മുംബൈ: ഐപിഎല്ലിൽ വെടിക്കെട്ട് തീര്‍ക്കുന്ന രാജസ്ഥാന്‍ റെയല്‍സിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. നിലവിൽ ഷഫാലി വർമ്മയുടെ (15 വയസ്, 7 മാസം, 27 ദിവസം) പേരിലുള്ള റെക്കോർഡാണ് വൈഭവിന് സ്വന്തമാകുക.
പതിനാറാം വയസില്‍ പുരുഷ ക്രിക്കറ്റില്‍ അരങ്ങേറിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടവും വൈഭവ് തകര്‍ക്കും.ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 263.16 എന്ന വമ്പൻ പ്രഹരശേഷിയിൽ 200 റൺസാണ് വൈഭവ് ഇതുവരെ നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ലോകോത്തര പേസർ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്.



