവ് സായിപ്പ് വരുന്നതുവരെ ഈ സ്ഥലം ചാത്തന്നൂർ ആയിരുന്നു. ആർക്കോട്ട് നവാബിനെ ജയിച്ചശേഷം സായിപ്പ് പടനയിച്ചത് കിഴക്കോട്ട് ആയിരുന്നു. പെന്നാറും പാലാറും ഭവാനിയും കാവേരിയും കടന്ന് നൊയ്യാറിന്റെ കരയിൽ എത്തിയപ്പോഴാണ് അല്പം കുളിർമ അനുഭവപ്പെട്ടത്. സായിപ്പ് അവിടെ കൂടാരം പണിയിച്ച് കേംപ് തുടങ്ങി. സ്ഥലവും കാറ്റും തണുപ്പും സായിപ്പിന് വളരെ രസിച്ചു. താമസിയാതെ കൂടാരങ്ങൾ വീടുകളായി. വീടുകൾ ബംഗ്ലാവുകളായി. ബംഗ്ലാവിനു പിന്നിൽ കരിയടുപ്പുപുരകളും കുതിരലായങ്ങളും ഉയർന്നു. ആദ്യം ഉയർന്നത് ഇരുപത് ബംഗ്ലാവുകളാണ്. അങ്ങനെയാണ് ആ സ്ഥലം ട്വൻ്റി ബ്ലോക്ക്സ് എന്നറിയപ്പെട്ടത്.

ഒന്നരനൂറ്റാണ്ടു കഴിഞ്ഞാണ് അതിലെ റെയിൽപ്പാത വന്നത് . അപ്പോഴും ആ സ്ഥലം ട്വൻ്റി ബ്ലോക്ക് ആയി നിലനിന്നു . അവിടെ റെയിൽവേ ഉദ്യോഗസ്ഥന്മാർ താമസമാക്കി. ആദ്യം ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പിന്നീട് ആംഗ്ലോ ഇന്ത്യൻ ഉദ്യോഗസ്ഥരും. ഇന്ന് അവിടെ താമസിക്കാൻ റെയിൽവേ ജോലിക്കാർക്ക് സൗകര്യം പോരാത്തതുകൊണ്ട് റെയിൽവേ ഡിപ്പാർട്ടുമെൻ്റ് എല്ലാം പൊളിച്ചു മാറ്റി. ഏക്കർകണക്കിൽ പരന്നുകിടന്ന ഭൂമി മുറിച്ചു കഷണങ്ങളാക്കി സ്വകാര്യകമ്പനികൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്.

ക്ലൈവ് സായിപ്പ് താമസം തുടങ്ങിയപ്പോൾ കൂടെവന്ന പലരും അദ്ദേഹത്തിൻ്റെ സഹായികളായി അപ്പുറത്തും ഇപ്പുറത്തും താമസിക്കാൻ തീരുമാനിച്ചു. പാലക്കാട് ചുരത്തിലൂടെ വീശിയടിച്ചിരുന്ന തണുത്ത കാറ്റും കുളിർമയുള്ള കാലാവസ്ഥയും അവർക്ക് പ്രിയങ്കരമായി.

അതിന്നിടയിലാണ് നാട്ടുകാരിൽനിന്ന് സായിപ്പ് കൂടുതൽ തണുപ്പുള്ള മലമുകളിലെ ആവാസകേന്ദ്രങ്ങളെപ്പറ്റി മനസ്സിലാക്കിയത് . ഇന്ന് ഊട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഉതകമണ്ഡലം ആയിരുന്നു അത്. സായിപ്പിൻറെ ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് മുകളിലേക്ക് കൈ ചൂണ്ടിക്കാണിച്ച് പരിചാരകരിൽ ആരെങ്കിലും പറഞ്ഞതായിരിക്കാം. “അവിടെ ഇതിലും കൂടുതൽ സുഖം ഉണ്ട് , ഇതിലും നല്ല തണുപ്പുണ്ട് …. ” അങ്ങനെയാണ് ശാന്തനൂരിൽനിന്ന് മേട്ടുപ്പാളയത്തേയ്ക്കും കുന്നൂരിലേയ്ക്കും അരുവങ്കോട്ടേക്കും എല്ലാം വഴികൾ ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന കാട്ടുവഴികൾ കുതിരയ്ക്ക് കയറാവുന്ന വിധത്തിൽ മാറ്റിയെടുക്കപ്പെട്ടത്.

ഒരിടത്തും ഉറച്ചുനിൽക്കാത്ത പ്രകൃതമായിരുന്നു സായിപ്പിന്റേത്. കടലിന്നപ്പുറത്തുനിന്ന് കമ്പനിയുടെ ഉത്തരവ് കിട്ടിയപ്പോൾ അദ്ദേഹം വീണ്ടും കുതിരപ്പുറത്ത് കയറി പുറപ്പെട്ടു. എന്നാൽ കൂടെയുണ്ടായിരുന്ന ചിലർ യാത്രയ്ക്ക് തയ്യാറായില്ല. അവർ പല കാരണങ്ങൾ പറഞ്ഞ് അവിടെത്തന്നെ വീടും കുടുംബവുമായി തുടരാൻ തീരുമാനിച്ചു. അവരിൽ അവശരായ പട്ടാളക്കാരും അവരുടെ സേവകരും ഉണ്ടായിരുന്നു . അവർ പലരും അവിവാഹിതർ ആയിരുന്നു . ചിലർ വിവാഹിതരായിരുന്നെങ്കിലും കൂടെ ഭാര്യമാർ ഉണ്ടായിരുന്നില്ല.

അങ്ങനെയാണ് ബാക്കിയായവർ ചുറ്റുവട്ടത്തെ കുടുംബങ്ങളിൽനിന്ന് സ്ത്രീകളെ കൂടെ താമസിപ്പിച്ചത് . അടുക്കളപ്പണിക്കും തോട്ടംപണിക്കും പരിചരണത്തിനും കൂടെ താമസിച്ചവർ പിന്നീട് അവരുടെ സന്താനങ്ങളുടെ അമ്മമാരായി. അങ്ങനെ ഒരു പുതുതലമുറ രൂപപ്പെട്ടു. അവരെ ചരിത്രം സായിപ്പിൻ്റെ ഇന്ത്യൻമക്കൾ എന്ന അർത്ഥം വരുന്ന ഏംഗ്ലോ-ഇന്ത്യക്കാർ എന്ന് വിളിച്ചു. അവരിൽ പലർക്കും അവരുടെ അച്ഛൻറെ മുഖവും നിറവും അമ്മയുടെ മുടിയും വടിവും ഉണ്ടായിരുന്നു . ചിലർക്ക് അമ്മയുടെ രൂപവും നിറവും അച്ചൻ്റെ ഉയരവും അഹങ്കാരവും . മറ്റു ചിലർക്ക് ഇരുനിറവും പൊതുശരീരഘടനയും . അവർ അച്ഛൻറെ ഭാഷ സംസാരിക്കുകയും അമ്മയുടെ ഭാഷ അവഗണിക്കുകയും ചെയ്തു വളർന്നപ്പോൾ അവർക്കുവേണ്ടി അവിടെ പള്ളികൾ ഉണ്ടായി . വിദ്യാഭ്യാസത്തിനു വേണ്ടി പള്ളികളുടെ വരാന്തകൾ പള്ളിക്കൂടങ്ങളായി രൂപാന്തരപ്പെട്ടു.

യുവതലമുറ വളർന്നപ്പോൾ അവർക്ക് പലതും ആവശ്യമായി. ആവശ്യങ്ങൾ അത്യാവശ്യങ്ങളായി. അങ്ങനെ പാർക്കുകളും ക്ലബ്ബുകളും ഉണ്ടായി. മദ്യപാനവും ഗേംബ്ലിങ്ങും തുടങ്ങി. പ്രത്യേകദിവസങ്ങളിൽ സംഗീതവും നൃത്തവും ഉണ്ടായി. ഇംഗ്ലണ്ടിൽനിന്ന് പീയാനോകളും ഗിത്താറുകളും ഇറക്കുമതി ചെയ്യപ്പെട്ടു. ടെന്നീസ് കോർട്ടുകളും ക്രിക്കറ്റ് കോർട്ടുകളും ഉണ്ടാക്കാൻ നാട്ടുകാർ വിയർപ്പൊഴുക്കി. താമസിയാതെ റെയ്സ്കോഴ്സും ഗോൾഫ്കോഴ്സും പൂർത്തിയാക്കാൻ അവരുടെ കഠിനാദ്ധ്വാനം വേണ്ടിവന്നു. അങ്ങനെ പരിസരത്തിന് പുതിയൊരു മുഖം വന്നു. സായിപ്പ് വന്നകാലത്ത് ഉണ്ടായിരുന്ന ചാത്തന്നൂർ അമ്പതു വർഷത്തിന്നുള്ളിൽ ശാന്തനൂർ ആയി മാറി. അവരത് ഷാന്തനൂർ എന്നും പ്രാദേശികർ സാന്തനൂർ എന്നും പറയാൻ തുടങ്ങി.

സ്ഥലത്തെ ജന്മികളായ ചെട്ടിയാന്മാരും ഗൗണ്ടന്മാരും നായിഡുമാരു അവർക്ക് സലാം പറഞ്ഞ് ഒതുങ്ങി നിന്നു . അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സ്വന്തം ആശ്രിതരെയും പണിക്കാരെയും വിട്ടുകൊടുത്തു. അവരുടെ പൂന്തോട്ടങ്ങളിലും വീട്ടുമുറ്റങ്ങളിലും അടുക്കളകളിലും അവർ പണിയെടുക്കാൻ നിർബന്ധിതരായി . അവരുടെ വയലുകളിലെ അരിയും തിനയും ചോളവും പഞ്ചസാരയും അവരുടെ ബംഗ്ലാവുകളിലേക്ക് ഒഴുകി. പാലുല്പന്നങ്ങളായ – വെണ്ണയും ചീസും പിന്നെ ഗോതമ്പുല്പന്നങ്ങളായ കേയ്ക്കും ബിസ്ക്കറ്റും ബ്രഡ്ഡും ഉണ്ടാക്കാൻ ഗ്രാമീണർ പഠിച്ചു . വിരുന്നുവന്നവർ തടിച്ചു കൊഴുത്തു വളർന്നു. പാട്ടും നൃത്തവുമായി അവർ രാവുപകലാക്കി ആഘോഷിച്ചു.

അനുസരണയുള്ള ജന്മിമാരും അവരുടെ ആശ്രിതരും പരിചാരകരും തങ്ങളുടെ സേവനത്തിനായി സൃഷ്ടിക്കപ്പെട്ടവരാന്നെന്ന് അവർ തീരുമാനിച്ചു. പിന്നെ അവരുടെ വാക്കുകൾ ആജ്ഞകൾ ആയി. ആജ്ഞകൾ അനുസരിച്ച് വഴികളും വഴിവക്കുകളിൽ കെട്ടിടങ്ങളും ഉണ്ടായി. അവ തൊഴിലിടങ്ങൾ ആയി മാറി. അവിടെ പട്ടുനൂലും പരുത്തിനൂലും ഉണ്ടാക്കി നെയ്ത്തു തുടങ്ങി അവിടെയും കുറഞ്ഞവേതനത്തിന് അവർക്ക് ജോലിക്കാരെ ലഭിച്ചു. താമസിയാതെ മില്ലുകളും ഫാക്ടറികളും അവരുടെ സ്വന്തമായി. വിരുന്നുവന്നവർ സ്ഥലത്തിൻറെ ഉടമകളായി. സ്ഥാപനങ്ങളുടെ അധിപതികളായി. അവരുടെ ആജ്ഞാശക്തി വർധിച്ചപ്പോൾ അവർക്കുവേണ്ടി വാതിലുകൾ തുറക്കുകയും വിളക്കുകൾ കത്തുകയും കാറ്റാടികൾ പ്രവർത്തിക്കുകയും ചെയ്തു.

അവരെ സന്തോഷിപ്പിക്കാൻ അടിയാളരുടെ വീടുകളിൽനിന്ന് കൂടുതൽ യുവത്വവും കൂടുതൽ ആരോഗ്യവും ഉള്ള സുന്ദരികൾ തിരഞ്ഞെടുക്കപ്പെട്ടു. അവർ കുതിരവണ്ടികളിൽ വരുകയും പോവുകയും ചെയ്തു. അവരുടെ പോക്കുവരവുകൾ ചോദ്യം ചെയ്യപ്പെടാതെ കാലം കടന്നുപോയി.

തുടർന്നുവായിക്കാൻ കാത്തിരിക്കുക …

പി എൻ വിജയൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com