ഹരിയാനയിലെ സോണിപത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ബാബാധാം. ഏറെ പഴമയുള്ള ചരിത്രവും പാരമ്പര്യവും നിറഞ്ഞ പ്രദേശമാണ് സോണിപത്. പുരാതന കാലത്ത് ഇത് “സ്വർണപ്രസ്ഥ”എന്ന പേരിൽ അറിയപ്പെട്ടിരുന്നു എന്നാണ് വിശ്വാസം.
മഹാഭാരതവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന നിരവധി പുരാണ കഥകളിൽ സോണിപത്തിന്റെ പേര് കാണാം.ദുര്യോധനനോട് പാണ്ഡവർ ആവശ്യപ്പെട്ട 5 “പ്രസ്ഥ” നഗരങ്ങളിൽ ഒന്നായി സ്വർണ്ണപ്രസ്ഥയെ ചില കഥകൾ പരാമർശിക്കുന്നു.
ദില്ലിയിൽ നിന്ന് ഏകദേശം 45–50 km ദൂരമുള്ള സോണിപത് ഇന്ന് വ്യവസായ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്നു. പുരാതന മഹാഭാരത ചരിത്രവും ആധുനിക വികസനവും ചേർന്ന ഒരു നഗരം കൂടിയാണ്. ഇവിടെയുള്ള പ്രധാന കൃഷി അരി ഗോതമ്പ് എന്നിവയാണ്.സോണിപത് ഹരിയാനയിലെ ഒരു പ്രധാന നഗരവും ജില്ലയുമാണ്. ദില്ലിക്ക് വളരെ അടുത്തായതിനാൽ ഇത് ചരിത്രപരവും സാമ്പത്തികപരമായും പ്രധാനപ്പെട്ട സ്ഥലമാണ്.

ദില്ലിക്ക് അടുത്തുള്ള ഈ പ്രദേശം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല ഭരണകൂടങ്ങളുടെ നിയന്ത്രണത്തിൽ (രാജ്പുത്, ദില്ലി സുൽത്താനത്ത്, മുഗൾ ഭരണകാലം)എന്നിവയുടെ കീഴിൽ മാറിമാറി വന്നിരുന്നു. പുരാവസ്തു തെളിവുകൾ പ്രകാരം പ്രാചീന കാലം മുതൽ തന്നെ ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നു.
പിന്നീട് നിരവധി ഭരണകൂടങ്ങളുടെ കീഴിൽ വളർച്ച പ്രാപിച്ച് സോണിപത് 1972ൽ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.
ഈ ചരിത്ര പശ്ചാത്തലത്തിനിടയിൽ ആത്മീയ പ്രാധാന്യം നേടിയ സ്ഥലമാണ് ബാബാധാം ശക്തി പീഠം. ഇവിടെ പൂജ ചെയ്യുന്നതിലൂടെ മനശാന്തിയും ദൈവാനുഗ്രഹം ലഭിക്കുമെന്ന വിശ്വാസം ഭക്തർക്കിടയിൽ ആഴത്തിൽ നിലനിൽക്കുന്നു.അനുഭവങ്ങളും വിശ്വാസങ്ങളും ചേർന്ന് അനവധി കഥകൾ ഈ പ്രദേശത്ത് പ്രചരിച്ചുവരുന്നു.വിവാഹം നടക്കാൻ, തൊഴിൽ ലഭിക്കാൻ, ഗുരുതര രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ തുടങ്ങിയ ആഗ്രഹസാഫല്യത്തിനായി നിരവധി ഭക്തർ ഇവിടെയെത്തി പ്രാർത്ഥന നടത്തുന്നു. അങ്ങനെ പ്രാർത്ഥിച്ചവർക്ക് അനുഗ്രഹം ലഭിച്ചു എന്ന വിശ്വാസം പല അത്ഭുത കഥകളായി പ്രദേശവാസികൾക്ക്
ഇടയിൽ പരന്നിട്ടുണ്ട്.
പണ്ട് കാലത്ത് ഇവിടെ ഒരു സന്യാസി ദീർഘകാലം ഭഗവാൻ ശിവനെ ആരാധിച്ചു, തപസ്സു ചെയ്തു എന്നാണ് പറയപ്പെടുന്നത്. പിന്നീട് അദ്ദേഹം സമാധിയായതിനു ശേഷം ക്ഷേത്രപരിസരത്ത് ദിവ്യ പ്രകാശം കണ്ടു എന്നൊരു വിശ്വാസകഥയും നിലനിൽക്കുന്നു ഇതോടെ അദ്ദേഹം സിദ്ധപുരുഷനായി അംഗീകരിക്കപ്പെട്ടു. തുടർന്ന് ഇവിടെ പൂജകളും ക്ഷേത്രം നിർമ്മാണവും ആരംഭിക്കപ്പെട്ടു.

രാജാക്കന്മാർ നിർമ്മിച്ചതല്ലെങ്കിലും, ജനവിശ്വാസം കൊണ്ട് വലിയ തീർത്ഥാടന കേന്ദ്രമായി മാറിയ ബാബാ ധാം ചരിത്രപരമായി ഏകദേശം 100–150 വർഷം പഴക്കമു ള്ള ഒരു പ്രാദേശിക ക്ഷേത്രമായിരുന്നു. ഭക്തർ ഈ ക്ഷേത്രത്തെ “മനോക്കാമനകൾ പൂർത്തിയാക്കുന്ന സ്ഥലം” എന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രദേശവാസികൾ പറയുന്ന പ്രസിദ്ധമായ ഒരു സംഭവ കഥയുണ്ട്. ഒരു കുടുംബം വലിയ സാമ്പത്തികവും കുടുംബ പ്രശ്നങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുക
യായിരുന്നു.അവർ തുടർച്ചയായി ബാബാ ധാമിൽ പ്രാർത്ഥിക്കുകയും ഭജനം നടത്തുകയും ചെയ്തു.ചില മാസങ്ങൾക്കു ശേഷം കുടുംബത്തിലെ പ്രശ്നങ്ങൾ പതുക്കെ പതുക്കെ പരിഹരിക്കപ്പെട്ടു. അതോടൊപ്പം അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. അതിനുശേഷം അവർ ക്ഷേത്രത്തിൽ അന്നദാനം നടത്തി നന്ദി അറിയിച്ചു എന്നുപറയുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങൾ കാരണം ഭക്തർ ഈ ക്ഷേത്രത്തെ “മനോക്കാമനകൾ പൂർത്തിയാക്കുന്ന സ്ഥലം” എന്നാണ് വിശ്വസിക്കുന്നത്.
ആദ്യകാലത്ത് ഇവിടെ ചെറിയൊരു ശിവലിംഗവും, ചെറിയൊരു മന്ദിരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ ഭക്തരുടെ സഹകരണത്തോടെ ഇത് വലിയൊരു ക്ഷേത്ര സമുച്ചയമായി വികസിച്ചു. അതുകൊണ്ട് ഇന്ന് ഈ സ്ഥലം “ശക്തിപീഠം” എന്നറിയപ്പെടുന്നു . ഇവിടെ ഭഗവാൻ ശിവൻ, ഹനുമാൻ,രാധാകൃഷ്ണൻ ശനിദേവൻ,സായിബാബ തുടങ്ങിയ ദേവന്മാരുടെ ആരാധന നടക്കുന്നു.

ഭജനങ്ങൾ, കീർത്തനങ്ങൾ, അന്നദാനം തുടങ്ങിയ ആത്മീയ പ്രവർത്തനങ്ങൾ സ്ഥിരമായി നടത്തപ്പെടുന്ന ഇവിടേക്ക് മഹാശിവരാത്രി, നവരാത്രി,ജന്മാഷ്ടമി തുടങ്ങിയ ഉത്സവദിവസങ്ങളിൽ അനേകം ഭക്തർ എത്തിച്ചേരുന്നു.ശാന്തവും ധ്യാന മൂകവുമായ അന്തരീക്ഷത്തിൽ ഭക്തർക്ക് ആത്മീയ അനുഭവം സമ്മാനിക്കുന്ന
ബാബാധാം സോണിപത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഇന്നും ഭക്തഹൃദയ ങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
ശുഭം 🙏




പുതിയ അറിവ്.. നന്ദി 🙏