സന്ധ്യ നേരത്ത് വിജനമായ നിരത്തിനരികിലെ ഫുട്പാത്തിൽ നില്ക്കുമ്പോഴാണ്അവൻ സൈക്കിൾ ബെൽ മുഴക്കി അടുത്തെത്തിയത്. സൈക്കിളിൽ നിന്നും ചാടി ഇറങ്ങി , പിന്നിൽ നിന്നും പൊതിയെടുത്ത് നീട്ടുമ്പോൾ അവന്റെ കണ്ണുകളിൽ നിഗൂഢമായ തിളക്കം കാണാമായിരുന്നു.
“അണ്ണാ ഇതാരും കാണാതെ വേണം കേട്ടോ . പോലീസെങ്ങാനുംപിടിച്ചാൽ പിന്നെ നോക്കണ്ട . ജീവിതാവസാനം വരെ അഴിയെണ്ണാം”
ആദ്യമായാണ് ഇത്തരം ഒരു നിയമവിരുദ്ധമായ പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത്. പക്ഷെ പണം! തനിക്ക് ഇന്നതൊരു ആവശ്യ ഘടകമായി തീർന്നിരിക്കുന്നു. അനുജത്തിയുടെ വിവാഹം അടുത്തെത്തിയിരിക്കുന്നു.
അമ്മയുടെ വാക്കുകൾ ഓർത്തു.
” ഒരു പത്തു പതിനഞ്ച്പവനെങ്കിലും അവളുടെ കഴുത്തിൽ ഇട്ടു കൊടുക്കണ്ടേടാ.ഒന്നൂല്ലെങ്കിലും അവൻ ഒരു ദേശസാൽക്കൃതബാങ്കിലെ പ്യൂൺ അല്ലേ ?”
അമ്മയുടെ വാക്കുകൾ കേട്ട് അടുത്തു നിന്ന അനുജത്തി തേങ്ങലടക്കിപ്പറഞ്ഞു
” ഏട്ടാ…. ഏട്ടനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് അറിയാം. ഈ വിവാഹം നടന്നില്ലെങ്കിൽ വേണ്ട ഏട്ടാ.എനിക്ക് വിവാഹo കഴിച്ചില്ല്യാച്ചാ കുഴപ്പോന്നും ഇല്യാ…”
കണ്ണീർ തൂകിക്കൊണ്ടു നിന്ന അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു
” നീ വിഷമിക്കേണ്ട മോളെ നിന്റെ കല്യാണം ഈഏട്ടൻ ഭംഗിയായി നടത്തും”
ആകെയുള്ള ഒരു പെങ്ങളാണ്. അവൾക്ക് നല്ല കല്യാണ ആലോചന വന്നപ്പോൾ അത് നല്ല രീതിയിൽ നടത്തിക്കൊടുക്കേണ്ടത് തന്റേയും കൂടി കടമയാണ്. അല്ല , ഒരേയൊരു ആങ്ങളയായ താൻ തന്നെയാണ് അത് നടത്തേണ്ടത്.
പത്താം ക്ലാസ്സ് കഴിഞ്ഞയുടനെ നടന്ന പിതാവിന്റെ മരണത്തോടെ ,ഒരു വീടിന്റെ ഉത്തരം താങ്ങേണ്ടി വന്നവനാണ് താൻ
കാലത്തെ ചെറുകണികകളാക്കി പിന്നോട്ട് തള്ളുമ്പോഴും ജീവിതത്തിന്റെ ഏടുകളിൽ തന്റെ കളം ശൂന്യമായിക്കിടന്നു. വയസ്സ് മുപ്പത് ആയി . ഇതുവരെ ഒരു പെണ്ണും തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ തയ്യാറായിട്ടില്ല.
വീടുകളിൽ പത്രം ഇട്ടുകൊണ്ടു തുടങ്ങിയ ജീവിതം .അല്ലെങ്കിൽ തന്നെ പ്രാരാബ്ധക്കാരനെ കെട്ടുവാൻ ആർക്കാണ് താല്പര്യം? അവന് മകളെ നൽകുവാൻ ഏത് അച്ഛനമ്മമാരാണ് തയ്യാറാവുക ?
“അല്ല അണ്ണൻ എന്തരാണ് ആലോചിച്ചു നിക്കണത് ? ഇത് വെക്കംകൊണ്ട് കൊടുത്തില്ലെങ്കി അവമ്മാര് ബഹളമുണ്ടാക്കുമേ. പറഞ്ഞേക്കാo”
ഉള്ളിലെ വിറയൽ കൈകളിലേക്കും കാലുകളിലേക്കും പടർന്നു. വിയർത്തൊട്ടിയ കൈകളിൽ കവർ മുറുകെപ്പിടിച്ചു.പാപബോധത്താലും, ഭയത്താലും മനസ്സ് വല്ലാതെ വിറങ്ങലിച്ചിരുന്നു. എങ്കിലും തനിക്ക് ഈ ദൗത്യം ഏറ്റെടുത്തേ തീരൂ.
നാളുകളായി താൻ ഫുഡ് ഡെലിവറി നടത്തുന്ന മാർക്കറ്റ് റോഡിലെ അന്യ സംസ്ഥാനക്കാരനായ പ്രശസ്തഹോട്ടൽ ഉടമക്ക് ഇത്തരം ബിസിനസുകൾ ഉണ്ടെന്നത് പുതിയ അറിവായിരുന്നു.
സഹോദരിയുടെ വിവാഹാവശ്യത്തിന്അല്പo പണം കടം ചോദിക്കുവാനാണ് ഏതാനും ദിനംമുമ്പ് വല്ലപ്പോഴും റെസ്റ്റോറന്റിലെത്തുന്ന, ഹോട്ടൽ ഉടമയുടെ മുന്നിൽ എത്തിയത്. ചോദിച്ചയുടനെ അയാൾ ഔദാര്യപൂർവ്വം പറഞ്ഞു.
“. ഒരു പെൺകുട്ടിയുടെ വിവാഹക്കാര്യത്തിനുവേണ്ടി അല്ലേ. എനിക്കുമുണ്ട് പെൺമക്കൾ. ഇതാ പണം”.
10 ലക്ഷം രൂപ ഒരു ബാഗിൽകൈമാറിക്കൊണ്ട് അദ്ദേഹം കരുണാദ്രനായി പറഞ്ഞു.
മുതലാളിയുടെ സൗമനസ്യത്തിനു മുന്നിൽ കൈകൾ കൂപ്പി . പിന്നെപണവുമായിവേഗം വീട്ടിലേക്ക് നടന്നു .
പണം ഏൽപ്പിക്കുമ്പോൾ സംശയദൃഷ്ടിയോടെ നോക്കി, വിഹ്വലതയോടെ അമ്മ പറഞ്ഞു.
“മോനെ എത്ര ബുദ്ധിമുട്ടിയാലും വഴിവിട്ടുള്ള പ്രവർത്തികൾ ഒന്നും നീ ചെയ്യരുത്. ”
“ഇല്ലാ അമ്മേ .ഞാൻ അത്തരം പ്രവർത്തികളിൽ ഒന്നും ഏർപ്പെട്ടിട്ടില്ല. ഈ പണം എന്റെ മുതലാളി സ്വമനസാലെ തന്നതാണ്.അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.”
അമ്മയ്ക്ക് വിശ്വാസം വന്നതുപോലെ തോന്നി.വിവാഹം ഭംഗിയായി നടന്നപ്പോഴും, അനുജത്തിയുടെ കണ്ണുകളിലെ ആനന്ദക്കണ്ണീര് കണ്ടപ്പോഴും തന്നെക്കൊണ്ട് ഇത്രയൊക്കെ സാധിക്കുന്നുണ്ടല്ലോ എന്ന ഒരു ദരിദ്രന്റെ ആഹ്ളാദം മനസ്സിൽ കൊട്ടിക്കേറി.
പക്ഷേ പിറ്റേന്ന് റസ്റ്റോറന്റിൽ എത്തിയപ്പോൾ മുതലാളി തന്നെ വിളിക്കുന്നതായി മാനേജർ പറഞ്ഞു. ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉള്ള വിശാലമായ മുറിയിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന മുതലാളിയെ ചെന്നുകണ്ടു.
“വിവാഹമൊക്കെ ഭംഗിയായി നടന്നുവല്ലോ .പക്ഷേഎന്റെ കടം നീ എങ്ങനെ വീട്ടുമെന്ന് എനിക്കറിയണം”
അപ്രതീക്ഷിതമായ ചോദ്യശരത്തിൽ ഒന്നും മിണ്ടാനാവാതെ നിന്നു. ഇത്ര പെട്ടെന്ന് പണം മടക്കിക്കൊടുക്കേണ്ടി വരും എന്ന് ഓർത്തിരുന്നില്ല. ഉള്ളിൽ രൂപം കൊണ്ട ചെറിയ മിന്നൽപ്പിണറുകളെ മറച്ചുകൊണ്ടു പറഞ്ഞു,ഫുഡ് ഡെലിവറിയിലൂടെ താൻ ആ കടം വീട്ടിക്കൊള്ളാമെന്ന്. എന്നാൽ അതു കേട്ട് അയാൾ പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്.
“ഫുഡ് ഡെലിവറിയിലൂടെ എങ്ങനെ കടം വീട്ടുവാനാണ്. നിനക്ക് ഞാൻ മറ്റൊരു തൊഴിൽ തരാം. അതിലൂടെഎന്റെ കടം വീട്ടുവാനും , നിനക്ക് നന്നായി ജീവിക്കുവാനും കഴിയും” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
പുതിയ ജോലി എന്ന് കേട്ടപ്പോൾ സന്തോഷമായി. കൂടുതൽ വരുമാന മുണ്ടെങ്കിൽ അതുമതി തന്റെ സാഹചര്യങ്ങൾ മെച്ചപ്പെടുവാൻ . പിന്നെ കടം വീട്ടുവാനും.ആകാംക്ഷയോടെ മുഖം കൂർപ്പിച്ച് നിന്ന തന്നോട് അയാൾ പറഞ്ഞു.
“ഞാൻ ചില പാക്കറ്റുകൾ നിനക്ക് എത്തിച്ചു തരും. അത് നീ യഥാസ്ഥാനത്ത് എത്തിക്കണം”
കേട്ടപ്പോൾ സന്തോഷം തോന്നി. ഇപ്പോഴുള്ള ജോലി പോലെതന്നെ. പക്ഷെ ഇതിന് കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നതെങ്ങനെ?. എങ്കിലും സമ്മതം അറിയിച്ചു
” ഇതിന് ഞാൻ നിനക്ക് കൂടുതൽകൂലി തരും. നീ പ്രതീക്ഷിക്കുന്നതിലും കൂടുതൽ.”
സേഠിന്റെ വാക്കുകൾ ആദ്യമായി ഐസ്ക്രീം നുണയുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കേട്ടുനിന്നു. കൺമുന്നിൽ,പാറിക്കളിക്കുന്നവർണ്ണവെയിൽപ്പൊട്ടുകളായിരുന്നു. പ്രതീക്ഷകൾക്ക് ചിറകുകൾ മുളച്ചു ,അവയ്ക്കൊപ്പം പറന്നുപൊങ്ങി.
” 618ാം നമ്പർ മെട്രോപില്ലറിന്റെസമീപത്ത് ഫുട്പാത്തിൽ നീ നിന്നാൽ മതി. ഒരു പയ്യൻ അവിടെയത്തും.സാധനം കയ്യിൽ കിട്ടിയാൽ സൂക്ഷിക്കണം. .പോലീസുകാരുടെ കണ്ണിൽപ്പെടരുത്. അഥവാ പെട്ടാലും മുമ്പാണെങ്കിൽ എനിക്ക് രക്ഷിക്കാൻ കഴിയുമായിരുന്നു . ഇതുവരെ ഇവിടത്തെ പോലീസ് മേധാവികളെല്ലാം എന്റെ പരിചയക്കാർ ആയിരുന്നു.എന്നാൽഇപ്പോൾ വന്നിരിക്കുന്നത് ഒരു പുതിയ കമ്മീഷണർ ആണ് . സാഹസികനായ ചെറുപ്പക്കാരൻ. അയാളെ വരുതിയിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നീ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്”
ഹിന്ദികലർന്നമലയാളത്തിൽ അയാൾ പറഞ്ഞു നിർത്തി, തോളിൽ തട്ടി.
അപകടം മണത്തത് അപ്പോൾ മാത്രമാണ്. ഏത് നിമിഷവും ആഞ്ഞുകൊത്താവുന്ന വിഷ സർപ്പമാണ് കയ്യിൽ എത്തുന്നത് എന്നത് ഉള്ളിലെ ചങ്കിടിപ്പിന്റെ വേഗം കൂട്ടി. എങ്കിലും ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെപ്പോലെ നിസ്സഹായനായി ,അയാൾ പറഞ്ഞതിന്സമ്മതം അറിയിച്ചു തിരിച്ചുപോന്നു.
റസ്റ്റോറന്റിൽ നിന്നും ലഭിച്ച ഫുഡ്പാക്കറ്റുകൾ ബൈക്കിനു പുറകിൽ വെച്ച് ഒരു മന്ദബുദ്ധിയെപ്പോലെ യാത്ര തുടർന്നു . സന്ധ്യയോടെ മെട്രോ പില്ലറിനുചുവട്ടിലെത്തി കാത്തു നിന്നു.
” അണ്ണൻആദ്യായിട്ടാണെന്ന് തോന്നുന്നു. അതിന്റെ ഒരു വെപ്രാളം മൊഖത്ത് കാണാനുണ്ട്. പേടിക്കേണ്ടണ്ണാ . എല്ലാം പതുക്കെ ശീലം ആകും . ഞാനും ഇങ്ങനൊക്കെത്തന്നെയായിരുന്നു ആദ്യം . പിന്നെ ധാരാളംപണം കയ്യി കിട്ടുമ്പോ എല്ലാം വിഷമോം തീരും. തെറ്റാണ് ചെയ്യുന്നതെന്ന് നമ്മള് മറന്നുപോകും ”
പയ്യന്റെ വാക്കുകൾ ഒരു നിമിഷത്തേക്ക് ന്യായാന്യായങ്ങളുടെ സേനാവ്യൂഹത്തെ വീണ്ടുo മനസ്സിൽ നിരത്തി . അതോടെഅമ്മയുടെ വാക്കുകൾ മനസ്സിന്റ .കോണിൽ ഉഷ്ണക്കാറ്റായി ആർത്തിരമ്പി .. ഉളളിലുണർന്ന താപത്തിനൊപ്പം പ്രതിഷേധത്തിന്റെ അലകളും കനലായി ഉരുണ്ടുകൂടി .
“ഇപ്പോൾആവശ്യം പണമാണ്. ഒരു മകന്റെ കടമ തനിക്ക് നിർവഹിച്ചേ തീരൂ… അനുജത്തിയുടെ വിവാഹം കേമമായി നടന്നു…. ഇനി അമ്മയുടെ കാര്യവും ,തന്റെ സ്വന്തം കാര്യവും ഭംഗിയായി നടക്കണം…. ‘
‘പക്ഷേ…. പക്ഷേ… അതിനായി അപകടകരമായ ഒരു വഴിയിൽക്കൂടിയാണ് നീ യാത്ര ചെയ്യാൻ പോകുന്നതെന്ന് ഓർക്കണം…..’
ഉള്ളിലെ പ്രതിപുരുഷനോട് വാഗ്വാദത്തിൽ ഏറ്റുമുട്ടി തളരുമ്പോൾ കേട്ടു.
” പാക്കറ്റുകൾ ഭദ്രമായി അണ്ണൻ ലൗ ഡെയിൽ ഫ്ലാറ്റിൽ എത്തിക്കണം. ശരി.അപ്പോ പിന്നെക്കാണാം. ചിലയിടങ്ങളിൽ സാധനം ഇനിയും എത്തിക്കാനുണ്ട്”
അവൻ സൈക്കിൾ ശരവേഗത്തിൽ പായിച്ച് ഓടിച്ചുപോയി.
മനസ്സിൽ ഏറ്റുമുട്ടുന്ന ധാർമ്മിതെയുടെ സൈനികപ്പടയെ തുരത്തിയോടിച്ച് ബൈക്കിൽ കയറി. ഫുഡ് പാക്കറ്റുകൾക്കൊപ്പം പയ്യൻ നൽകിയ പാക്കറ്റുകളും ഭദ്രമായിവെച്ചു. പിന്നെകണ്ണുമടച്ച് പായുകയായിരുന്നു. തിരക്കേറിയ റോഡിൽ പലപ്പോഴുംമുന്നിലുള്ള വാഹന വ്യൂഹത്തെ വെട്ടിച്ച് മുന്നോട്ടു പായുമ്പോൾ ഇടയ്ക്കുവെച്ച് ഒരു പോലീസുകാരൻ പിടിച്ചു നിർത്തി
“ഇത്രക്കു ധൃതിയിൽ നീ എങ്ങോട്ടാ പായുന്നത്. ചാകാൻ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിട്ടാണോടാവന്നത്”
പിടി വീണു എന്നുതന്നെ ഉള്ളിൽ കരുതി. ആദ്യമായി തെറ്റ് ചെയ്യുന്നവന്റെ വിറയൽ കാലുകളെ ബാധിച്ചു
ധൈര്യം സംഭരിക്കാനുള്ള ശ്രമങ്ങളെയൊക്കെ പാഴാക്കിക്കൊണ്ട് നാവ് വിക്കലിനെ കൂട്ടുപിടിച്ചു .
” അതെ സർ ഞാൻ….. ഞാൻ…. ഭക്ഷണം എത്തിക്കാൻ വൈകിയതു കാരണo….”
മുഴുവൻ പറയുന്നതിന് മുമ്പ് പോലീസുകാരൻ പരിഹസിച്ചു
“അതെ അതെനിക്ക് നിന്റെ ബൈക്ക് കണ്ടപ്പോൾ മനസ്സിലായി . നീ ഫുഡ് ഡെലിവറി ചെയ്യാനാണ് പോകുന്നത് എന്ന് . പക്ഷേ ഈ വേഗതയിലാണ് നീ പോകുന്നത്എങ്കിൽ ഫുഡ് ഡെലിവറിക്ക് പകരം നിന്റെ ബോഡി വീട്ടിലേക്ക് ഡെലിവറി ചെയ്യേണ്ടിവരും .ഏതായാലും സ്പീഡ് അല്പം നിയന്ത്രിച്ചു പൊക്കോ. ”
പോലീസുകാരൻ പറഞ്ഞു നിർത്തിയപ്പോൾ സമാശ്വാസത്തോടെ ബൈക്കിൽ കയറി യാത്ര തുടർന്നു.
പിന്നെ തുടർച്ചയായി വഴിയിൽ ബ്ലോക്കുകൾ ആയിരുന്നു. ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം അവയെല്ലാം പിന്നിട്ട് ഫ്ലാറ്റിലെത്തി.
ഇതിനിടെ അക്ഷമയുടെ മണിമുഴക്കങ്ങൾ തന്റെ ഫോണിൽ പലതവണ കേട്ടിരുന്നു. എന്നാൽ ഒരിക്കൽപോലും ഫോണെടുക്കാൻ തുനിഞ്ഞില്ല. അതിന് ശ്രമിച്ചാൽ ബ്ലോക്കിൽ കുരുങ്ങി ഇനിയും താമസിച്ചാലോ എന്നായിരുന്നു മനസ്സിൽ .
ഏറെ ശങ്കിച്ചാണ് ഫ്ലാറ്റിൽ എത്തി വാതിലിൽ മുട്ടിയത്. കണ്ണു ചുവന്ന് , ചെമ്പിച്ചതലമുടി പറത്തിയ ഏതാനും പൈശാചികരൂപങ്ങൾ പുറത്തേക്കു തല നീട്ടി
“എന്താടോ ഇത്ര താമസിച്ചത്?” എന്ന ആക്രോശം കേട്ടപ്പോൾ ഭീതി ഉള്ളിലുലഞ്ഞു.
“വഴിയിൽ ബ്ലോക്കായിരുന്നു സാർ ”
” നിന്റെ ഒരു ബ്ലോക്ക് …..ഞങ്ങൾ ഇവിടെ സാധനം കാത്തിരുന്ന് മുഷിഞ്ഞു… .”
വിശപ്പിനേക്കാൾ അവർക്ക് ആവശ്യം ലഹരിപാക്കറ്റുകൾ ആണെന്ന് മനസ്സിലായി
” ഏതായാലും നീ അകത്തോട്ട് വാ ….അയൽവക്കത്തുള്ളവരാരും കാണണ്ട”
പുറത്തേക്ക് ഭീതിയോടെ കണ്ണോടിച്ച അതിലൊരുത്തന്റെ കൈ നീണ്ടു വന്ന് തന്നെ പിടിച്ചു വലിച്ചു അകത്തേക്കിട്ടു
,വാതിൽ ബോൾട്ടിട്ടു അവൻ പാക്കറ്റുകൾ കൈവശമാക്കി.
, പാക്കറ്റിലെ ലഹരി നുണഞ്ഞിറങ്ങിക്കൊണ്ട് നിന്ന ,അക്ഷമയുടെ ആൾരൂപംപൂണ്ട രൗദ്രഭാവങ്ങൾക്ക് ഇപ്പോൾ രാവണകുലത്തിലെ .രാക്ഷസന്മാരുടെ ഛായ തോന്നി. ചുറ്റും അലറുന്ന നിഴൽ രൂപങ്ങളായി അവർ മാറിക്കഴിഞ്ഞിരുന്നു.
” ഉം…. ഇത് അവന്റെ നാവിലും വച്ചു കൊടുക്കെടാ. ഇതിന്റെ ലഹരി അവനും നുണയട്ടെ”
കഠിനമായ എതിർപ്പുകൾക്കൊടുവിൽ. തന്റെ ശരീരം ദുർബ്ബലം ആകുമ്പോൾ അവരുടെ ശക്തിയും കോപവും വർദ്ധിക്കുകയായിരുന്നു.
ഓരോരുത്തരുടെ കയ്യിലും പലവിധ ആയുധങ്ങൾ! . അവ മാറിമാറി ആഞ്ഞുപതിക്കവേ അടയുന്ന കണ്ണുകൾക്ക് മുന്നിൽ അമ്മയും അനുജത്തിയും മിന്നൽപ്പിണറായി കടന്നുവന്നു മറഞ്ഞു പോയി.
കഴുത്തിലൂടെ വക്ഷസ്സിലൂടെ, നാഭിയിലൂടെ ഒഴുകുന്ന കൊഴുത്ത ചോര പ്രളയത്തിന്റെ കുത്തൊഴുക്കും .ശ്വാസം മുട്ടലും…..
ഒടുവിൽ കൺമുന്നിൽ ശിവതാണ്ഡവമാടുന്ന ഏതാനും നൃത്തരൂപങ്ങൾ മാത്രം അവശേഷിച്ചു .അവസാന തുള്ളി രക്തവും ഭിത്തിയിൽ തെറിച്ചു വീഴുമ്പോൾ കണ്ണുകൾ മയക്കത്തിലൂടെ അനാദിയായ ശിവരൂപം ദർശിച്ചു.




നല്ല കഥ