കോഴിക്കോട് ∙ വടകര ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് (25) നെയാണ് കാണാതായത്. കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതിയാണ് വിഷ്ണു വീട്ടിൽ നിന്നും പുറപ്പെട്ടത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് പോയതെങ്കിലും പിന്നീട് തിരികെ എത്തിയില്ല. ഏറെ വൈകിയിട്ടും വിഷ്ണുവിനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് വിഷ്ണു പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം ഭീഷണി കോളുകൾ വിളിച്ചിരുന്നതായി കുടുംബം പറയുന്നു. വിഷ്ണുവിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, മോർഫ് ചെയ്ത വിഷ്ണുവിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് യുവാവിനെ കാണാതാകുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



