Friday, April 24, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ..... (ഭാഗം 63) ഭീകര രാത്രി...✍ സജി. ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ….. (ഭാഗം 63) ഭീകര രാത്രി…✍ സജി. ടി. പാലക്കാട്

ഭീകര രാത്രി…

മലമുകളിലെ തണുത്ത കാറ്റ് ശരീരത്തെ തലോടി കടന്നുപോകുമ്പോൾ, താഴെ താഴ്‌വരകൾ ഒരു ചിത്രപടം പോലെ പരന്നു കിടന്നു. ലോകം നിശ്ശബ്ദമായ ഒരു ധ്യാനത്തിലെന്നപോലെ തോന്നി. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് പതിയെ നീങ്ങാൻ തുടങ്ങി.
​വർണ്ണങ്ങളുടെ വിസ്മയം…..
​ആദ്യം, ആകാശം ഇളം ഓറഞ്ച് നിറത്തിൽ തിളങ്ങി, പിന്നീട് നിമിഷങ്ങൾക്കകം അത് ചുവപ്പിന്റെയും സ്വർണ്ണത്തിന്റെയും തീവ്രമായ വർണ്ണങ്ങളാൽ നിറഞ്ഞു. മേഘക്കീറുകൾ എല്ലാം അഗ്നിയിൽ കുളിച്ചതുപോലെ, ചോരയുടെയും കനലിന്റെയും നിറം പൂണ്ടു.
​സൂര്യൻ താഴോട്ട് പോകുന്തോറും, വർണ്ണങ്ങളുടെ ഈ വിസ്മയം കൂടുതൽ തീവ്രമായി. മുകളിൽ ആകാശത്തിന്റെ അഗാധതയിൽ വയലറ്റും ധൂമ്രവർണ്ണവും പതിയെ പടർന്നു കയറി, തീക്ഷ്ണമായ ചുവപ്പിന് ഒരു ശാന്തമായ പശ്ചാത്തലം ഒരുക്കി.

ഈ കാഴ്ചയിൽ മലനിരകൾ ഇരുട്ട് കയറി നിഴൽരൂപങ്ങളായി മാറി.
​അസ്തമയത്തിന്റെ അന്ത്യം ​ഒരു വലിയ ചെങ്കുറി പോലെ, സൂര്യൻ മലനിരകളുടെ അറ്റത്തേക്ക് സാവധാനം ആഴ്ന്നിറങ്ങി. ക്ഷണനേരം കൊണ്ട് ആ സ്വർണ്ണഗോളം ചക്രവാളത്തിൽ മറഞ്ഞു.
​അവസാനത്തെ കിരണങ്ങൾ മലമുകളിൽ നിന്ന് വിട പറയുമ്പോൾ, ചുറ്റും തണുത്ത ശാന്തത പരന്നു. ആകാശത്തിന്റെ അരികുകളിൽ, മഞ്ഞും ചുവപ്പും കലർന്ന നേരിയ പ്രകാശം മാത്രം അവശേഷിച്ചു.

സദാനന്ദൻ മാഷ് ഒറ്റയടിപ്പാതയിലൂടെ നടന്നു മലയുടെ താഴ് വാരത്തിൽ എത്തി.
മങ്ങിയ വെളിച്ചത്തിൽ മണ്ണ് റോഡിലൂടെ നടന്നു റൂമിൽ എത്തി. ഷർട്ട് ഊരി. പക്ഷേ, ഷർട്ട് വെക്കാൻ ഒരു ഇടമില്ലാതെ വിഷമിച്ചു. കട്ടില്, കസേര, മേശ തുടങ്ങിയവ ഒന്നും മുറിയിൽ ഇല്ല. ബാഗിന്റെ പുറത്ത് ഷർട്ട് വച്ചു.

‘വെറും തറയിൽ എങ്ങനെ കിടന്നുറങ്ങും…?’
ഒരു പായ വാങ്ങണമെങ്കിൽ ആറു കിലോമീറ്റർ ദൂരം പോകണം. ഏതായാലും അടുത്ത വീട്ടിൽ നിന്നും കുറച്ച് ന്യൂസ് പേപ്പർ വാങ്ങി വരാം എന്നു കരുതി
സദാനന്ദൻ മാഷ് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി…

അപ്പോഴേക്കും ഏതാണ്ട് ഇരുപതു വയസ്സുള്ള ഒരാൾ മുറ്റത്തേക്ക് കയറി വന്നു…

” ഞാൻ ബാലൻ… ദാ ആ വീട്ടിലെ ദേവകി അമ്മയുടെ മകൻ… ”

“വരൂ… കയറി ഇരിക്കാൻ പറയുന്നില്ല, കാരണം ഇരിക്കാനായി ഇവിടെ ഒന്നുമില്ല.. നാളെ കടയിൽ പോയിട്ട് വേണം സാധനങ്ങളൊക്കെ വാങ്ങാൻ..!”

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് സാരമില്ല, ഞാനിവിടെ നിന്നോളാം..”

ബാലൻ പറഞ്ഞു.

“തൽക്കാലം ഇവിടെ ഇരിക്കൂ..”

അര പ്ലേസ് ചൂണ്ടിക്കാണിച്ചു കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.

ബാലൻ ഇരുന്നു.

“എന്താണ് കയ്യിൽ….?”

“ഇത് അമ്മ തരാൻ പറഞ്ഞു. ചപ്പാത്തി ആണെന്ന് തോന്നുന്നു..”

” നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ…? ”

“ഹേയ്,എന്ത് ബുദ്ധിമുട്ട്…?
എനിക്ക് രാത്രി ചപ്പാത്തി നിർബന്ധമാണ്. അപ്പോൾ രണ്ടെണ്ണം കൂടി അധികം ഉണ്ടാക്കാൻ എന്താണ് പ്രയാസം…?”

“നിങ്ങളെല്ലാവരും രാത്രി ചപ്പാത്തിയാണോ കഴിക്കുന്നത്?”

“ഏയ്….അമ്മയും പെങ്ങമ്മാരും കഞ്ഞി കുടിക്കും. ഞാൻ ബോംബെയിൽ ആയിരുന്നത് കൊണ്ട് എനിക്ക് ചപ്പാത്തിയാണ് ഇഷ്ടം…”

“ഓ… ”

“വിരിച്ച് കിടക്കാൻ രണ്ട് ന്യൂസ് പേപ്പർ തരാമോ.. …?”

“വീട്ടിൽ പായ ഉണ്ടോ എന്നു നോക്കട്ടെ മാഷേ….”

“ഏയ്…അതൊന്നും വേണ്ട. നാളെ എന്തായാലും പായ വാങ്ങണം. ഇന്ന് ഒരു രാത്രി തറയിൽ കിടന്നാലും ഒന്നും സംഭവിക്കില്ല. ”

“ഉം…. ശരി”

“എന്നാൽ ഞാൻ ഇറങ്ങട്ടെ, മാഷ് കഴിക്കൂ…..”

” ശരി, ആയിക്കോട്ടെ… ”

സദാനന്ദൻ മാഷ് പറഞ്ഞു.

ചപ്പാത്തി കഴിക്കാൻ എടുത്തപ്പോഴാണ് വെള്ളമില്ല എന്ന് ഓർത്തത്. സാദാനന്ദൻ മാഷ് വേഗം മുറ്റത്തേക്ക് ഇറങ്ങി . റോഡിൽ എത്തിയതും ബാലൻ ഒരു പ്ലാസ്റ്റിക് കുടത്തിൽ വെള്ളവും, ഒരു കപ്പുമായി വന്നു.

“ഞാൻ വീട്ടിലേക്ക് വരാൻ തുടങ്ങുകയായിരുന്നു….
വെള്ളം എടുക്കാൻ…”

” ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മ ചോദിച്ചു, എടാ മാഷ് എങ്ങനെ കഴിക്കും?
അവിടെ വെള്ളം ഒന്നും ഇല്ലല്ലോ… എന്ന് ”

“ആണോ….? ”

സദാനന്ദൻ മാഷ് ചപ്പാത്തിയും കടലക്കറിയും കഴിച്ചു കഴിഞ്ഞ് കൈകഴുകി കൊണ്ടിരുന്നപ്പോൾ ഒരാൾ കയറി വന്നു.

ഏതാണ്ട് 30 വയസ്സ് പ്രായം ഉണ്ട്.

“ഞാൻ ഇതിലെ പോയപ്പോൾ വെളിച്ചം കണ്ടു . ആ കടയിൽ ചോദിച്ചപ്പോഴാണ് അറിഞ്ഞത് ഒരു മാഷ് താമസിക്കാൻ വന്നിട്ടുണ്ട് എന്ന്….
ഒന്ന് പരിചയപ്പെടാം എന്ന് കരുതി…”

” സന്തോഷം എവിടെയാ വീട്…?
ഇവിടെ അടുത്താണോ..? ”

” ദാ ആ കാണുന്നതാണ് എന്റെ വീട്.. ”

” എന്താ ചേട്ടന്റെ പേര്? ”

” എന്റെ പേര് രാധാകൃഷ്ണൻ.പിന്നെ ചേട്ടാ എന്ന് വിളിക്കാനുള്ള പ്രായമൊന്നും എനിക്ക് ആയില്ല കേട്ടോ….!”

” എന്ത് ചെയ്യുന്നു ? ”

“എനിക്ക് പന ചെത്താണ്.”

” അപ്പോൾ കള്ളൊക്കെ കുടിക്കാമല്ലോ അല്ലേ…? ”

“അതിനെന്താ തരാലോ…?”

“അയ്യോ, ഞാൻ വെറുതെ പറഞ്ഞതാണ്.., ഞാൻ കുടിക്കില്ല.”

“എവിടെയാണ് മാഷിന്റെ വീട്..?”

സദാനന്ദൻ മാഷ് നാടും, വീടും വീട്ടുവിശേഷങ്ങളും പറഞ്ഞു.

“ആഹാരം കഴിച്ചോ..?”

” കഴിച്ചു. . ”

“ശരി,എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞോളൂട്ടോ….?

“ഓ, ശരി…”

ഏതാണ്ട് ഒൻപതു മണി ആയപ്പോഴേക്കും പരിസരപ്രദേശങ്ങളിലെ വീടുകളിലെ ലൈറ്റുകളഞ്ഞു. എങ്ങും കൂരിരുട്ട്….
സദാനന്ദൻ മാഷ് മുറിക്കകത്തേക്ക് കയറി.പലക കതക് ചേർത്തുവച്ചു.
ജനലുകൾ ഒന്നും ഇല്ലാത്ത കാരണം മുറിക്കുള്ളിൽ നല്ല ചൂട്!
എങ്ങനെ കിടന്നുറങ്ങും…?
ന്യൂസ് പേപ്പർ വിരിച്ച് തറയിൽ കിടന്നു.

കുറച്ചു കഴിഞ്ഞതും ചൂടുകൊണ്ട് ശ്വാസംമുട്ടാൻ തുടങ്ങി .
സദാനന്ദൻ മാഷ് പുറത്തിറങ്ങി… വരാന്തയിലെ അര പ്ലേസിൽ വന്നിരുന്നു.

എങ്ങും കുറ്റാകൂരിരുട്ട്..
മരങ്ങളുടെ ഇരുണ്ട രൂപങ്ങൾ കാറ്റിൽ പതിയെ ആടുന്നു…..
​പെട്ടെന്നാണ്, ദൂരെ കാടിന്റെ ഭാഗത്തുനിന്ന് ആ ശബ്ദം കേട്ടത്. ആദ്യം അതൊരു നേർത്ത ‘കൂവി വിളി’ മാത്രമായിരുന്നു. സദാനന്ദൻ മാഷ് ഒരു നിമിഷം ചെവി വട്ടംപിടിച്ച് ശ്രദ്ധിച്ചു…

‘ഇപ്പോൾ കേട്ടത് എന്തായിരുന്നു?’ എന്ന് ചിന്തിച്ചു തീരും മുമ്പ്, അത് ആവർത്തിച്ചു. ഇത്തവണ കൂടുതൽ ഉച്ചത്തിലും തീവ്രതയോടെയും.
​അതൊരു സാധാരണ മൃഗത്തിന്റെ ശബ്ദമായിരുന്നില്ല. ഒരു കുട്ടിയോ, സ്ത്രീയോ നിലവിളിക്കുന്നത് പോലെയുള്ള, ഹൃദയത്തെ പിളർക്കുന്ന ഒരു ‘ഊളയിടൽ’.
​”ആഹ്ഹ്ഹ്ഹ്…..”
​ആ ശബ്ദം കേട്ടതും സദാനന്ദൻ മാഷിന്റെ നെഞ്ചോന്ന് പിടഞ്ഞു….

ശരീരം പെട്ടെന്ന് തണുത്തുറഞ്ഞു. കൈകാലുകളിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു. ഇത് കുറുക്കന്റെ ശബ്ദമാണെന്ന് അറിയാമായിരുന്നിട്ടും, ആ ഏകാന്തതയിൽ, ആ ശബ്ദം ഭീതിയുടെ അങ്ങേയറ്റത്തേക്ക് തള്ളിവിട്ടു….
​പിന്നെ നടന്നത് നിമിഷാർദ്ധത്തിലെ പരിഭ്രാന്തിയായിരുന്നു….

​ ആ ശബ്ദം കേൾക്കാതിരിക്കാൻ ചെവികൾ പൊത്തിപ്പിടിച്ചു.
​ഹൃദയം ഒരു ഡ്രം കൊട്ടുന്നത് പോലെ അതിവേഗം മിടിച്ചു. നെഞ്ചിൽ കൈവെച്ചാൽ ആ മിടിപ്പ് അറിയാമായിരുന്നു….
​ശ്വാസം നിയന്ത്രിക്കാൻ കഴിഞ്ഞില്ല; പേടി കാരണം ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി….!
​ആ നിലവിളി വീണ്ടും… വീണ്ടും…! രാത്രിയുടെ നിശ്ശബ്ദത കീറിമുറിച്ച് മുഴങ്ങിക്കൊണ്ടിരുന്നു….!
ഏതൊക്കെയോ അജ്ഞാത ഭയങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു. ശബ്ദം അടുത്ത് വരുന്നുണ്ടോ എന്ന് ഭയന്നു.
​പുറത്ത് നേരിയ കാറ്റുപോലും വലിയ അലർച്ചയായി തോന്നി. ആ ഭീതിയുടെ മുൾമുനയിൽ, കണ്ണിറുക്കി അടച്ചു, വിറയ്ക്കുന്ന ശരീരത്തോടെ ആ രാത്രി എങ്ങനെയെങ്കിലും വെളുത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു…..

വേഗം മുറിക്കകത്ത് കയറി കതക് ചാരി
കണ്ണടച്ച് തറയിൽ വിരിച്ച ന്യൂസ്‌ പേപ്പറിൽ കമിഴ്ന്നു കിടന്നു….!

(തുടരും….)

സജി. ടി. പാലക്കാട്✍

RELATED ARTICLES

2 COMMENTS

  1. വർണ്ണനകളാൽ സുരഭിലം ഇന്നത്തെ എഴുത്ത്.
    എന്താണു പേടിപ്പെടുത്തിയതെന്നറിയാൻ കാത്തിരിക്കുന്നു.
    നല്ലെഴുത്ത്

Leave a Reply to Romy Benny Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com