ക്രിസ്തുവര്‍ഷം 50 ല്‍ സിറിയയില്‍ ആയിരുന്നു അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ജനനം. തെയോഫോറസ് എന്നും വിളിക്കപ്പെട്ടിരുന്ന അദ്ദേഹം അന്ത്യോക്യയുടെ മെത്രാനായിരുന്നു. ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് രക്തസാക്ഷിയായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഇഗ്നാത്തിയോസ് നൂറോനോ (അഗ്നിക്കടുത്തവൻ ) എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു.
അന്ത്യോക്യായിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്.
അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ് മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന ‘വിജയാഘോഷ’ വേദികളിൽ എവിടെയെങ്കിലും ആകാമെന്ന് കരുതപ്പെടുന്നു.
സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
റോമന്‍ സാമ്രാജ്യാധിപനായിരുന്ന ട്രാജന്‍ ചക്രവര്‍ത്തി താന്‍ രണ്ടു യുദ്ധങ്ങളില്‍ നേടിയ വന്‍ വജയങ്ങള്‍ക്കു കാരണം ഇഷ്ടദൈവങ്ങളുടെ കൃപയാണെന്ന് ധരിച്ചുവശാകുകയും ആ ദൈവങ്ങളെ ആരാധിക്കാത്തവരെ വകവരുത്തുകയെന്ന പരിപാടിയുമായി മുന്നോട്ടു പോകുകയും ചെയ്ത ഒരു കാലഘട്ടം. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച ബിഷപ്പ് ഇഗ്നേഷ്യസും ട്രാജന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമായി. റോമന്‍ ഉത്സവങ്ങളുടെ സമാപന വേളയില്‍ ഇഗ്നേഷ്യസിനെ വന്യമൃഗങ്ങള്‍ക്കു ഭക്ഷണമായി നല്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. അങ്ങനെ ക്രിസ്തുവര്‍ഷം 117 ല്‍ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നാത്തിയോസ് ഹിംസ്രജന്തുക്കള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെട്ടു.
അതിനുവേണ്ടി തന്നെ കൊണ്ടുപോകുമ്പോള്‍ ഇഗ്നേഷ്യസിന്‍റെ ആകുലത വന്യജീവികള്‍ തന്നെ കടിച്ചുകീറാതിരുന്നാലോ എന്നായിരുന്നു. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: “അവ എന്നെ കടിച്ചു കീറാതിരുന്നാല്‍ ഞാന്‍ അവയെ കെട്ടിപ്പിടിക്കും. അപ്പോള്‍ അവ എന്‍റെ അസ്ഥികള്‍ കടിച്ചു പൊട്ടിക്കും. അപ്പോള്‍ ഗോതമ്പുമണി പോലെ പൊടിഞ്ഞ് ഞാന്‍ കര്‍ത്താവില്‍ അപ്പമായിത്തീരും.
ഇഗ്നാത്തിയോസ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തെ വഹിക്കുന്നവനെന്നും ദൈവത്താൽ വഹിക്കുന്നവനെന്നും അർത്ഥം ഉണ്ട്. അതിനാൽ അദ്ദേഹത്തിന് ക്രിസ്റ്റഫോറോസ് എന്നൊരു പേരും ഉണ്ട്. നൂറോനോ എന്ന വാക്കിന്റെ അർത്ഥം അഗ്നിമയൻ എന്നാണ്. അദേഹത്തിന്റെ വിശ്വാസ്സതീഷ്ണതയാണ് ഈ പേര് അദ്ദേഹത്തിന് ലഭിക്കാൻ കാരണമായത്.
സുവിശേഷങ്ങളിൽ നമ്മുടെ രക്ഷകനായ യേശുക്രിസ്തു ഒരു കുഞ്ഞിനെ കൈകളിൽ എടുത്ത് കാട്ടിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിൽ കടക്കുവാനുള്ള യോഗ്യതയെപ്പറ്റി ശിഷ്യന്മാരോട് പ്രബോധിപ്പിക്കുന്നുണ്ട്. ചരിത്രഗവേഷകർ പ്രദാനം ചെയ്ത രേഖകൾ നമ്മോട് പറയുന്നത് ആ കുഞ്ഞ് പിന്നീട് ക്രൈസ്തവസഭയുടെ ആദിമകാല പിതാക്കന്മാരിൽ ഒരാളായ വിശുദ്ധ ഇഗ്നാത്തിയോസ് ആയി വളർന്നു ചരിത്രരേഖകളിലും വിശ്വാസ്സമനസ്സുകളിലും ഇടം പിടിച്ചു എന്നാണ്.
ഈ വിശുദ്ധൻ്റെ ചിത്രങ്ങൾ എല്ലാം തന്നെ രണ്ടു സിംഹങ്ങളോടൊപ്പം ഉള്ള രൂപമാണ് കാണുവാൻ കഴിയുന്നത്. റോമൻ ഭരണാധികാരികൾ അദ്ദേഹത്തെ സിംഹങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുത്തപ്പോൾ സസ്സന്തോഷം ദൈവത്തിനായി തന്റെ ജീവനെ ഏല്പിച്ചുകൊടുത്തു എന്നാണ് ആ ചിത്രം സൂചിപ്പിക്കുന്നത്.
അഗ്നിമയൻ അഥവാ തീയ്ക്കടുത്തവൻ എന്നും യേശുക്രിസ്തു കൈകളിൽ വഹിച്ച കുട്ടി എന്നതിനാൽ ദൈവവാഹകൻ എന്നുമുള്ള മറുപേരുകൾ ചരിത്രപണ്ഡിതന്മാർ അദ്ദേഹത്തിന് നൽകിയിരുന്നു.
മനസ്സിലും ആത്മാവിലും വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും അഗ്നിസ്ഫുലിംഗങ്ങൾ എന്നും സൂക്ഷിച്ച് വിശ്വാസ്സിസമൂഹത്തിന് മാതൃകയായ ഈ വിശുദ്ധൻ അഗ്നിമയൻ അഥവാ ഇഗ്നാത്തിയോസ് നൂറോനോ എന്ന മറുപേര് തന്റെ ജീവിതം കൊണ്ട് അന്വർത്ഥമാക്കിയെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്ന വാചകങ്ങൾ ആണ് ഇനിയെഴുതുന്നത്.
“സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും വന്യമൃഗങ്ങൾക്കു നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും”.
“ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരവും, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തി കൊള്ളട്ടെ”.