Monday, March 24, 2025
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: 'കുമാരനാശാൻ' ✍ അവതരണം: ഓർമ്മയിലെ മുഖങ്ങൾ: കുമാരനാശാൻ ഓർമ്മയിലെ മുഖങ്ങൾ:...

ഓർമ്മയിലെ മുഖങ്ങൾ: ‘കുമാരനാശാൻ’ ✍ അവതരണം: ഓർമ്മയിലെ മുഖങ്ങൾ: കുമാരനാശാൻ ഓർമ്മയിലെ മുഖങ്ങൾ: കുമാരനാശാൻ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

”സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍’..

കുമാരനാശാൻെറ നളിനിയിലെ പ്രശസ്തമായ ഈ വരികൾ കുട്ടിക്കാലം മുതൽ നാം കേൾക്കുന്നതും നമ്മുടെ നാവിൽ തത്തിക്കളിക്കുന്നതു​മാണ്​. വിശ്വപ്രേമത്തിൻെറ അത്യുദാത്തമായ സങ്കൽപത്തെയാണ്​ അദ്ദേഹം കുറിച്ചിടുന്നത്​. മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാൻ.മലയാള കവിതയിൽ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ചതും കവിയാണ്.

മഹാകവി മാത്രമായിരുന്നില്ല കുമാരനാശാന്‍. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും എല്ലാറ്റിനുമൊപ്പം ഉന്നത നിലവാരം പുലര്‍ത്തിയ പത്ര പ്രവര്‍ത്തകൻ കൂടിയായിരുന്നു.
പത്രാധിപര്‍ എന്ന നിലയിലാണ് കുമാരനാശാന്‍ മലയാളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു.

പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ്​ കുമാരനാശാൻെറ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു.സ്കൂളിൻ്റെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ്​ കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്​.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു കടയിൽ കണക്കെഴുത്ത് ജോലിയിൽ അച്ഛൻ ഏർപ്പാടാക്കിയെങ്കിലും തന്റെ കർമ്മ മേഖല കവിതയെഴുത്താണെന്ന് കുമാരു തിരിച്ചറിയുകയും പതിനെട്ടാമത്തെ വയസ്സിൽ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടുകയും അദ്ദേഹം കുമാരുവിന്റെ ശ്ലോക കവിതകളിൽ ആകൃഷ്ടനാവുകയും ചെയ്തു. ഗുരുവിന്റെ ആത്മീയചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയും ആക്കി. ഇരുപതാമത്തെ വയസ്സിൽ കായിക്കര സുബ്രഹ്മണ്യക്ഷേത്ര വളപ്പിൽ സംസ്കൃത പാഠശാല ആരംഭിക്കുകയും സംസ്കൃതം പഠിപ്പിക്കുകയും ചെയ്തതോടെയാണ് കുമാരനാശാൻ എന്ന പേരുവന്നത്.

ശ്രീനാരായണ ഗുരു ശിഷ്യനെ ഉപരിപഠനത്തിനായ് ബാംഗ്ലൂരിലേക്ക് അയച്ചു.ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ബാംഗ്ലൂരിൽ ഡോക്ടർ പൽപ്പുവിനോടൊപ്പമുള്ള ജീവിതം ആശാന്റെ കഴിവുകളെ പരിപോഷിപ്പിച്ചു. ഡോക്ടർ പൽപ്പുവിന്റെ ശ്രമഫലമായി ഉപരി പഠനത്തിന് കൽക്കത്തയിൽ താമസമാക്കി. ടാഗോറിന്റെ കൃതികൾ ആശാന്റെ കവിതകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തി.

വീണപൂവ്. എന്ന കവിതയിൽ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാര്‍ത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോള്‍ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തില്‍ വിവരിക്കുന്നു.
ബാല്യകാല സുഹൃത്തുക്കളായ നളിനിയുടെയും ദിവാകരന്റെയും ഇടയിൽ ഉടലെടുത്ത സ്നേഹവും അതിന്റെ ദുരന്ത പര്യവസാനവും വിവരിച്ച നളിനി, ഉപഗുപ്തന്റെയും വാസവദത്തയുടെയും കഥ പറയുന്ന കരുണ, വാൽമീകിയുടെ ആശ്രമത്തിൽ ഏകയായ് കഴിയുന്ന സീതയുടെ കഥപറയുന്ന ചിന്താവിഷ്ടയായ സീത എന്നിങ്ങനെ എത്രയെത്ര കവിതകൾ …

ആശാന്റെ എല്ലാ കവിതകളിലും സ്നേഹമാണ് നിറഞ്ഞു നിന്നിരുന്നത്. നളിനി, സാവിത്രി, വാസവദത്ത, ഉപഗുപ്തൻ, ബുദ്ധൻ എന്നിങ്ങനെയുള്ള അദ്ദേഹത്തിന് കഥാപാത്രങ്ങളൽ സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് കാണാൻ കഴിയന്നത്.1924 ജനുവരി 16ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ ലോകത്തോട്​ വിട പറഞ്ഞു. സ്നേഹ ഗായകൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു..

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments