ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു. എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു. അമേരിക്കയുടേത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമെന്ന് പ്രതികരിച്ച ഇറാൻ തിരിച്ചടിക്കുമെന്നും പറഞ്ഞു. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് പോകുമെന്ന ഭീതി ഉയർന്നു.
ഇതോടെ മേഖലയിൽ ഉടൻ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയും നശിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്ന ആശങ്കയും ശക്തമാണ്. ചരക്ക് ഗതാഗതത്തെയും യുദ്ധം സാരമായി ബാധിക്കും. ഇത് ആഗോള വിപണികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.
ഇറാനിലെ തുറമുഖങ്ങൾക്ക് നേരെ ആക്രമണത്തിന് തയ്യാറെടുത്ത് കടലിൽ യു എസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിരീക്ഷണം ശക്തമാക്കിയത്. കസ്റ്റഡിയിലുള്ള കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ സമാധാന ചർച്ചയ്ക്ക് ഇല്ലെന്ന് ഇറാൻ നിലപാടെടുത്തതായി ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.



