തിരുവനന്തപുരം: കേരളത്തിൽ സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശികമായ ആവശ്യകത വർധിച്ചതും സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും കുത്തനെ ഉയരാൻ കാരണമായി.
22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,240 രൂപയിലെത്തി. ഗ്രാമിന് 14,280 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ്. ആഭരണങ്ങൾ മാത്രം ലഭ്യമാകുന്ന മറ്റ് കാരറ്റുകളിലും വലിയ വിലക്കയറ്റം ദൃശ്യമാണ്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,735 രൂപയും പവന് 93,080 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,135 രൂപ നിരക്കിലും (പവന് 73,080) 9 കാരറ്റ് സ്വർണം ഗ്രാമിന് 5,890 രൂപ നിരക്കിലും (പവന് 47,120) വ്യാപാരം നടക്കുന്നു. എന്നാൽ ഈ താഴ്ന്ന കാരറ്റുകളിൽ സ്വർണ്ണക്കട്ടികളോ കോയിനുകളോ ലഭ്യമാകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് 275 രൂപയായതോടെ പത്ത് ഗ്രാമിന് 2,750 രൂപ നൽകേണ്ടി വരും. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില എത്തിനിൽക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 1,09,240 രൂപയേക്കാൾ 5,000 രൂപയുടെ വർധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പവൻ വിലയിൽ ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ അയവ് വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിലേക്ക് താഴ്ന്നെങ്കിലും, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം ഏറുന്നത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.
ഇന്നത്തെ നിരക്കിൽ ഒരു പവൻ ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഏകദേശം 1.23 ലക്ഷം രൂപയെങ്കിലും കരുതേണ്ടി വരും. വില ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഉചിതമായിരിക്കും. എന്നാൽ ബുക്കിംഗിന് മുൻപായി ജ്വല്ലറികളിലെ വ്യവസ്ഥകൾ കൃത്യമായി ചോദിച്ചറിയണം. കൂടാതെ, ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ പരമാവധി ഇളവുകൾ ചോദിച്ചു വാങ്ങുന്നത് ലാഭം വർധിപ്പിക്കാൻ സഹായിക്കും.



