വിജയത്തിലേക്കുള്ള ചവിട്ടുപടികൾ (യോഹ.15:1-6)
“ഞാൻ മുന്തിരി വള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. ഒരുത്തൻ എന്നി
ലും, ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായിക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴികയില്ല”
(വാ. 5).
പഠനത്തിലായാലും, തൊഴിലിലായാലും, മറ്റേതു കാര്യത്തിലായാലും, നാമെല്ലാം
വിജയം വരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ, ചിലർ വിജയിക്കുന്നു; മറ്റു ചിലർ പരാജയപ്പെടുന്നു. ബാഹ്യമായ പല ഘടകങ്ങളും ഒരു പക്ഷെ കാരണമാകാം? എന്നാൽ, മുഖ്യമായും ഓരോ വ്യക്തിയുമാണ്, തന്റെ പരാജയത്തിന് ഉത്ത
രവാദി. ജീവിതത്തിൽ ഒന്നിനു പുറകെ ഒന്നായി പരാജയം ഏറ്റുവാങ്ങിയ പലരും, പിൽക്കാലത്തു സ്വപരിശ്രമത്താൽ വിജയിച്ചു കയറിയ ചരിത്രവും ധാരാളമാണ്.
അമേരിക്കക്കാരനായ ഹെൻറി കൈസറുടെ ജീവിതം അത്തരത്തിൽ ഒന്നാണ്. തന്റെ ചെറുപ്പകാലത്തു ഒന്നിനും കഴിവില്ലാത്ത കുട്ടി എന്നാണ് അദ്ദേഹത്തെ അറിയാവുന്നവരെല്ലാം തന്നെക്കുറിച്ചു പറഞ്ഞിരുന്നത്.
പതിമ്മൂന്നു വയസ്സള്ളപ്പോൾ താൻ ഒരു ജോലി തേടി ന്യൂയോർക്കിലെത്തി. ആരംഭ ദശയിൽ തൊട്ടതെല്ലാം പരാജയമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ, ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നു താൻ തന്നെ നിശ്ചയിച്ചു. ദൈവ സന്നിധിയിലിരുന്നു സ്വയ വിചിന്തനം നടത്തി തീരുമാനങ്ങൾ എടുത്തു. ദൈവത്തോടൊപ്പം ജീവിതം വിജയമാക്കുമെന്നു താൻ ഉറച്ചു. ഓരോ ജോലിയിലും നേടിയ വിജയം, പുതിയ ജോലികൾ ഏറ്റെടുക്കുവാൻ അദ്ദേഹത്തിനു ഉത്തേജനം നൽകി. അദ്ദേഹത്തി
ന്റെ പേരും പ്രശസ്തിയും വർദ്ധിച്ചു. കൈസർ തൊടുന്നതെല്ലാം പൊന്നാകുമെന്ന ചിന്ത തന്നെ മറ്റുളളവരിൽ വളർന്നു. വാർദ്ധ്യക്യത്തിൽ പോലും , അദ്ദേഹം ഏറെ കർമ്മ നിരതനായിരുന്നു.
തന്റെ ജീവിത വിജയത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം, തികഞ്ഞ വിനയത്തോടെ അദ്ദേഹം പറയുമായിരുന്നു:
“മറ്റുള്ളവർക്കു അനുകരിക്കാൻ ആകാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവർ ഒരിക്കലും പരാജയപ്പെടില്ല!” തന്റെ നിർദ്ദേശങ്ങൾ ഇവയായിരുന്നു:
“ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുക, ആശ്രയിക്കുക; ദൈവത്തോടൊപ്പം
കഠിനാദ്ധ്വാനം ചെയ്യുക; ജോലിയിൽ നിങ്ങളുടെ സകല കഴിവുകളും പൂർണ്ണമായി ഉപയോഗിക്കുക; പ്രതിബന്ധം കണ്ടു പിന്മാറാതെ അവയെ സധൈര്യം തരണം ചെയ്യുക; തോറ്റു പിന്മാറുന്നവനല്ല നിങ്ങൾ എന്നു മറ്റുള്ളവർ അറിയ
ട്ടെ; അവസാന ദിവസമാണ് ഇന്ന് എന്ന ചിന്തയോടെ ഒരോ കാര്യങ്ങളുടെയും നിർവ്വഹണത്തിൽ ശ്രദ്ധിക്കുക; അപ്പോൾ വിജയം സുനിശ്ചിതമായിരിക്കും!”
” എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴികയില്ല” എന്ന ധ്യാന ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ പ്രാണനാഥൻ്റെ വാക്കുകൾ നമുക്കു മറക്കാതിരിക്കാം? ദൈവത്തോടൊപ്പം എല്ലാം സാദ്ധ്യം എന്ന ഉറച്ച വിശ്വാസത്തേടെ പ്രയത്നിക്കാം. വിജയം വരിക്കാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ദൈവകൃപയും കഠിനാദ്ധ്വാനവുമാണ് വിജയത്തിലേക്കുള്ള സുവർണ്ണ
പാതകൾ!



