സ്നേഹ പ്രേരിത സേവനം (ലൂക്കോ.10:30 – 37)
“ഒരു ശമര്യക്കാരനോ, വഴിപോകയിൽ അവന്റെ അടുക്കൽ എത്തി, അവനെ കണ്ടിട്ടു മനസ്സിഞ്ഞു, അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്ന് അവന്റെ മുറിവുകളെ കെട്ടി, അവനെ തന്റെ വാഹനത്തിൽ കയറ്റി, വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷ ചെയ്തു” (വാ. 33, 34).
ഒരു ഡോക്ടർ ജോലി കഴിഞ്ഞു തന്റെ ഭവനത്തിലേക്കു മടങ്ങുകയായിരുന്നു.
തന്റെ ഭവനത്തിനു സമീപം എത്തിയപ്പോൾ, ഒരു കൊച്ചു കുട്ടി റോഡിലെ ഗതാഗതം വക വയ്ക്കാതെ അതിന്റെ മദ്ധ്യത്തിലൂടെ നടക്കുന്നതാണ് അദ്ദേഹം കണ്ടത്. തന്റെ സുരക്ഷിതത്വക്കുറിച്ചൊന്നും ചിന്തിക്കാതെ, അദ്ദേഹം ഓടിച്ചെന്നു ആ കുഞ്ഞിനെ വാരിപ്പുണർന്നു രക്ഷിച്ചു. സ്നേഹത്തിന്റെ കടമ നിറവേറ്റിയ ആ ഡോക്ടറെ നാം “നല്ല ശമരിയക്കാരൻ” എന്നു വിശേഷിപ്പിച്ചേക്കാം?
സേവനങ്ങൾക്കു വേണ്ടി ലോകമെമ്പാടും ധാരാളം സ്ഥാപനങ്ങൾ ക്രൈസ്തവർ ഉൾപ്പടെ നടത്തുന്നുണ്ട്. എന്നാൽ, അവ അപര സ്നേഹാധിഷ്ഠിതമായാണോ, ലാഭാധിഷ്ഠിമായാണോ അവ നടത്തപ്പെടുന്നത് എന്നതു ഗൗരവമായ ചോദ്യമാണ്? ഒരു ആശുപത്രിയിലേക്കു കയറിച്ചെന്ന അരോഗ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനോടു ഡോക്ടർ ചോദിച്ചു: “കുറച്ചു രക്തം കൊടുക്കാനുണ്ടോ?” “ഇല്ല എന്റെ രക്തം അങ്ങനെ വില്ക്കാനുള്ളതല്ല”, അയാൾ മറുപടി പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു: “നിങ്ങളുടെ രക്തം, അർദ്ധപ്രാണനായി അടുത്ത മുറിയിൽ കിടക്കുന്ന ആളിനു കൊടുത്താൽ, അയാൾ രക്ഷപെടും”. “എന്റെ രക്തം കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ, ഞാൻ റഡി. മറ്റാരേയും അതിനായി നോക്കേണ്ടതില്ല”, അയാൾ സന്തോഷത്തോടെ പ്രതിവചിച്ചു.
പണത്തിനു വേണ്ടി കൊടുക്കുന്ന രക്തവും, പണത്തിനു വേണ്ടി നടത്തുന്ന സേവനങ്ങളും എല്ലാം കച്ചവട സംവിധാനങ്ങൾ മാത്രം. എന്നാൽ സ്നേ പ്രേരണയിൽ മാത്രം അടിസ്ഥാനപ്പെട്ടു മനുഷ്യ നന്മയ്ക്കായി നടത്തപ്പെടുന്ന ശുശ്രൂഷകൾ എല്ലാം, നാം ധ്യാനിക്കുന്ന നല്ല ശമരിയാക്കാരന്റെ ആത്മാവിൽ നടത്തപ്പെടുന്നവയാണ്. സേവനം, സ്നേഹാധിഷ്ഠിതവും, സ്വാർത്ഥ രഹിതവും ആകുമ്പോൾ മാത്രമേ, ദൈവ സന്നിധിയിൽ അംഗീകരിക്കപ്പെടുന്നവ ആകയുള്ളൂ. അങ്ങനെയുള്ള സേവനങ്ങൾ നിർവ്വഹിക്കാനായി ദൈവം നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: എഴുതി വയ്ക്കപ്പെടുന്ന ലക്ഷ്യങ്ങളല്ല, പ്രവൃത്തിയിൽ തെളിയിക്കപ്പെടുന്ന സ്നേഹമാണ്, സേവനത്തിന്റെ മാറ്റു നിശ്ചയിക്കുന്നത്!



