Saturday, April 18, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിമൂന്നാം ഭാഗം) 'ശ്രീ തകഴി ശിവശങ്കരപ്പിള്ള' ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിമൂന്നാം ഭാഗം) ‘ശ്രീ തകഴി ശിവശങ്കരപ്പിള്ള’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷതപ്പൂക്കൾ എന്ന രചനയുടെ 43ാംഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

‘കുട്ടനാടിൻ്റെ ഇതിഹാസകാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ. തകഴി ശിവശങ്കരപ്പിള്ള ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

തകഴി ശിവശങ്കരപ്പിള്ള (17/04/1912-10/04/1999)

മലയാള സാഹിത്യത്തിൻ്റെ മഹത്വം വിശ്വസാഹിത്യരംഗത്ത് ആദ്യമായി എത്തിച്ച തകഴി ശിവശങ്കരപ്പിള്ള 1912 ഏപ്രിൽ പതിനേഴ് ന് ആലപ്പുഴ ജില്ലയിലെ തകഴി പൊയ്പ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻ്റെയും, അരീപ്പുറത്തു വീട്ടിൽ പാർവ്വതി അമ്മയുടെയും മകനായി ജനിച്ചു. ആദ്യ ഗുരു പിതാവ് തന്നെയായിരുന്നു. തകഴി പ്രൈമറി സ്ക്കൂൾ, അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്ക്കൂൾ, വൈക്കം ഹൈസ്‌ക്കൂൾ, കരുവാറ്റ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. കുറച്ചു കാലം ‘കേരള കേസരി’ പത്രത്തിൻ്റെ റിപ്പോർട്ടർ ആയി ജോലി നോക്കി. തുടർന്ന് അമ്പലപ്പുഴ കോടതികളിൽ വക്കീലായി പ്രാക്ടീസു ചെയ്തു.

13ാം വയസ്സിൽ ആദ്യ കഥയെഴുതിയ തകഴി,നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തകഴിയുടെ സാഹിത്യജീവിതം തഴച്ചുവളർന്നത് കേസരിയുമായുള്ള സമ്പർക്കമാണ് തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ കാലയളവിൽ ചെറുകഥാരംഗത്ത് സജീവമായി!

സാമൂഹ്യപരിവർത്തനം ലക്ഷ്യമാക്കി തൂലിക ചലിപ്പിച്ച തകഴി, സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ജീവിതാവസ്ഥകൾ യഥാതഥമായി ചിത്രീകരിച്ച് സാഹിത്യലോകത്ത് ഉന്നതിയിലെത്തിയ എഴുത്തുകാരനാണ്. മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, തോട്ടിവേല ചെയ്യുന്നവർ തുടങ്ങിയ അടിസ്ഥാനവർഗ്ഗത്തിൻ്റെ നൊമ്പരങ്ങളും വേദനകളും അദ്ദേഹം തൻ്റെ കഥകൾക്ക് ആധാരമാക്കി.

താൻ ജനിച്ചു വളർന്ന കുട്ടനാടും അവിടത്തെ കൃഷിക്കാരും, കർഷകത്തൊഴിലാളികളും മറ്റു സാധാരണ ജനങ്ങളും അദ്ദേഹത്തിൻ്റെ ഭാവനകൾക്ക് പ്രചോദനം നൽകി. തകഴിയുടെ എല്ലാ കൃതികളിലും ഇവരുടെ ജീവൽസ്പന്ദനങ്ങൾ അനുരണനം ചെയ്യുന്നു. തൻ്റെ അനുഭവ പരിധിയിൽ ഒതുങ്ങിയ ജീവിതങ്ങൾ മാത്രമേ തകഴി ചിത്രീകരിച്ചിട്ടുള്ളു. അതിഭാവുകത്വത്തിനോ നിഗൂഢതകളുടെ മാസ്മരികലോകത്തിനോ തകഴിയുടെ കൃതികളിൽ സ്ഥാനമില്ല.

‘കേരളമോപ്പാസാങ്ങ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ പ്രധാന കൃതികൾ തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ,കയർ,
ഒരു മനുഷ്യൻ്റെ മുഖം, ഔസേപ്പിൻ്റെ മകൾ, പുന്നപ്ര വയലാറിനു ശേഷം ഒരു കുട്ടനാടൻ കഥ,തെണ്ടിവർഗ്ഗം,
ചുക്ക്, ഇങ്ക്വിലാബ്,ഞാൻ പിറന്ന നാട്, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, ആലിംഗനം, മാഞ്ചുവട്ടിൽ, ഞരക്കങ്ങൾ, വെള്ളപ്പൊക്കത്തിൽ എന്നിവയും, എൻ്റെ ബാല്യകാല കഥ, ഓർമ്മയുടെ തീരങ്ങളിൽ എന്നീ ആത്മകഥാപരമായ കൃതികളും
“തോറ്റില്ല” എന്ന നാടകവുമാണ്.
നോവലിനെക്കാൾ മികച്ചു നില്ക്കുന്ന ഒട്ടേറെ ചെറുകഥകൾ അദ്ദേഹത്തിൻ്റെതായിട്ടുണ്ട്.

തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.
നിഷ്ക്കളങ്കരായ കർഷകത്തൊഴിലാളികളുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ‘രണ്ടിടങ്ങഴി’. അതിലെ ചിരുത, കേരൻ, ചാത്തൻ തുടങ്ങിയ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ നിന്നും പെട്ടെന്നു മാഞ്ഞുപോകുകയില്ല.

മലയാള നോവൽ പ്രസ്ഥാനത്തിലെന്നപോലെ ചലച്ചിത്ര മേഖലയിലേയ്ക്കും ലോകപ്രശസ്തി നേടി കൊടുത്തതാണ് തകഴിയുടെ ‘ചെമ്മീൻ’ എന്ന നോവൽ! മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിലേക്കെത്തിക്കുവാൻ പ്രധാന പങ്കു വഹിച്ചതും ഈ കൃതി തന്നെ. മലയാള സിനിമയിലേയ്ക്ക് ആദ്യമായി പ്രസിഡൻ്റ് ൻ്റെ ‘സ്വർണ്ണ മെഡൽ’ നേടിക്കൊടുത്ത ചലച്ചിത്രമാണ് ചെമ്മീൻ. കടലിൻ്റെ മക്കളായ മുക്കുവരുടെ ജീവിതരീതികളും സ്നേഹവിദ്വേഷങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം തകഴി ഇതിൽ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മുക്കുവ സ്ത്രീകളുടെ ചാരിത്ര്യക്കെപ്പറ്റി അവരുടെ ഇടയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് തകഴി ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്മീൻ ചലച്ചിത്രമായപ്പോൾ അത് ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്തു. അതിലെ കറുത്തമ്മ,പരീക്കുട്ടി, പളനി, ചെമ്പൻകുഞ്ഞ്, ചക്കി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും സജീവമായി മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. തൃക്കുന്നപ്പുഴ, പുറക്കാട് കടൽത്തീരങ്ങളിലെ ജീവിതം, ചെമ്മീൻ എന്ന ചിത്രത്തിലൂടെ തകഴി വരച്ചുകാണിക്കുന്നു.

തിരുവനന്തപുരം സെക്രട്ടറിയേറ്റുമായ ബന്ധപ്പെട്ട കഥാതന്തുവാണ്
‘ഏണിപ്പടികൾ’ എന്ന കൃതിക്ക് ആധാരം. തിരുവിതാംകൂറിലെ രാഷ്ട്രീയ ചരിത്രവും, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥഭരണവും മറ്റും ഇതിൽ വിവരിച്ചിരിക്കുന്നു. തകഴിയുടെ ഏറ്റവും ബ്രഹൃത്തായ നോവലാണ് കയർ ഏതാണ്ട് 250 വർഷത്തെ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിലെ ആറു തലമുറകളുടെ കഥ ആണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്മീൻ, രണ്ടിടങ്ങഴി തുടങ്ങിയ കൃതികൾ വിദേശ ഭാഷകളിലേയ്ക്കും പല ഭാരതീയ ഭാഷകളിലേയ്ക്കും പരിവർത്തനം ചെയ്തിട്ടുണ്ട്. രണ്ടിടങ്ങഴി, ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ എന്നിവ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

‘ഏണിപ്പടികൾ’ ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ചെമ്മീൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി സമ്മാനങ്ങൾ നേടി. ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം അവാർഡ് 1984 ൽ തകഴിക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ തകഴിയിലെ വീടായ ‘ശങ്കരമംഗലം’ സർക്കാർ ഏറ്റെടുത്ത് തകഴി സ്മാരകമായി നിലനിർത്തിയിരിക്കുന്നു.

കേരള സാഹിത്യ അക്കാഡമിയുടെയും, സാഹിത്യപ്രവർ സഹകരണ സംഘത്തിൻ്റെയും പ്രസിഡൻ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലയാള ഭാഷയ്ക്ക് ഒരിക്കലും മറക്കാനാവാത്ത കുട്ടനാടിൻ്റെ കഥാകാരനായ തകഴി ശിവശങ്കരപ്പിള്ള 1999 ഏപ്രിൽ 10 ന് കഥാവശേഷനായി🙏🌹

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕

പ്രഭ ദിനേഷ്❣️✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com