ലഹരിമരുന്ന് കടത്തിനെതിരായ നിരന്തര നടപടികളുടെ ഭാഗമായി നടത്തിയ മറ്റൊരു വിജയകരമായ ദൗത്യത്തില്‍ 2026 ഏപ്രിൽ 17 വെള്ളിയാഴ്ച മസ്‌കറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലപ്പുറം ജില്ലക്കാരനെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് പിടികൂടി.
കൃത്യമായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ കൊച്ചി മേഖലാ കേന്ദ്രത്തിന് കീഴിലെ കോഴിക്കോട്, കണ്ണൂർ പ്രാദേശിക കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ യാത്രക്കാരനെ തടയുകയും പരിശോധനയിൽ ക്രിസ്റ്റൽ മെത്താംഫെറ്റമിന്‍ അടങ്ങിയ 1974 ഗ്രാമിൻ്റെ 2 പാക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ലഹരി മരുന്ന് വിപണിയിൽ ഏകദേശം 1.58 കോടി രൂപ വിലമതിക്കുന്ന ഈ ലഹരിമരുന്ന് ഇയാള്‍ ചെക്ക്-ഇൻ ബാഗേജിലെ ഭക്ഷണപ്പൊതികൾക്കകത്താണ് ഒളിപ്പിച്ചിരുന്നത്.
തുടർന്ന് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്താനും കള്ളക്കടത്ത് പ്രവർത്തനത്തിൽ ഉൾപ്പെട്ട വിപുലമായ ശൃംഖലയെ തിരിച്ചറിയാനും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
2026 മാർച്ച് 2-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാലക്കാട് സ്വദേശിയിൽ നിന്ന് 1.931 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഹൈഡ്രോപോണിക് വീഡ്, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ എന്നിവയുൾപ്പെടെ 70.76 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും മയക്കുമരുന്ന് പദാർത്ഥങ്ങളുമാണ് സംസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് കൊച്ചി മേഖലാ കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വർഷം പിടിച്ചെടുത്തത്. ഈ നടപടികളുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർച്ചയായ ഈ നിയമനിര്‍വഹണ ശ്രമങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ‘നശാ മുക്ത് ഭാരത്’ (മയക്കുമരുന്ന് മുക്ത ഇന്ത്യ) എന്ന കാഴ്ചപ്പാടിനോട് ഡി.ആർ.ഐ പുലര്‍ത്തുന്ന തുടർച്ചയായ പ്രതിബദ്ധതയെ അടിവരയിടുന്നു.



