”അണ്ടിയോ മാവോ മൂത്തത് ? കോഴിയോ കോഴിമുട്ടയോ മൂത്തത് ?
ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍ അല്ലേ ? ഉത്തരം മുട്ടുന്നത് നമ്മുടെ അജ്ഞതകൊണ്ടാവാം . അല്ലെങ്കില്‍ ചോദ്യം തന്നെ തെറ്റായതുകൊണ്ടുമാവാം. ജ്ഞാനത്തിനേക്കാള്‍ എത്രയോ മടങ്ങ് അജ്ഞത നമുക്കൊക്കെയുണ്ടെന്നു സമ്മതിച്ചുകൊണ്ട് ഈ ചോദ്യത്തിലെ യുക്തി എന്തെന്ന് പരിശോധിക്കുകയാണ് ഞാന്‍.
ചോദ്യത്തിലെ ഒരു രസകരമായ വസ്തുത അതില്‍ അണ്ടിയും മാവും, കോഴിയും മുട്ടയും, ദെെവസൃഷ്ടികളായി സങ്കല്‍പ്പിക്കപ്പെടുന്നില്ല എന്നതാണ്. ഒന്നില്‍നിന്നാണ് മറ്റൊന്നുണ്ടാകുന്നതെന്ന അറിവ് (വിശ്വാസമല്ല )ആണ് ഈ ചോദ്യത്തിന്റെ ഹേതു. ഒരര്‍ത്ഥത്തില്‍ ഈ ചോദ്യം പരിണാമവാദത്തെ അംഗീകരിക്കലാണ്. വസ്തുവില്‍ നിന്ന് വസ്തു ഉണ്ടാകുന്നു; ഈശ്വരന്‍ പോലുള്ള സങ്കല്‍പ്പത്തില്‍നിന്ന് ഒരു വസ്തു (matter ) ഉണ്ടാകുന്നില്ല .അതുകൊണ്ടുതന്നെ ഈ ചോദ്യം ശാസ്ത്രീയവുമാണ്.
ഒരു ശാസ്ത്രജ്ഞനും ഇതൊരു ഗൗരവമേറിയ ചോദ്യമായി പരിഗണിക്കാത്തതിന് കാരണവും അതാണ്. ശാസ്ത്രബോധമുള്ളവര്‍ (ആത്മാവിനെ അന്വേഷിക്കുന്നവരടക്കം)ഇത് ഒരു ബാലിശമായ കുസൃതിചോദ്യമായി അവഗണിക്കുന്നു. അമീബയില്‍നിന്ന് പരിണമിച്ചുപരിണമിച്ച് പുരോഗമക്കുന്ന ജീവന്റെ ശൃംഖലയിലെ ഒരു കണ്ണി അടര്‍ത്തിമാറ്റി പരിശോധിക്കുന്നുവെന്നതാണ് ഈ ചോദ്യത്തിന്റെ അശാസ്ത്രീയത. മാവിന്റെ ചരിത്രം അണ്ടിയില്‍ നിന്നല്ല, സസ്യത്തിന്റെ ആദിബീജത്തില്‍ നിന്നു തുടങ്ങണം. ഓരോ കണ്ണിയും അതിനു പുറകിലും മുമ്പിലുമുള്ള കണ്ണികളോട് ബന്ധപ്പെടുത്തി പരിശോധിക്കണം. അങ്ങനെ പരിശോധിക്കുമ്പോള്‍ ഓരോ ഉത്തരവും അനേകം ചോദ്യങ്ങളായി തലപൊക്കുന്നതുകാണാം. ശാസ്ത്രത്തിന്റെ മാര്‍ഗത്തില്‍ അന്തിമമായ ചോദ്യമോ ഉത്തരമോ ഇല്ല. നാം ചോദിച്ച ചോദ്യം അതുകൊണ്ട് അശാസ്ത്രീയമാണ്.
ശാസ്ത്രം ഒരു ശാസ്ത്രജ്ഞന്റെ തന്‍പോരിമയല്ല. അയാളുടെ മുന്‍ഗാമികളുടെ ഉത്തരങ്ങള്‍ ഉന്നയിക്കുന്ന നവംനവംങ്ങളായ ചോദ്യങ്ങളെ പഠിക്കുക മാത്രമാണ് അയാള്‍ ചെയ്യുന്നത്. അയാളുടെ പുറകില്‍ വരുന്നയാളും അതു തന്നെയാണ് ചെയ്യുന്നത്.
ഈ ശാസ്ത്രം ഭാരതീയം, ഈ ശാസ്ത്രം അറേബിയന്‍, പാശ്ചാത്യം എന്നീ വാദങ്ങളും ഭോഷ്കാണ്. ആദിമമാനുഷന് രാജ്യമോ പൗരത്വമോ ഇല്ലായിരുന്നു. അയാളുടെ കയ്യില്‍ നിന്നേറ്റുവാങ്ങിയ ദീപശിഖ ആധുനികലോകത്തിലെ രാഷ്ട്രീയാതിര്‍ത്തിയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് അശാസ്ത്രീയമാണ്. ഡോ. സിവി രാമന്‍ ഇന്ത്യക്കാരനാണ്. പക്ഷേ ”Raman effect” അന്തര്‍ദ്ദേശീയമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ”ദേശീയ”ശാസ്ത്രദിനം ആയി ആഘോഷിക്കുന്നത് ശാസ്ത്രബോധത്തിന് നിരക്കാത്തതല്ലേ?




🙏🙏